ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്്‌ട്രേലിയന്‍ പര്യടനത്തിനിടെ തന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നില്‍ നിരന്തരമായ അപമാനിക്കപ്പെടലും കാരണമായിട്ടുണ്ടാകാമെന്ന പിതാവിന്റെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി ആര്‍. അശ്വിന്‍. 'എന്റെ അച്ഛന്‍ മാധ്യമ പരിശീലനം നേടിയിട്ടില്ല' എന്ന് വിശദീകരിച്ച അശ്വിന്‍ 'ഏയ് അച്ഛാ, എന്താ ഇതെല്ലാം' എന്ന് തമാശരൂപേണ എക്സിലൂടെ ചോദിച്ചു.

'അച്ഛന്റെ പ്രസ്താവനകളെ നിങ്ങള്‍ ഇത്രയും ഗൗരവമായി കണക്കിലെടുക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹത്തോട് ക്ഷമിക്കാനും അദ്ദേഹത്തെ വെറുതെ വിടാനും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,' ടെലിവിഷന്‍ അവതാരകനും കമന്റേറ്ററുമായ സുമനാഥ് രാമന്‍ എന്നയാളുടെ ട്വീറ്റിനുള്ള പ്രതികരണമായി അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. അശ്വിന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെ ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അശ്വിന്റെ പിതാവ് രവിചന്ദ്രന്റെ പ്രതികരണം.

'വിരമിക്കല്‍ തീരുമാനം അവന്റേതാണ്. എനിക്ക് അതില്‍ ഇടപെടാന്‍ കഴിയില്ല, പക്ഷേ അദ്ദേഹം ചെയ്ത രീതിക്ക് നിരവധി കാരണങ്ങളുണ്ടാകാം. അശ്വിന് മാത്രമേ അറിയൂ, ഒരുപക്ഷേ അപമാനവുമായിരിക്കാം. കുടുംബത്തെ സംബന്ധിച്ചിടത്തോളം വികാരാധീതരാണ്. കാരണം അദ്ദേഹം 14-15 വര്‍ഷമായി കളിക്കളത്തിലായിരുന്നു. പെട്ടെന്നുള്ള മാറ്റവും വിരമിക്കല്‍ പ്രഖ്യാപനവും ഞങ്ങള്‍ക്ക് ശരിക്കും ഒരു ഞെട്ടല്‍ നല്‍കി. അതേ സമയം, അപമാനം നേരിട്ടിരുന്നതിനാല്‍ ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരുന്നു. ഇവയെല്ലാം എത്രനാള്‍ സഹിക്കും?', അവന്‍ സ്വന്തമായി ആ തീരുമാനം എടുക്കുകയായിരുന്നുവെന്നും അശ്വിന്റെ പിതാവ് അഭിമുഖത്തില്‍ പറഞ്ഞു.

''ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു. കാരണം അദ്ദേഹം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എത്ര കാലം അദ്ദേഹത്തിന് ഇത് സഹിക്കാന്‍ സാധിക്കും?.'' അശ്വിന്റെ പിതാവ് രവിചന്ദ്രന്‍ ചോദിച്ചു. ബുധനാഴ്ച ബ്രിസ്‌ബെയ്‌നില്‍വച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച അശ്വിന്‍, തൊട്ടടുത്ത ദിവസം തന്നെ ചെന്നൈയിലെത്തിയിരുന്നു. താരത്തെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആരാധകരാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.

13 വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ വിഭാഗത്തിന്റെ നെടുംതൂണായിരുന്ന ആര്‍. അശ്വിന്‍ കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രിസ്ബേനില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞശേഷം അപ്രതീക്ഷിതമായാണ് മുപ്പത്തെട്ടുകാരനായ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.