- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ട് തുറക്കും മുന്‍പേ ഓപ്പണര്‍മാര്‍ പുറത്ത്; ഒരു റണ്‍സിന് മൂന്ന് വിക്കറ്റ്; എട്ടുപേര്‍ രണ്ടക്കം കാണാതെ പുറത്ത്; ഒടുവില്‍ 91 റണ്‍സിന് ഓള്‍ഔട്ട്; ന്യൂസീലന്‍ഡിനോട് വമ്പന്‍ തോല്‍വി; 'തല' മാറിയിട്ടും തോല്‍വിയുടെ തലവര മാറാതെ പാക്കിസ്ഥാന്; പിന്നാതെ 'ട്രോള്‍ മഴ'
ക്യാപ്റ്റന്‍ മാറിയിട്ടും തോല്‍വി തുടര്‍ന്ന് പാക്കിസ്ഥാന്
ക്രൈസ്റ്റ്ചര്‍ച്ച്: സ്വന്തം മണ്ണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായ പാക്കിസ്ഥാന്‍ ടീമിന് ന്യൂസീലന്‍ഡ് പര്യടനത്തിലും ദയനീയ തോല്‍വിയോടെ തുടക്കം. പുതിയ നായകന്റെ കീഴില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര കനത്ത തോല്‍വിയാണ് വഴങ്ങിയത്. കിവികള്‍ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 18.4 ഓവറില്‍ 91 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡ് 10.1 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പാക് നിരയില്‍ എട്ടുപേര്‍ രണ്ടക്കംപോലും കടക്കാതെയാണ് മടങ്ങിയത്. 32 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായും 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 17 റണ്‍സ് നേടിയ ജഹന്‍ദാദ് ഖാനും ആണ് പ്രധാന സ്‌കോറര്‍മാര്‍.
നാലുവിക്കറ്റ് നേടിയ ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റ് പിഴുത കൈല്‍ ജമീസണുമാണ് പാക്കിസ്ഥാനെ തകര്‍ത്തത്. സിഫര്‍ട്ടും (44), ഫിന്‍ അലനും (29*) ടിം റോബിന്‍സണും (18) ചേര്‍ന്ന് ന്യൂസീലന്‍ഡിന് വിജയമൊരുക്കി. അഞ്ചോവര്‍ പൂര്‍ത്തിയാവുന്നതിന് മുന്നേ 11 റണ്‍സിനിടെ ആദ്യ നാലുപേര്‍ മടങ്ങിയതാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. 11 റണ്‍സെടുക്കുന്നതിനിടെ തന്നെ അവസാനത്തെ നാലുപേരും മടങ്ങിയതോടെ പാക്കിസ്ഥാന്റെ കഥകഴിഞ്ഞു. ന്യൂസീലന്‍ഡ് മണ്ണില്‍ പാക്കിസ്ഥാന്റെ ഏറ്റവും വലിയ ടി20 പരാജയമാണിത്.
തല മാറിയിട്ടും തലവര മാറിയില്ല
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്യാപ്റ്റനെയും മുന്‍ ക്യാപ്റ്റനെയും പുറത്താക്കി 'പുതിയ മുഖ'വുമായാണ് ന്യൂസീലന്‍ഡ് പര്യടനത്തിന് പാക്കിസ്ഥാന്‍ ടീം യാത്രതിരിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍, മുന്‍ ക്യാപ്റ്റന്‍ കൂടിയായ സൂപ്പര്‍താരം ബാബര്‍ അസം എന്നിവരെ പുറത്താക്കി സല്‍മാന്‍ ആഗയുടെ നേതൃത്വത്തില്‍ താരതമ്യേന പുതിയ താരനിരയുമായാണ് പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിന് എത്തിയത്.
30 പന്തില്‍ മൂന്നു സിക്‌സറുകളുടെ അകമ്പടിയോടെ 32 റണ്‍സെടുത്ത ഖുഷ്ദില്‍ ഷായാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഷായെ ഒറ്റ റണ്ണില്‍ നില്‍ക്കെ ടിം സീഫര്‍ട്ട് കൈവിട്ടത് പാക്കിസ്ഥാന് രക്ഷയായി. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ 20 പന്തില്‍ രണ്ടു ഫോറുകളോടെ 18 റണ്‍സും ജഹന്‍ദാദ് ഖാന്‍ 17 പന്തില്‍ ഒരു സിക്‌സര്‍ സഹിതം 17 റണ്‍സും നേടി. മറ്റാര്‍ക്കും രണ്ടക്കത്തിലെത്താനായില്ല.
അക്കൗണ്ട് തുറക്കും മുന്‍പേ ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടമായ പാക്കിസ്ഥാന്റെ തുടക്കം തന്നെ അതി ദയനീയമായിരുന്നു. ആറു പന്തു നേരിട്ട് അക്കൗണ്ട് തുറക്കാനാകാതെ മുഹമ്മദ് ഹാരിസ്, രണ്ടു പന്തു നേരിട്ട ഹസന്‍ നവാസ് എന്നിവരാണ് സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ പവലിയനില്‍ തിരിച്ചെത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ഉള്ളപ്പോള്‍ ഇര്‍ഫാന്‍ ഖാനും മടങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍ എന്ന നിലയിലായി പാക്കിസ്ഥാന്‍.
11 റണ്‍സില്‍ എത്തുമ്പോഴേയ്ക്കും ഷതബ് ഖാനും (ആറു പന്തില്‍ മൂന്ന്) പുറത്തായെങ്കിലും, അഞ്ചാം വിക്കറ്റില്‍ 39 പന്തില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഖുഷ്ദില്‍ ഷാ സല്‍മാന്‍ ആഗ സഖ്യമാണ് പാക്കിസ്ഥാനെ വന്‍ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. അബ്ദുല്‍ സമദ് (12 പന്തില്‍ ഏഴ്), ഷഹീന്‍ അഫ്രീദി (എട്ടു പന്തില്‍ ഒന്ന്), അബ്രാര്‍ അഹമ്മദ് (നാലു പന്തില്‍ രണ്ട്) എന്നിവരും നിരാശപ്പെടുത്തി.
