ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ച പിന്നിട്ട് ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യന്‍ ടീം അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു.

നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ മുന്‍നിര ബാറ്റര്‍മാര്‍ വീണതോടെ ഇന്ത്യ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ കെ എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും പത്താംവിക്കറ്റില്‍ വീരോചിത ചെറുത്തുനില്‍പ്പ് നടത്തിയ ജസ്പ്രിത് ബുമ്ര- ആകാശ് ദീപ് സഖ്യത്തിന്റെ ബാറ്റിങാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത്. മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നില്‍ ഇതോടെ തുറന്നു കിട്ടി.

ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയപ്പോള്‍ ഡ്രസിങ് റൂമിലെയും ഗ്രൗണ്ടിലെയും ഇന്ത്യന്‍ ടീമിന്റെ ആഘോഷവും ശ്രദ്ധേയമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരുടെ ആഘോഷമാണ് ശ്രദ്ധേയമായത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓസീസ് പാറ്റ് കമിന്‍സിനെ തേര്‍ഡ്മാന് മുകളിലൂടെ കട്ട് ചെയ്ത് ബൗണ്ടറി അടിച്ചാണ് ആകാശ് ദീപ് ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ ഫോളോ ഓണ്‍ ഒഴിവാക്കിയത്. 246 റണ്‍സായിരുന്നു ഇന്ത്യക്ക് ഓണ്‍ ഒഴിവാക്കാന്‍ വേണ്ടിയിരുന്നത്. സ്‌കോര്‍ 213ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ പുറത്തായതോടെ ഇന്ത്യ ഫോളോ ഓണ്‍ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ മികച്ച പ്രതിരോധവുമായി ക്രീസില്‍ നിന്ന ആകാശ് ദീപും കട്ട സപ്പോര്‍ട്ട് നല്‍കിയ ബുമ്രയും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 39 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ഫോളോ ഓണ്‍ ഒഴിവാക്കി. ഇതോടെ ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് സമനില പ്രതീക്ഷയായി.

കമിന്‍സിനെതിരെ ആകാശ് ദീപ് ബൗണ്ടറി നേടി ഇന്ത്യന്‍ സ്‌കോര്‍ 246ല്‍ എത്തിച്ചതോടെ ആവേശത്തോടെ സീറ്റില്‍ നീന്ന് ചാടിയെഴുന്നേറ്റ വിരാട് കോലി കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കൈ കൊടുത്തു. ഗംഭീറും സീറ്റില്‍ നിന്നെഴുന്നേറ്റ് മുഷ്ടിചുരുട്ടി ആവേശം പങ്കുവെച്ചു. തൊട്ടുപിന്നാലെ കമിന്‍സിനെതിരെ ആകാശ് ദീപ് പടുകൂറ്റന്‍ സിക്‌സ് പറത്തിയതോടെ ആവേശത്തോടെ വീണ്ടും ചാടിയെഴുന്നേറ്റ കോലി പന്ത് എവിടെയാണ് വീഴുന്നതെന്ന് നോക്കി ചിരിക്കുന്നതും കാണാമായിരുന്നു.

പിരിയാത്ത പത്താം വിക്കറ്റില്‍ ബുമ്ര- ആകാശ് സഖ്യം 39 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുയര്‍ത്തിയാണ് പ്രതിരോധം തീര്‍ത്തത്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇരുവരും പുറത്താകാതെ നില്‍ക്കുന്നു. നിലവില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 445 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യ നിലവില്‍ 193 റണ്‍സ് പിന്നിലാണ്. 27 റണ്‍സുമായി ആകാശ് ദീപും 10 റണ്‍സുമായി ബുംറയും നില്‍ക്കുന്നു.

നാല് വിക്കറ്റിന് 54 റണ്‍സ് എന്ന സ്‌കോറില്‍ നാലാം ദിനം തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായതോടെ കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ടീം സ്‌കോര്‍ 141ല്‍ എത്തിയപ്പോള്‍ 84 റണ്‍സെടുത്ത രാഹുലും മടങ്ങി. ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും(16) ചേര്‍ന്ന് പോരാട്ടം തുടര്‍ന്നെങ്കിലും സ്‌കോര്‍ 194 ല്‍ നില്‍ക്കെ നിതീഷ് റെഡ്ഡിയും 201 ല്‍ മുഹമ്മദ് സിറാജും 213ല്‍ ജഡേജയും വീണതോടെയാണ് ഇന്ത്യ ഫോളോ ഓണിന് അരികിലെത്തിയത്. നാലാം ദിനത്തിലെ കളി കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് കയറിവന്ന ആകാശ് ദീപിനെയും ബുമ്രയെയും ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് കൈയടികളോടെയാണ് ഡ്രസ്സിംഗ് റൂമിലേക്ക് പറഞ്ഞയച്ചത്.