കാന്‍ബറ: അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായി ടീം ഇന്ത്യ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി കാന്‍ബറയില്‍ ഏറ്റുമുട്ടുകയാണ്. ദ്വിദിന മത്സരമാണ് നിശ്ചയിച്ചതെങ്കിലും മഴയില്‍ ആദ്യദിനം പൂര്‍ണമായി നഷ്ടമായതോടെ ഏകദിന പരിശീലന മത്സരമായി ചുരുക്കുകയായിരുന്നു. ഈ മത്സരത്തില്‍ വിക്കറ്റ് കീപ്പറായി അരങ്ങേറിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാന്‍.

മത്സരത്തില്‍ ടോസ് നേടിയി ഇന്ത്യ പ്രൈം മിനിസ്റ്റേഴ്‌സ ഇലവനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ 240 റണ്‍സിന് ഓള്‍ഔട്ടായി. മഴ കാരണം 46 ഓവറായി ചുരുക്കിയ മത്സരത്തില്‍ 43.2 ഓവറിലാണ് അവരുടെ ഇന്നിങ്‌സിന് തിരശ്ശീല വീണത്. ബാറ്റിംഗ് തകര്‍ച്ചയിലും പിടിച്ചുനിന്നു പൊരുതി സെഞ്ചുറി നേടിയ ഓപ്പണര്‍ സാം കോണ്‍സ്റ്റാസാണ് ടീമിന്റെ രക്ഷകനായത്. മറുപടി ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവില്‍ 19 ഓവറില്‍ ഒരു വിക്കറ്റിന് 81 റണ്‍സ് എന്ന നിലയിലാണ്.

ഡേ നൈറ്റ് പരിശീലന മത്സരത്തിന്റെ തുടക്കത്തില്‍ ഋഷഭ് പന്ത് തന്നെയാണ് ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ആകാശ് ദീപിന്റെ പന്തില്‍ ജെയ്ഡന്‍ ഗുഡ്വിനെ ക്യാച്ചെടുത്ത് പുറത്താക്കിയതും ഋഷഭ് പന്ത് ആയിരുന്നു. എന്നാല്‍ ഇടക്കുവെച്ച് ഋഷഭ് പന്ത് ഗ്രൗണ്ട് വിട്ടപ്പോള്‍ പകരം വിക്കറ്റ് കീപ്പറായി എത്തിയത് സര്‍ഫറാസ് ഖാനായിരുന്നു. കെ എല്‍ രാഹുല്‍ ടീമിലുണ്ടായിട്ടും സര്‍ഫറാസിനെ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചത് കൗതുകമായി. ആഭ്യന്തര ക്രിക്കറ്റില്‍ പോലും വല്ലപ്പോഴും മാത്രമാണ് സര്‍ഫറാസ് വിക്കറ്റ് കീപ്പറായി നിന്നിട്ടുള്ളത്. ഏതാനും ഐപിഎല്‍ മത്സരങ്ങളിലും ഡല്‍ഹി ക്യാപിറ്റല്‍സിനായി സര്‍ഫറാസ് വിക്കറ്റ് കീപ്പറായിട്ടുണ്ട്.

സര്‍ഫറാസ് കീപ്പറായി അരങ്ങേറിയതിന് പിന്നാലെ രസകരമായ നിമിഷത്തിനും ആരാധകര്‍ സാക്ഷ്യവഹിച്ചു. 23-ാം ഓവറില്‍ ഹര്‍ഷിത് റാണ എറിഞ്ഞ പന്ത് വിക്കറ്റിന് പിന്നില്‍ കൈയിലൊതുക്കാന്‍ പാടുപെട്ട സര്‍ഫറാസിന്റെ കൈയില്‍ നിന്ന് പന്ത് ചോര്‍ന്ന് താഴെ വീണിരുന്നു. ഈ സമയം ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ സര്‍ഫറാസിന്റെ പിന്നാലെയെത്തി നിലത്തുവീണ പന്തെടുക്കാനായി കുനിഞ്ഞ സര്‍ഫറാസിന്റെ മുതുകത്ത് തമാശയായി ഇടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ക്യാപ്റ്റന്റെ ഇടിയെ ചിരിയോടെയാണ് സര്‍ഫറാസ് നേരിട്ടത്.

വെള്ളിയാഴ്ച മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡില്‍ തുടങ്ങുന്നത്. പരമ്പരയിലെ ഏക ഡെ നൈറ്റ് ടെസ്റ്റ് കൂടിയാണിത്. ഇതിന് മുന്നോടിയായാണ് ഇന്ത്യ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി പിങ്ക് ബോളില്‍ ദ്വിദിന പരിശീലന മത്സരം കളിക്കുന്നത്. പരിശീലന മത്സരത്തിന്റെ ആദ്യദനം മഴമൂലം പൂര്‍ണമായും നഷ്ടമായതിനാല്‍ രണ്ടാം ദിനം 50 ഓവര്‍ വീതമുള്ള ഏകദിന മത്സരമായാണ് നടക്കുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 295 റണ്‍സ് വിജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്.