ഗുവാഹത്തി: ഐപിഎൽ പത്തൊൻപതാം സീസണിലെ ഗ്ലാമർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-നാണ് മത്സരം. പുതിയ നായകൻ റിയാൻ പരാഗിന് കീഴിൽ തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ തങ്ങളുടെ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈയെയും രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയും വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽസ്.

മറുഭാഗത്ത്, പതിവ് തെറ്റിച്ച് ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും രണ്ടാം പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് മുംബൈ. പനി ബാധിച്ച നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് കളിക്കാനിറങ്ങുമോ എന്നതാണ് മുംബൈ ആരാധകർ ഉറ്റുനോക്കുന്നത്.

രാജസ്ഥാനും മുംബൈയും നേർക്കുനേർ വരുമ്പോൾ കണക്കുകളിൽ നേരിയ മുൻതൂക്കം ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസിനാണ്. ഇതുവരെ ഏറ്റുമുട്ടിയതിൽ 16 തവണ മുംബൈ ജയിച്ചപ്പോൾ 14 തവണയാണ് രാജസ്ഥാൻ വിജയം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിക്കെതിരായ മത്സരം അസുഖം മൂലം നഷ്ടമായ നായകൻ ഹാർദിക് പാണ്ഡ്യ ഇന്ന് മുംബൈ നിരയിൽ തിരിച്ചെത്തുന്നത് ടീമിന് വലിയ കരുത്താകും.

ഇന്നത്തെ മത്സരത്തിൽ ഏവരും ഉറ്റുനോക്കുന്നത് രാജസ്ഥാന്റെ 15-കാരൻ വിസ്മയം വൈഭവ് സൂര്യവംശിയും മുംബൈയുടെ കുന്തമുന ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടത്തിനാണ്. കഴിഞ്ഞ സീസണിലെ നേർക്കുനേർ പോരാട്ടത്തിൽ സൂര്യവംശി പൂജ്യത്തിന് പുറത്തായിരുന്നു. അന്ന് 100 റൺസിന്റെ കൂറ്റൻ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ആ കടം വീട്ടാൻ സൂര്യവംശിക്കിന്ന് സാധിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

ബർസാപര സ്റ്റേഡിയത്തിലെ കണക്കുകൾ പരിശോധിച്ചാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഇവിടെ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീമിന് ജയിക്കാനായത്. പിച്ചിന്റെ സ്വഭാവമനുസരിച്ച് സ്പിന്നർമാർക്ക് മത്സരത്തിൽ ആധിപത്യം ലഭിക്കാൻ സാധ്യതയുണ്ട്. 200-ന് മുകളിലുള്ള സ്കോറുകൾ മാത്രമാകും ഇവിടെ പ്രതിരോധിക്കാൻ സാധിക്കുക.

സാധ്യതാ ഇലവൻ:

രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്‌മെയർ, ഡൊനോവൻ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ.

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, റയാൻ റിക്കൽറ്റൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, നമൻ ധീർ, ഷെർഫാൻ റുഥർഫോർഡ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മിച്ചൽ സാന്റ്നർ, ശാർദുൽ താക്കൂർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.

മത്സരം നടക്കാനിരിക്കുന്ന ഗുവാഹത്തിയിൽ മഴ ഭീഷണിയുണ്ടെന്ന് അക്യുവെതർ പ്രവചിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 49 മുതൽ 55 ശതമാനം വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനത്തിന് ഇതൊരു വലിയ പരീക്ഷണമാകും.

എങ്കിലും ക്രിക്കറ്റ് പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമുണ്ട്. വൈകിട്ട് ഏഴ് മണി മുതൽ 11 മണി വരെയുള്ള മത്സരസമയത്ത് മഴ പെയ്യാൻ പത്ത് ശതമാനം മാത്രമേ സാധ്യതയുള്ളൂ. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും തിങ്കളാഴ്ച ഈഡൻ ഗാർഡൻസിൽ സംഭവിച്ചതുപോലെ മത്സരം പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. മികച്ച ട്വന്റി20 താരങ്ങൾ അണിനിരക്കുന്ന പോരാട്ടത്തിന് ഗുവാഹത്തിയിലെ കാലാവസ്ഥ തടസ്സമാവില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.