ജൊഹാനസ്ബര്‍ഗ്: ട്വന്റി 20 ലോകകപ്പ് കിരീട നേട്ടമടക്കം ഈ വര്‍ഷം കളിച്ച 26 മത്സരങ്ങളില്‍ 25 വിജയം പൂര്‍ത്തിയാക്കിയാണ് 2024 ഇന്ത്യ ആധികാരികമായി മുന്നേറിയത്. ലോകകപ്പ് ഫൈനലില്‍ പ്രോട്ടീസ് നിരയെ വീഴ്ത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ നാല് മത്സരങ്ങളുടെ 3 - 1ന് സ്വന്തമാക്കിയതും ശ്രദ്ധേയമാണ്. നായകന്‍ സൂര്യകുമാര്‍ യാദവും സംഘവും മൂന്ന് മത്സരങ്ങളിലും കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. പ്രോട്ടീസിനെ ഇന്ത്യ വീഴ്ത്തുന്നതില്‍ നിര്‍ണായകമായതാകട്ടെ പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ നിര്‍ണായകമായ പിന്തുണയും.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കി വി വി എസ് ലക്ഷ്മണ്‍ കൂടെ നിന്നതോടെ യുവതാരങ്ങള്‍ക്ക് അടക്കം മികച്ച പ്രകടനം നടത്താനായി. പരമ്പരയില്‍ രണ്ട് തവണ ഡക്കായിട്ടും ഓപ്പണര്‍ സ്ഥാനത്ത് തുടരാന്‍ സഞ്ജു സാംസണിനെ അനുവദിച്ചതും മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാന്‍ തിലക് വര്‍മയ്ക്ക് അനുമതി നല്‍കിയതുമടക്കം പരിശീലകന്‍ എന്ന നിലയില്‍ വിവിഎസിന്റെ ഇടപെടലുകള്‍ നിര്‍ണായകമായി. രണ്ടാം പേസറായ ആവേശ് ഖാനെ പിന്‍വലിച്ച് മൂന്നാം മത്സരത്തില്‍ ഓള്‍റൗണ്ടറായ രമണ്‍ദീപ് സിംഗിന് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയതും ലക്ഷ്മണിന്റെ ഇടപെടലായിരുന്നു. ഓരോ താരങ്ങള്‍ക്കും അവരുടെ മികവിന് അനുസരിച്ചുള്ള പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം നല്‍കി സൂര്യകുമാറിന് പൂര്‍ണ പിന്തുണ നല്‍കിയാണ് വിവിഎസ് ഒപ്പം നിന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടും അഭിഷേക് ശര്‍മയ്ക്ക് ഓപ്പണിംഗില്‍ തുടരാനും മോശം പ്രകടനം തുടര്‍ന്നിട്ടും റിങ്കു സിംഗിന് ആത്മവിശ്വാസം പകര്‍ന്ന് വിവിഎസ് ഒപ്പം നിന്നു.

അതേ സമയം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ രണ്ട് സെഞ്ച്വറികളടക്കം മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ സ്ഥിരം ട്വന്റി 20 ഓപണറായി തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വരും മത്സരങ്ങളില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസന്റെ സ്ഥാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര വിജയത്തിന് ശേഷം നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് മലയാളി ആരാധകരുടെ ഏറ്റവും വലിയ ആകാംക്ഷയെ കുറിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മനസുതുറന്നത്.

ഇപ്പോള്‍ വിജയത്തെക്കുറിച്ച് മാത്രമാണ് തന്റെ മനസ് നിറയെ എന്നും ഭാവിയിലെ ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷനുകളെക്കുറിച്ച് പിന്നീട് ചിന്തിക്കാമെന്നുമാണ് സൂര്യ പറഞ്ഞത്. ടി20 ഫോര്‍മാറ്റില്‍ സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഓപണിംഗ് തുടരുമോ എന്ന ചോദ്യത്തിന് അത് സെലക്ടര്‍മാരും ബിസിസിഐയും തീരുമാനിക്കേണ്ട കാര്യമാണെന്നും സൂര്യ മറുപടി പറഞ്ഞു.

