മെല്‍ബണ്‍: ഏതൊരു ബാറ്ററും കൊതിക്കുന്ന അരങ്ങേറ്റ ഇന്നിംഗ്‌സുമായി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വരവറിയിച്ച് ഓസ്ട്രേലിയയുടെ 19കാരന്‍ സാം കോണ്‍സ്റ്റാസ്. ഇന്ത്യക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ 60 റണ്‍സാണ് താരം നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ താരം 65 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് ചേര്‍ത്ത ശേഷം രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

19 വയസുകാരനായ പയ്യന്‍ ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളറായ ജസ്പ്രീത് ബുമ്രയെ ന്യൂ ബോളില്‍ തന്നെ റിവേഴ്സ് റാംപ് ഷോട്ടിലൂടെ സിക്സറിന് പറത്തുന്ന കാഴ്ച മെല്‍ബണിലെ കാണികളെ തെല്ലൊന്നുമല്ല രസിപ്പിച്ചത്. ഈ സീരീസില്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളറാണ് ബുമ്ര. ആ ബുമ്രയെ ലവലേശം ഭയമില്ലാതെ അനായാസമായാണ് കോണ്‍സ്റ്റാസ് നേരിട്ടത്. ഇതോടെ ടെസ്റ്റില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സിക്സ് വഴങ്ങേണ്ടിയും വന്നു ബുമ്രയ്ക്ക്, ഒന്നല്ല രണ്ട് എണ്ണം.

മൂന്ന് വര്‍ഷവും 4483 പന്തുകള്‍ക്കും ശേഷമാണ് ടെസ്റ്റില്‍ ബുമ്ര ഒരു സിക്സ് വഴങ്ങുന്നത്. 2021-ല്‍ സിഡ്നി ടെസ്റ്റിനിടെ കാമറൂണ്‍ ഗ്രീനാണ് ബുംറയ്ക്കെതിരേ അവസാനം സിക്സ് നേടുന്നത്. അതിനു ശേഷം പിന്നീട് ആര്‍ക്കും ബുംറയെറിഞ്ഞ ചുവന്ന തുകല്‍പ്പന്ത് ഗാലറിയിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മെല്‍ബണില്‍ കോണ്‍സ്റ്റാസ് അത് തിരുത്തി.

ബുംറ എറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്താണ് കോണ്‍സ്റ്റാസ് ആദ്യം സിക്സറിന് പറത്തിയത്. രണ്ട് ഫോറുകള്‍ കൂടി നേടിയ താരം 14 റണ്‍സാണ് ആ ഓവറില്‍ അടിച്ചെടുത്തത്. തുടര്‍ന്ന് ബുമ്ര എറിഞ്ഞ 11-ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 18 റണ്‍സും കോണ്‍സ്റ്റാസ് അടിച്ചെടുത്തു. 65 പന്തില്‍ രണ്ടു സിക്സും ആറു ഫോറുമടക്കം 60 റണ്‍സെടുത്ത താരത്തെ ഒടുവില്‍ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ക്രീസില്‍ നില്‍ക്കുന്ന സമയം മുഴുവന്‍ ഇന്ത്യന്‍ ബൗളര്‍മാരെ വട്ടം കറക്കുകയായിരുന്നു കോണ്‍സ്റ്റാസ്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിരുന്നു. 19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്.