സിഡ്‌നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ക്കിടെ വിരാട് കോലിയും ജസ്പ്രീത് ബുമ്രയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇന്ത്യന്‍ താരങ്ങളെ പലവട്ടം സ്ലെഡ്ജ് ചെയ്ത് വിവാദത്തിലുമായ സാം കോണ്‍സ്റ്റാസിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍. മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റിങ്ങിനിടെയാണ് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഓസീസ് യുവതാരത്തെ യശസ്വി ജയ്‌സ്വാള്‍ ചൊറിഞ്ഞത്. ഹിന്ദിയിലായിരുന്നു ജയ്‌സ്വാളിന്റെ പരിