ഇസ്ലാമാബാദ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള തീരുമാനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടുകളെ വിമര്‍ശിച്ച് മുന്‍ പാക് താരം. വനിതാ ലോകകപ്പിന്റെ ആതിഥേയത്വം പാകിസ്ഥാന് നല്‍കുമെന്ന ഐസിസിയുടെ വാഗ്ദാനം ചൂണ്ടിക്കാട്ടിയാണ് മുന്‍ പാക് താരം ബാസിത് അലിയുടെ വിമര്‍ശനം.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ഇന്ത്യ, ആതിഥേയരായ പാകിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചതോടെ ഹൈബ്രിഡ് മോഡലില്‍ മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലായിരിക്കും നടക്കുക. ഈ മാസാവസരാനം ചേരുന്ന ഐസിസി യോഗത്തില്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും.

2027 വരെയുള്ള കാലയളവിലെ ഐസിസി ടൂര്‍ണമെന്റുകളിലെ എല്ലാ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളും ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന പാക് ബോര്‍ഡിന്റെ ആവശ്യവും ഐസിസി തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ 2026ല്‍ ഇന്ത്യ വേദിയാവുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാവും. എന്നാല്‍ പാകിസ്ഥാനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഐസിസി പല അടവുകളും പയറ്റുമെന്നും അതില്‍ വീഴരുതെന്നുമാണ് മുന്‍ പാക് താരം ബാസിത് അലി പിസിബിക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഇപ്പോള്‍ പറയുന്നത് 2027 അല്ലെങ്കില്‍ 2028 വര്‍ഷങ്ങളില്‍ പാകിസ്ഥാന് വനിതാ ലോകകപ്പ് നല്‍കുമെന്നാണ്. അപ്പോള്‍ എല്ലാവരും പറയും, മഹത്തരമായ കാര്യമെന്ന്. എന്നാല്‍ ഇത്തരം വാഗ്ദാനങ്ങളുടെ അര്‍ത്ഥമെന്താണ്? 2026ല്‍ ടി20 ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്കും പിന്നീട് ഇന്ത്യന്‍ വനിതാ ടീം പിന്നീട് പാക്കിസ്ഥാനിലേക്കും വരാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇത് ശരിക്കും കോലുമിഠായി തന്നെ മോഹിപ്പിക്കുകയാണ്. ഐസിസി പിസിബിക്ക് നല്‍കുന്ന കോലുമിഠായി.'' ബാസിസ് പറഞ്ഞു.

എന്നാല്‍ അതിന് സമ്മതിക്കരുതെന്നും ബാസിത് വ്യക്തമാക്കി. ''വനിതാ ലോകകപ്പ് പാകിസ്ഥാന് ഒരു പ്രയോജനവും ചെയ്യില്ല. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിന് വേണ്ടി പാകിസ്ഥാന്‍ ശ്രമിക്കണം. പിസിബി ഇത് ആവശ്യപ്പെടണം. വനിതാ ലോകകപ്പോ അണ്ടര്‍ 19 ലോകകപ്പോ ആതിഥേയത്വം വഹിക്കുന്നത് കൊണ്ട് പിസിബിക്ക് പ്രയോജനം ലഭിക്കില്ല. പിസിബി ഈ കോലുമിഠായി വാഗ്ദാനത്തില്‍ വീഴരുത്.'' ബാസിത് വ്യക്തമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതലാണ് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് തുടങ്ങുന്നത്. മാര്‍ച്ച് ഒന്നിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.