ധാക്ക: ടി20 ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റുകൾ വീഴ്ത്തുന്ന പേസറെന്ന റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സ് ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് 30 വയസ്സുകാരനായ ഇടംകൈയൻ പേസർ ഈ ചരിത്രനേട്ടം കുറിച്ചത്. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ സിയാൽഹെറ്റ് ടൈറ്റൻസിനെതിരായ മത്സരത്തിൽ രംഗ്പുർ റൈഡേഴ്സിനായി കളിക്കുമ്പോൾ 4 ഓവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടിയാണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

ഇത് താരത്തിന്റെ 315-ാം ടി20 മത്സരമായിരുന്നു. നിലവിൽ 315 മത്സരങ്ങളിൽ നിന്ന് 402 വിക്കറ്റുകളാണ് മുസ്തഫിസുർ വീഴ്ത്തിയിട്ടുള്ളത്. ആറ് തവണ 4 വിക്കറ്റ് നേട്ടവും നാല് തവണ 5 വിക്കറ്റ് നേട്ടവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ബിസിസിഐയുടെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സ് മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്നാണ് താരത്തെ ഒഴിവാക്കാൻ ബിസിസിഐ നിർദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഡിസംബറിൽ നടന്ന ഐപിഎൽ മിനി താര ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരോടു മത്സരിച്ചാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. ഈ ഐപിഎൽ സീസണിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഏക ബംഗ്ലാദേശ് താരവുമായിരുന്നു മുസ്തഫിസുർ. എന്നാൽ അദ്ദേഹത്തിന്റെ ഐപിഎൽ പങ്കാളിത്തം അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു.