- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജ; നാല് വിക്കറ്റുമായി വാഷിങ്ടന്‍ സുന്ദറും; വാംഖഡെയില്‍ ന്യൂസിലന്‍ഡിനെ കറക്കി വീഴ്ത്തി ഇന്ത്യ; മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 235 റണ്‍സിന് പുറത്ത്
ന്യൂസീലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 235 റണ്‍സിന് ഓള്‍ഔട്ട്
മുംബൈ: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡ് 235 റണ്‍സിനു പുറത്ത്. അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയും നാല് വിക്കറ്റുമായി വാഷിങ്ടന്‍ സുന്ദറും തകര്‍ത്തെറിഞ്ഞപ്പോള്‍ 65.4 ഓവറില്‍ കിവീസ് കറങ്ങി വീണു. ആദ്യ രണ്ട് ടെസ്റ്റിലും തോല്‍വി നേരിട്ടതോടെ അഭിമാന പോരാട്ടത്തിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കിവീസിനെ ആദ്യ ദിനം ഓള്‍ഔട്ടാക്കാനായത് നിര്‍ണായകമായി.
129 പന്തില്‍ 82 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. വില്‍ യങ്ങും (138 പന്തില്‍ 71) അര്‍ധ സെഞ്ചറി തികച്ചു. ഡെവോണ്‍ കോണ്‍വെ (11 പന്തില്‍ നാല്), ടോം ലാഥം (44 പന്തില്‍ 28), രചിന്‍ രവീന്ദ്ര (12 പന്തില്‍ അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (28 പന്തില്‍ 17), ഇഷ് സോധി (19 പന്തില്‍ ഏഴ്), മാറ്റ് ഹെന്റി (പൂജ്യം), അജാസ് പട്ടേല്‍ (16 പന്തില്‍ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലന്‍ഡ് താരങ്ങളുടെ സ്‌കോറുകള്‍.
72 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വില്‍ യങ് കിവീസിന്റെ രക്ഷകനാകുകയായിരുന്നു. 28.1 ഓവറില്‍ ന്യൂസീലന്‍ഡ് 100 പിന്നിട്ടു. വില്‍ യങ്ങിന്റെ പുറത്താകലിനു പിന്നാലെ അര്‍ധ സെഞ്ചറി തികച്ച് ഡാരില്‍ മിച്ചലും അവസരത്തിനൊത്ത് ഉയര്‍ന്നു. വാലറ്റം പ്രതിരോധങ്ങളില്ലാതെ കീഴടങ്ങിയതോടെ ന്യൂസീലന്‍ഡ് ചെറിയ സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു.
ആദ്യ രണ്ടു കളികളും ജയിച്ച ന്യൂസീലന്‍ഡ് നേരത്തേ പരമ്പര ഉറപ്പിച്ചിരുന്നു. അവസാന മത്സരം പിടിച്ച് വൈറ്റ് വാഷ് ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരന്‍.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ 'കറക്കി വീഴ്ത്തിയ' മിച്ചല്‍ സാന്റ്‌നര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെന്റിക്കും ന്യൂസീലന്‍ഡ് അവസരം നല്‍കി.