കാന്‍ബറ: അഡ്ലെയ്ഡില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ടെസ്റ്റിന് മുമ്പ് ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായി ഇന്നലെ നടന്ന പിങ്ക് ബോള്‍ പരിശീലന മത്സരത്തില്‍ ഇന്ത്യ ജയച്ചതോടെ ആത്മവിശ്വാസത്തിലാണ് രോഹിതും സംഘവും.

എന്നാല്‍ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ടീം ഇന്ത്യയില്‍ നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ മലയാളി താരം ദേവദത്ത് പടിക്കലിനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനും സ്ഥാനം നഷ്ടമായേക്കും. അതിനിടെ ഇന്ത്യന്‍ നിരയില്‍ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സര്‍ഫറാസ് ഖാനും മാത്രമായിരുന്നു. രോഹിത് മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ സര്‍ഫറാസ് ഒരു റണ്ണെടുത്ത് മടങ്ങിയിരുന്നു.

സ്പിന്നര്‍ ജാക് ക്ലേയ്ട്ടന്റെ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ബാറ്റുവെച്ച സര്‍ഫറാസിനെ വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പ്പര്‍ പിടികൂടിയാണ് പുറത്താക്കിയത്. ഇതിന് പിന്നാലെ ഡഗ് ഔട്ടിലിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുഖത്തുണ്ടായ നിരാശ കമന്റേറ്റര്‍മാരെയും ആരാധകരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി.

സര്‍ഫറാസിന്റെ വിക്കറ്റ് വീണതോടെ നിരാശയോടെ മുഖം പൊത്തി കുനിഞ്ഞിരിക്കുന്ന രോഹിത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചിരിച്ചത്. ഒപ്പം കമന്റേറ്റര്‍മാര്‍ രോഹിത് പൊട്ടിക്കരയുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും ക്യാപ്റ്റന്റെ മുഖത്ത് വന്ന ഭാവം എന്താണെന്ന് വീഡിയോയില്‍ കാണാനാവില്ല.ഒടുവില്‍ രോഹിത് പൊട്ടിച്ചിരിക്കുകയാണെന്നായിരുന്നു കമന്റേറ്റര്‍മാരുടെ നിഗമനം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി എട്ടാമനായാണ് സര്‍ഫറാസ് ക്രീസിലെത്തിയത്. നാലു പന്തുകള്‍ മാത്രം നേരിട്ട സര്‍ഫറാസ് ഒരു റണ്ണുമായി ജാക്ക് ക്ലെയ്റ്റന്റെ പന്തില്‍ പുറത്തായി.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 44ാം ഓവറിലാണ് സര്‍ഫറാസ് പുറത്തായത്. ഈ സമയം വാഷിങ്ടന്‍ സുന്ദറായിരുന്നു സര്‍ഫറാസിനൊപ്പം ക്രീസില്‍. ഇതിനിടെ ഇന്ത്യന്‍ ഇന്നിങ്‌സിന് വേഗം കൂട്ടാന്‍ ഡഗ്ഔട്ടില്‍നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിര്‍ദ്ദേശം നല്‍കി.

ഇതിനു ശേഷം മൂന്നു പന്തു പിന്നിടുമ്പോഴാണ് സര്‍ഫറാസ് നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്. ക്ലെയ്റ്റന്റെ പന്ത് ലെഗ് സൈഡിയിലേക്ക് കളിക്കാനുള്ള സര്‍ഫറാസിന്റെ ശ്രമം പാളി. താരത്തിന്റെ ബാറ്റിലുരഞ്ഞ് പന്ത് നേരെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി.

ഉടന്‍തന്നെ അംപയര്‍ ഔട്ട് നല്‍കിയതോടെ പന്ത് ബാറ്റില്‍ത്തട്ടിയിരുന്നോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ഫറാസ് കുറച്ചുനേരം ക്രീസില്‍നിന്നു. അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്യുന്ന ഡിആര്‍എസ് സംവിധാനം പരിശീലന മത്സരത്തില്‍ ലഭ്യമല്ലാത്തതിനാല്‍ സര്‍ഫറാസ് ഡഗ്ഔട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് സര്‍ഫറാസ് പുറത്തായ സമയത്ത് രോഹിത് മുഖംപൊത്തി കുനിഞ്ഞിരിക്കുന്നത് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

ഇതോടെ രോഹിത് കരയുകയാണോ ചിരിക്കുകയാണോ എന്ന സംശയം കമന്റേറ്റര്‍മാര്‍ തന്നെ ഉന്നയിച്ചു. ചിരിക്കുകയാണെന്നാണ് തോന്നുന്നതെന്ന് അവര്‍ തന്നെ പരസ്പരം പറയുന്നുമുണ്ടായിരുന്നു. അതേസമയം, പന്ത് സര്‍ഫറാസിന്റെ ബാറ്റില്‍ സ്പര്‍ശിച്ചിരുന്നില്ലെന്ന വാദവുമായി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തി.

ഇന്നലെ നടന്ന മത്സരത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി നേടി. യശസ്വി ജയ്‌സ്വാള്‍ 45ഉം നിതീഷ് റെഡ്ഡിയും വാഷിംഗ്ടണ്‍ സുന്ദറും 42ഉം റണ്‍സ് വീതമെടുത്തു. രവീന്ദ്ര ജഡേജ 27 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി ബാറ്റിംഗിനിറങ്ങിയില്ല. വെള്ളിയാഴ്ച അഡ്ലെയ്ഡിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ്. ഡേ-നൈറ്റ് ടെസ്റ്റ് മത്സരമാണിത്.