കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദ്വിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനം പൂര്‍ണമായും മഴ കൊണ്ടുപോയതിനാല്‍ രണ്ടാം ദിനം 46 ഓവര്‍ വീതമുള്ള ഏകദിന മത്സരമാണ് നടന്നത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്റെ സെഞ്ചുറിയുടെയും ഹാനോ ജേക്കബ്‌സിന്റ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 46 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സില്‍ പുറത്തായി. ഇന്ത്യ 46 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സെടുത്തു (റിട്ടയേര്‍ട്ട് ഹര്‍ട്ട്). ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (45), നിതീഷ് കുമാര്‍ റെഡ്ഡി (42), കെഎല്‍ രാഹുല്‍ (27 റിട്ടയേര്‍ട്ട് ഹര്‍ട്ട്), രവീന്ദ്ര ജഡേജ (27), വാഷിങ്ടന്‍ സുന്ദര്‍ (പുറത്താകാതെ 42) എന്നിവരെല്ലാം ബാറ്റിങില്‍ തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ബാറ്റിംഗില്‍ തിളങ്ങാനായില്ല. 11 പന്തില്‍ 3 റണ്‍സുമായി രോഹിത് മടങ്ങി.

ഇന്ത്യക്കായി വിരാട് കോലിയും റിഷഭ് പന്തും ധ്രുവ് ജുറെലും അഭിമന്യു ഈശ്വരനും ബാറ്റിംഗിനിറങ്ങിയില്ല. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പിങ്ക് പന്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുന്നത്. അതിനാലാണ് പരിശീലന മത്സരം പിങ്ക് പന്തിലാക്കിയത്. മത്സരത്തില്‍ കെ എല്‍ രാഹുലിന് വേണ്ടി ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്ത നായകന്‍ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ മധ്യനിരയില്‍ ബാറ്റിംഗിന് ഇറങ്ങാനാണ് സാധ്യത. പരിക്കുമാറി ശുഭ്മാന്‍ ഗില്ലും തിരികെയെത്തുന്നതോടെ മലയാളി താരം ദേവദത്ത് പടിക്കലും ധ്രുവ് ജുറെലും പുറത്തായേക്കും.

ഹര്‍ഷിത് റാണയുടെ മിന്നും ബൗളിങാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ 240ല്‍ ഒതുക്കിയത്. താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അകാശ് ദീപ് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനായി ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് സെഞ്ച്വറി നേടി. താരം 107 റണ്‍സെടുത്തു. വാലറ്റത്ത് ഹന്നോ ജേക്കബ്‌സ് അര്‍ധ സെഞ്ച്വറി നേടി. 60 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. 40 റണ്‍സെടുത്ത ജാക്ക് ക്ലൈറ്റനാണ് തിളങ്ങിയ മറ്റൊരു താരം.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്