ന്യൂസീലന്‍ഡിനായി ജേക്കബ് ഡുഫി 3.4 ഓവറില്‍ 14 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കൈല്‍ ജെയ്മിസന്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ സഹിതം എട്ടു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ഇഷ് സോധി നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സകാരി ഫോല്‍ക്‌സ് 3 ഓവറില്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
പാക്കിസ്ഥാന്‍ ടീമിന് ട്രോള്‍ മഴ
1996-നുശേഷം പാക്കിസ്ഥാന് ആദ്യമായി വന്ന ഐസിസി ടൂര്‍ണമെന്റായിരുന്നു ചാമ്പ്യന്‍സ് ട്രോഫി. അതിന്റെ ആരവവും ആവേശവുമെല്ലാം അവിടത്തെ ജനതയ്ക്കുണ്ടായിരുന്നു. പക്ഷേ, അവരെ പ്രതിനിധാനം ചെയ്ത ടീമിന് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരംപോലും ജയിക്കാനാവാതെ രാജ്യം പുറത്താവുന്നത് സ്വന്തം നാട്ടുകാര്‍ക്ക് നോക്കിയിരിക്കേണ്ടിവന്നു. ആദ്യം ന്യൂസീലന്‍ഡിനോടും പിന്നെ ഇന്ത്യയോടും തോറ്റ പാകിസ്താന് അവസാന മത്സരത്തില്‍ നേരിടേണ്ടിയിരുന്നത് ബംഗ്ലാദേശിനെയായിരുന്നു. മഴ കാരണം മത്സരം ഉപേക്ഷിച്ചതോടെ ഒരു ജയംപോലും സാധ്യമായില്ല.
തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ടീം ഏറ്റുവാങ്ങി. പിന്നാലെ ഇന്ന് ആരംഭിച്ച ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മറ്റൊരു ടീമിനെത്തന്നെ ഒരുക്കി എന്നു പറയാം. ബാബര്‍ അസം ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞ് അബ്ദുല്‍ സമദ്, ഹസന്‍ നവാസ്, മുഹമ്മദ് അലി എന്നീ മൂന്ന് അരങ്ങേറ്റക്കാര്‍ക്ക് അവസരം നല്‍കി. ഈ മൂന്നുപേര്‍ക്കും തിളങ്ങാനായില്ല. സല്‍മാന്‍ ആഗയെ ക്യാപ്റ്റനാക്കി യുവാക്കളെ അണിനിരത്തിയിട്ടും തോല്‍വി തുടര്‍ന്നു.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍, സൂപ്പര്‍താരം ബാബര്‍ അസം എന്നിവരെ ഉള്‍പ്പെടെ പുറത്താക്കി സമ്പൂര്‍ണമായി അഴിച്ചുപണിത ടീമുമായാണ് പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിന് എത്തിയത്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ പൂര്‍ണമായി പരാജയപ്പെട്ട് 91 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍, ഒന്‍പതു വിക്കറ്റിനാണ് തോറ്റത്. 18.4 ഓവര്‍ ബാറ്റു ചെയ്ത് പാക്കിസ്ഥാന്‍ നേടിയ 91 റണ്‍സ്, വെറും 61 പന്തിലാണ് ന്യൂസീലന്‍ഡ് താരങ്ങള്‍ മറികടന്നത്.
ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഉന്നമിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിച്ചത്. പാക്കിസ്ഥാന്‍ മാധ്യമങ്ങളും ആരാധകരും ന്യൂസീലന്‍ഡിന്റെ പ്രധാന താരങ്ങള്‍ ഈ പരമ്പരയേക്കാള്‍ ഐപിഎലിനു പ്രാധാന്യം നല്‍കുന്നതിനെ വിമര്‍ശിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ട്രോളുകള്‍. മൈക്കല്‍ ബ്രേസ്്വെല്‍ നയിക്കുന്ന അവരുടെ രണ്ടാം നിരയെ ആദ്യം തോല്‍പ്പിക്കൂ എന്നാണ് ട്രോള്‍.
'ആരാധകരെ അധികം കാത്തിരുത്താതെ മത്സരം അവസാനിപ്പിച്ച'തിന് പാക്കിസ്ഥാന്‍ ടീമിന് നന്ദി അറിയിച്ചുകൊണ്ടുള്ള ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഇതാണ് പാക്കിസ്ഥാന്റെ 'നിര്‍ഭയ പ്രകടനം' എന്നാണ് മറ്റൊരു ട്രോള്‍. 2.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഒറ്റ റണ്‍ മാത്രം നേടിയതു ചൂണ്ടിക്കാട്ടിയാണ് ഈ ട്രോള്‍.
'പാക്കിസ്ഥാന്‍ ടീമിനെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ യാത്ര ചെയ്യിച്ച് ന്യൂസീലന്‍ഡിലേക്ക് പോകാന്‍ നിര്‍ബന്ധിച്ച ഐസിസിയാണ് ഈ തോല്‍വിയുടെ കാരണക്കാര്‍' എന്നാണ് മറ്റൊരു ട്രോള്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായില്‍ത്തന്നെ കളിച്ചപ്പോള്‍, മറ്റു ടീമുകള്‍ക്ക് സ്ഥിരമായി യാത്ര ചെയ്യേണ്ടി വന്നുവെന്ന വാദത്തെ പരിഹസിച്ചായിരുന്നു ഈ ട്രോള്‍.