നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 60 റണ്‍സിന്റെ മിന്നും ജയത്തോടെ പരമ്പര. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 217 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടീമിലെ നാല് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.

'ഫയറാ'യി ആളിക്കത്തിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. 47 ബോളില്‍ 77 റണ്‍സാണ് സ്മൃതി അടിച്ചുകൂട്ടിയത്. സ്മൃതി മന്ഥാനയ്ക്ക് പുറമെ റിച്ച ഘോഷും അര്‍ധസെഞ്ച്വറി നേടി. 21 പന്തില്‍ 54 റണ്‍സാണ് റിച്ച നേടിയത്. ജമീമ റോഡ്രിങ്സ് 39 റണ്‍സും രാഘവി ബിഷ്ട് 30 റണ്‍സും നേടി. ബൗളിങ് നിരയില്‍ രാധാ യാദവ് നാല് വിക്കറ്റുകളും രേണുക സിങ്, സജീവന്‍ സജ്ന, ടിറ്റാസ് സാധു, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് തുടക്കം അത്ര നന്നായില്ല. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ ക്വിയനാ ജോസഫ് (11) പുറത്തായി. മലയാളി താരം സജന സജീവനാണ് വിക്കറ്റെടുത്തത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ക്യാപ്റ്റന്‍ ഹെയ്ലി മാത്യൂസിന് (22) തിളങ്ങാനായില്ല. ചിന്‍ലെ ഹെന്റി (43)യാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ദിയേന്‍ഡ്രാ ഡോട്ടിന്‍ (25), ഷെമെയ്ന്‍ കാംപെല്‍ (17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നെരിസ ക്രാഫ്റ്റണ്‍ (9), അലിയാ അല്ലെയ്നെ (6), ഷാബിക് ജനാബി (3), സെയ്ദാ ജെയിംസ് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഫി ഫ്ളെച്ചര്‍ (5), കരിഷ്മ റാംഹരാക്ക് (3) പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ആദ്യ ഓവറില്‍ തന്നെ ഉമ ഛേത്രിയുടെ (0) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് സ്മൃതി - ജമീമ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജമീമ, അഫി ഫ്ളെച്ചറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ ബിസ്റ്റ്, മന്ദാനയ്ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍, സ്മൃതിയെ ദിയേന്ദ്ര ഡോട്ടിന്‍ (77) മടക്കി. 47 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു സിക്സും 13 ഫോറും നേടി. തുടര്‍ന്നായിന്നു റിച്ചയുടെ വെടിക്കെട്ട്. ബിസ്റ്റിനൊപ്പം 80 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് റിച്ച മടങ്ങുന്നത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്സും മൂന്ന് ഫോറും നേടി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് റിച്ച മടങ്ങുന്നത്. അവസാന പന്ത് നേരിടാനെത്തിയ മലയാളി താരം സജന സജീവന്‍ ബൗണ്ടറി പായിക്കുകയായിരുന്നു. രാഘ്വി ഒരു സിക്സും രണ്ട് ഫോറും നേടി.