- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യൻസുമായി ട്രേഡ് ചെയ്യാനുള്ള കളിക്കാരാരും ഞങ്ങൾക്കില്ല; രോഹിത്തിനുവേണ്ടി ടീമിനെ സമീപിച്ചിട്ടില്ലെന്ന് ചെന്നൈ സിഇഒ; ക്യാപ്റ്റൻസി മാറ്റം ഇത്രത്തോളം വൈകാരികമാവേണ്ടതില്ലെന്ന് മുംബൈ ഇന്ത്യൻസ് കോച്ച് മാർക്ക് ബൗച്ചർ
മുംബൈ: പുതിയ ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിന്റെ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ട്രേഡിംഗിലൂടെ മുംബൈലെത്തിയ ഹാർദിക് പാണ്ഡ്യയെ നായകനാക്കിയതോടെ ടീമിനുള്ളിൽ പടലപ്പിണക്കവും അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഹാർദ്ദിക്കിന്റെ നായകസ്ഥാനത്തിന് കീഴിൽ കളിക്കാൻ താൽപര്യമില്ലെന്ന് സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുമ്ര തുടങ്ങിയവർ പരസ്യമായി വ്യക്തമാക്കുകയും ചെയ്തതോടെ ടീം അധികൃതരും പ്രതിസന്ധിയിലാണ്.
ഇതിനിടെ രോഹിത് ശർമ്മയെ ട്രേഡ് വിൻഡോയിലൂടെ സ്വന്തമാക്കാൻ പ്രമുഖ ടീമുകൾ ശ്രമിക്കുന്നുവെന്ന തരത്തിൽ ചർച്ചകൾ സജീവമായിരുന്നു. ഹാർദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതിന് പിന്നാലെ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്നും ചെന്നൈ സൂപ്പർ കിങ്സ് അടക്കമുള്ള ടീമുകൾ രോഹിത്തിനായി സമീപിച്ചിട്ടുണ്ടെന്നും വാർത്തകൾ പുറത്തുവരികയും ചെയ്തു. എന്നാൽ അഭ്യൂഹങ്ങളോട് ആദ്യമായി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ.
ചെന്നൈ ടീം ട്രേഡിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. മുംബൈ ഇന്ത്യൻസുമായി ട്രേഡ് ചെയ്യാനുള്ള കളിക്കാരാരും ഞങ്ങൾക്കില്ല. അതുകൊണ്ട് തന്നെ ഞങ്ങളവരെ സമീപിക്കുകയോ അതിന് തയ്യാറെടുക്കുയോ ചെയ്യുന്നില്ല. കാശി വിശ്വനാഥൻ പറഞ്ഞു.
അതേസമയം, ഐപിഎൽ ലേലത്തിനുശേഷം രോഹിത്തിന്റെ കാര്യത്തിൽ മുംബൈ ഇന്ത്യൻസ് നടത്തിയ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ടീമിനകത്തും ഗ്രൗണ്ടിലും രോഹിത് ശർമയുടെ സാന്നിധ്യം ടീമിന് അനിവാര്യമാണെന്നും അടുത്ത തലമുറയെ വാർത്തെടുക്കാൻ മുംബൈ ടീമിന്റെ അവിഭാജ്യഘടകമായി രോഹിത് ഉണ്ടാവുമെന്നും ടീം ഡയറക്ടറായ മഹേല ജയവർധനെ പറഞ്ഞു.
ഐപിഎല്ലിൽ മൂന്ന് വർഷമായി കിരീടം നേടിയിട്ടില്ലാത്ത മുംബൈ ഇന്ത്യൻ ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കിയതിലൂടെ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. വിമർശകരുടെ വായടപ്പിക്കാൻ വ്യക്തിപരമായി ഹാർദ്ദിക്കിനും മുംബൈ കിരീടം നേടേണ്ടത് അനിവാര്യമാണ്. ഈ സീസണിൽ മോശം പ്രകടനം നടത്തിയാൽ ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമായിരിക്കില്ലെന്നാണ് കരുതുന്നത്.
ഇപ്പോൾ രോഹിത്തിനെ മാറ്റാനുണ്ടായ സാഹചര്യത്തോട് പ്രതികരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് മാർക്ക് ബൗച്ചർ. നേതൃമാറ്റത്തെ കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് ബൗച്ചർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ... ''ഇതൊരു പരിവർത്തന ഘട്ടമായിട്ട് മാത്രമാണ് കരുതുന്നത്. ഇക്കാര്യത്തിൽ ചില ടീമംഗങ്ങളുമായും ഫ്രാഞ്ചൈസി നേതൃത്വവുമായും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റാണ്, മുബൈ ഇന്ത്യൻസ് കുതിപ്പ് തുടരണം. മുംബൈക്ക് വേണ്ടി വലിയ പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ്. അദ്ദേഹം എല്ലാവർക്കും പ്രിയപ്പെട്ടവനാണ്. എന്നാൽ പുതിയ ക്യാപ്റ്റനുമായി മുന്നോട്ട് പോകേണ്ടതുണ്ട്. മാറ്റത്തിൽ ഇത്രത്തോളം വൈകാരികമാവേണ്ടതില്ല.'' ബൗച്ചർ പറഞ്ഞു.
സോഷ്യൽ മീഡിയ ചർച്ചകളെ കുറിച്ചും ബൗച്ചർ പറഞ്ഞു. ''ക്യാപ്റ്റൻസി മാറ്റം മികച്ച രീതിയിൽ ഞങ്ങൾ കൈകാര്യം ചെയ്തുവെന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയ ചർച്ചകളെയൊന്നും ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. അതെല്ലാം പുറത്തുള്ള കാര്യങ്ങളാണ്. അതിനെ കുറിച്ച ഞാനൊന്നും പറയുന്നില്ല. എല്ലാവരുടെയും വികാരങ്ങൾ ഞങ്ങൾ മനസിലാക്കുന്നു. എന്നാൽ ഇത് മാറ്റത്തിന്റെ സമയമാണ്. മുന്നോട്ട് പോകാനുള്ള തീരുമാനം ഞങ്ങളെടുത്തതാണ്.'' ബൗച്ചർ കൂട്ടിചേർത്തു.
സ്പോർട്സ് ഡെസ്ക്