മെല്‍ബണ്‍: ഗവാസ്‌കര്‍ - ബോര്‍ഡര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീമിനൊപ്പം മെല്‍ബണിലെത്തിയപ്പോള്‍ കുടുംബവുമൊത്തുള്ള വീഡിയോ ചിത്രീകരിച്ച ഓസ്‌ട്രേലിയന്‍ വനിതാ റിപ്പോര്‍ട്ടറെ ശകാരിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. മെല്‍ബണ്‍ വിമാനത്തവാളത്തില്‍ വിമാനമിറങ്ങി പുറത്തേക്ക് പോകുമ്പോഴാണ് മാധ്യമ പ്രവര്‍ത്തക കോലിയുടെയും കുടുംബത്തിന്റെയും വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. കോലിക്കും ഭാര്യ അനുഷ്‌കയ്ക്കും ഒപ്പം രണ്ട് മകളും കൂടെയുണ്ടായിരുന്നു.

വിഡീയോ ചിത്രീകരിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയുടെ അടുത്തെത്തി, കുട്ടികള്‍ക്കൊപ്പം പോകുമ്പോള്‍ എനിക്ക് സ്വകാര്യതവേണം, എന്നോട് അനുവാദം മേടിക്കാതെ നിങ്ങള്‍ക്ക് വിഡീയോ ചിത്രീകരിക്കാനാവില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ടിവി റിപ്പോര്‍ട്ടറുടെ അടുത്തേക്ക് പോയി കോലി ദേഷ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ ഓസ്‌ട്രേലിയന്‍ പേസര്‍ സ്‌കോട് ബോളണ്ടിന്റെ അഭിമുഖം എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകയോടാണ് കോലി ദേഷ്യപ്പെട്ടതെന്നും ബോളണ്ട് മാധ്യമങ്ങളോട് സംസാരിക്കവെ അവിടെയെത്തിയ കോലി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാധ്യമങ്ങളോട് സംസാരിച്ച് ബോളണ്ട് മടങ്ങാനൊരുങ്ങുമ്പോഴാണ് കോലി അവിടെയെത്തിയത്. ഈ സമയം ക്യാമറകള്‍ തനിക്കുനേരെ തിരിഞ്ഞപ്പോള്‍ കോലി ദേഷ്യപ്പെടുകയായിരുന്നുവെന്നും വെറും തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു ഇതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയ കോലി പക്ഷെ അടുത്ത രണ്ട് ടെസ്റ്റുകളിലും നിറം മങ്ങിയതോടെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റ് വെച്ച് ക്യാച്ച് നല്‍കി പുറത്താവുന്ന കോലിയുടെ സ്ഥിരം രീതിക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

മക്കളുമായി സഞ്ചരിക്കുമ്പോള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ മുമ്പും കോലി ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 26നാണ് ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഓരോ മത്സരം വീതം ജയിച്ച ഇന്ത്യയും ഓസ്‌ട്രേലിയും 1-1 തുല്യത പാലിക്കുകയാണ്.