ദുബായ്: ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകത്ത് രാഷ്ട്രീയ-കായിക പോര് മുറുകുന്നു. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയ ബിസിസിഐയുടെ നടപടിയാണ് ലോകകപ്പിന്റെ താളം തെറ്റിച്ചതായി മുൻ ഐസിസി കമ്മ്യൂണിക്കേഷൻസ് മേധാവി സമി ഉൾ ഹസൻ ബർണി കുറ്റപ്പെടുത്തി. ഈ മാസം ഏഴിന് തുടങ്ങേണ്ട ടൂർണമെന്റിൽ നിന്ന് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ബംഗ്ലാദേശ് പിന്മാറിയതിന് പിന്നാലെ, ഫെബ്രുവരി 15-ന് നടക്കേണ്ട ഇന്ത്യ-പാക് മത്സരത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാനും തീരുമാനിച്ചു.

മുസ്തഫിസുറിനെ പുറത്താക്കിയ കാര്യം പരസ്യമായി പ്രഖ്യാപിക്കാതെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് താരത്തെ റിലീസ് ചെയ്യാൻ ബിസിസിഐക്ക് ആവശ്യപ്പെടാമായിരുന്നുവെന്ന് ബർണി പറഞ്ഞു. ബിസിസിഐ കുറച്ചുകൂടി നയതന്ത്രപരമായി ഇടപെട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ജനുവരി 3-ന് ബിസിസിഐ നടത്തിയ ആ പരസ്യപ്രഖ്യാപനമാണ് കാര്യങ്ങൾ വഷളാക്കിയതെന്നും അദ്ദേഹം പിടിഐയോട് സംസാരിക്കവേ വ്യക്തമാക്കി.

ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസി തയ്യാറാകാത്തതിനെ 'ഇരട്ടത്താപ്പ്' എന്നാണ് പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി വിശേഷിപ്പിക്കുന്നത്. 2024 നവംബറിൽ പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കാൻ ഇന്ത്യൻ സർക്കാർ വിസമ്മതിച്ചപ്പോൾ ഐസിസി സ്വീകരിച്ച അതേ നിലപാടല്ല ഇപ്പോൾ ബംഗ്ലാദേശിന്റെ കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഇന്ത്യക്കെതിരായ മത്സരം പാക്കിസ്ഥാൻ ഉപേക്ഷിക്കുന്നത് സാമ്പത്തികമായി വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ബ്രോഡ്കാസ്റ്റർമാരുടെ നഷ്ടം ഉൾപ്പെടെ 250 ദശലക്ഷം ഡോളറിന്റെ ആഘാതമാണ് ഈ ഒരൊറ്റ മത്സരം നടക്കാതിരുന്നാൽ ഉണ്ടാവുക. പിസിബിയുടെ വാർഷിക വരുമാനത്തേക്കാൾ (35.5 ദശലക്ഷം ഡോളർ) വളരെ വലിയ തുകയാണിത്. എന്നാൽ കഴിഞ്ഞ 20 വർഷമായി ഇന്ത്യയുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കാതെ തന്നെ പാക്കിസ്ഥാൻ ക്രിക്കറ്റ് അതിജീവിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഐസിസി ഏർപ്പെടുത്തിയേക്കാവുന്ന സാമ്പത്തിക ഉപരോധങ്ങളെ ഭയക്കുന്നില്ലെന്നും ബർണി കൂട്ടിച്ചേർത്തു.