പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനോട് മൂന്ന് മത്സരങ്ങളുടെ പരമ്പര കൈവിട്ട ഇന്ത്യക്ക് പെര്‍ത്തിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുമായി. പെര്‍ത്തിലെ 295 റണ്‍സ് ജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 15 ടെസ്റ്റില്‍ ഒമ്പത് ജയവും അഞ്ച് തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ 110 പോയന്റും 61.110 പോയന്റ് ശതമാനവുമായാണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ നാണക്കേടുമായാണ് ഇന്ത്യ ഓസ്ത്രേലിയയിലേക്ക് പറന്നത്. ആദ്യ ടെസ്റ്റ് നടക്കുന്നത് ആതിഥേയരുടെ ഭാഗ്യഗ്രൗണ്ടായ പെര്‍ത്തില്‍. കളിക്ക് മുന്‍പെ ഇന്ത്യക്ക് ആശങ്കയായി ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക്. രോഹിത് ശര്‍മയില്ലാത്തതിനാല്‍ ഇറങ്ങിയത് വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്ക് കീഴില്‍. ഒടുവില്‍ എല്ലാ പ്രതിസന്ധിയും അതിജീവിച്ച് പെര്‍ത്തില്‍ ഓസീസിനെതിരെ ചരിത്ര വിജയം. റണ്‍സ് വ്യത്യാസത്തില്‍ ഇന്ത്യ ഓസ്ത്രേലിയക്കെതിരെ നേടുന്ന വലിയ വിജയമായി പെര്‍ത്തിലേത്.

കളിക്ക് മുന്‍പെ വാഗ്വാവും പോര്‍വിളിയുമായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി അഥവാ ബിജിടി ത്രില്ലര്‍ സിനിമയ്ക്ക് സമാനമായിരുന്നു. ടെസ്റ്റ് ആരംഭിച്ചതോടെ ആവേശം പാരമ്യത്തിലെത്തി. ആദ്യ കൊമ്പുകോര്‍ത്തത് മുഹമ്മദ് സിറാജും-മാര്‍നസ് ലബുഷെയ്‌നും. അധിക പ്രതിരോധത്തിന്റെ മാളത്തിലൊളിച്ച് ഇന്ത്യന്‍ പേസര്‍മാരെ വെല്ലുവിളിച്ച ലബുഷെയ്നെ വീഴ്ത്തി സിറാജിന്റെ കംബാക്ക്. പിന്നീട് വെടിപൊടിച്ചത് ഓസീസ് പ്രീമിയം പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബാറ്റ് ചെയ്യുന്നതിനിടെ ഹര്‍ഷിത് റാണയോട് ''ഏറിന് വേഗം പോരെന്നും എന്റെ സ്പീഡ് അറിയാമല്ലോയെന്നും മറുപടി''. സ്റ്റാര്‍ക്കിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യന്‍ യുവതാരം യശസ്വി ജയ്സ്വാള്‍. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ച ജയ്സ്വാള്‍ ഒരുവേള സ്റ്റാര്‍ക്കിനോട് പന്തിന് വേഗം പോരെന്ന കമന്റാണ് നല്‍കിയത്.

കൊണ്ടുംകൊടുത്തും മുന്നേറിയ ബിജെടി ടെസ്റ്റിന്റെ നാലാംദിനത്തിലും വാഗ്വാദത്തിന് കുറവുണ്ടായില്ല. ഇത്തവണ ഹര്‍ഷിത് റാണയും ട്രാവിസ് ഹെഡ്ഡുമായിരുന്നു കഥാപാത്രങ്ങള്‍. ഇന്ത്യന്‍ വിജയത്തെ നീട്ടികൊണ്ടുപോയി ക്രീസില്‍ തുടര്‍ന്ന ഹെഡ്ഡ് തുടരെ ബൗണ്ടറിയുമായി ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. '' മികച്ച ബൗളര്‍മാരെ നിങ്ങള്‍ നേരിട്ടിട്ടില്ല''യെന്നായിരുന്നു റാണയുടെ കമന്റ്. ഇതിന് മറുപടിയായി കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനല്‍ ഓര്‍മിപ്പിച്ചായിരുന്നു ഓസീസ് താരം തിരിച്ചടിച്ചത് . അമിത ആത്മവിശ്വാസത്തില്‍ ബാറ്റുവീശിയ ഹെഡ്ഡിനെ മികച്ചൊരു ലെങ്ത് ബോളില്‍ പുറത്താക്കി ബുറയുടെ തിരിച്ചുവരവ്. പതിവില്ലാത്തവിധമാണ് ഈ വിക്കറ്റ്നേട്ടം ബുമ്ര ആഘോഷിച്ചത്. കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ ഓര്‍മിപ്പിച്ചുള്ള ഹെഡ്ഡിനുള്ള കൃത്യമായി മറുപടി. പരസ്പര വാഗ്വാദങ്ങളും പോരാട്ടചൂടും ഇവിടെ അവസാനിക്കില്ല. ഡിസംബര്‍ ആറിന് അഡ്ലൈഡില്‍ ഡേ-നൈറ്റ് പിങ്ക് ടെസ്റ്റില്‍ ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

അതേ സമയം പെര്‍ത്തിലെ തോല്‍വിയോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി. തോല്‍വിയോടെ ഓസ്‌ട്രേലിയക്ക് 13 കളികളില്‍ എട്ട് ജയവും നാലു തോല്‍വിയും 90 പോയന്റും 57.690 പോയന്റ് ശതമാനവുമാണുള്ളത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ഇന്ത്യ പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ പെര്‍ത്തിലെ ജയത്തോടെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പാക്കാമായിരുന്നു. പെര്‍ത്തില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയെങ്കിലും മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് പരമ്പരയിലെ നാലു കളികളിലെങ്കിലും ജയിക്കുകയും ഒരു മത്സരം സമനിലയാക്കുകയും വേണം.

60 പോയന്റും 55.560 പോയന്റ് ശതമാനവുമായി ശ്രീലങ്ക ഓസ്‌ട്രേലിയക്ക് തൊട്ടുപിന്നിലുണ്ട്. 72 പോയന്റും 54.550 പോയന്റ് ശതമാനവുമുള്ള ന്യൂസിലന്‍ഡ് നാലാമതും 52 പോയന്റും 54.170 പോയന്റ് ശതമാനവുമായി ദക്ഷിണാഫ്രിക്ക അഞ്ചാമതുമാണ്. ശ്രീലങ്ക ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും കളിക്കുന്നുണ്ട്. ഈ പരമ്പരയുടെ ഫലങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.