'ഞാന്‍ അത്രയും ദൂരത്തേക്ക് ചിന്തിച്ചിട്ടില്ല. ഈ നിമിഷത്തില്‍ ജീവിക്കാനാണ് എനിക്കിഷ്ടം. ഇപ്പോള്‍ പരമ്പര വിജയം ആസ്വദിക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ പരിശീലകരോടൊപ്പം ഇരുന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ടീമില്‍ നിന്ന് ആരെ ഒഴിവാക്കണമെന്ന തീരുമാനമെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പക്ഷേ അത് വളരെ ആരോഗ്യപരമായ ഒരു തലവേദനയാണ്. നിങ്ങള്‍ക്ക് 20-25 മികച്ച കളിക്കാരും, അവരില്‍ നിന്ന് 10-15 കളിക്കാരുടെ ഒരു ടീമുമാണ് ഉണ്ടാക്കേണ്ടതെങ്കില്‍ അത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. എനിക്കും ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കും ആ തലവേദനയുണ്ട് എന്നത് മറ്റൊരു തരത്തില്‍ ഭാഗ്യമാണ്', സൂര്യകുമാര്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം സെഞ്ചുറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ പ്രതികരിച്ചത്. ഇന്നലെ ഇന്ത്യന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയായതിന് പിന്നാലെ ബ്രോഡ്കാസ്റ്റര്‍മാരോട് സംസാരിക്കുമ്പോഴായിരുന്നു സഞ്ജു സെഞ്ചുറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയത്.

ജീവിതത്തില്‍ എനിക്ക് ഒട്ടേറെ പരാജയങ്ങളുണ്ടായിട്ടുണ്ട്. അടുപ്പിച്ച് രണ്ട് സെഞ്ചുറി അടിച്ചശേഷം അടുപ്പിച്ച് രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായി. അപ്പോഴും ഞാനെന്റെ കഴിവില്‍ മാത്രമാണ് വിശ്വസിച്ചത്. മികച്ച പ്രകടനം നടത്താനായി കഠിനാധ്വാനം ചെയ്തു. അതിന് ഇന്ന് ഫലമുണ്ടായി. തുടര്‍ച്ചയായി രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായതോടെ ഒട്ടേറെ ചിന്തകളാണ് എന്റെ തലയിലൂടെ കടന്നുപോയത്. ഇന്ന് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആദ്യം അഭിഷേക് ശര്‍മയും പിന്നീട് തിലക് വര്‍മയും എന്നെ ഏറെ സഹായിച്ചു. തിലക് വര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായി.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമാണവന്‍. അവനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായതില്‍ സന്തോഷമുണ്ട്. സെഞ്ചുറിയെക്കുറിച്ച് ഞാനധികം സംസാരിക്കുന്നില്ല. കാരണം, കഴിഞ്ഞ തവണ സെഞ്ചുറി നേടിയപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അതിന് പിന്നാലെ ഞാന്‍ രണ്ട് കളികളില്‍ ഡക്ക് ആയി. അതുകൊണ്ട് തന്നെ എനിക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ ലളിതമായി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്തായാലും ഇത്തരമൊരു പ്രകടനമായിരുന്നു ക്യാപ്റ്റനും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത്. അത് നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ഈ വര്‍ഷം ടി20യോട് വിജയത്തോടെ വിടചൊല്ലി. ഈ വര്‍ഷം കളിച്ച 26 മത്സരങ്ങളില്‍ 25 വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോകകപ്പിലെ അപരാജിത കിരീട നേട്ടവും ഇതിലുള്‍പ്പെടുന്നു. ഇനി അടുത്തവര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ മിന്നും പ്രകടനത്തോടെ സഞ്ജുവും തിലക് വര്‍മയും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം ഉറപ്പാക്കി കഴിഞ്ഞു.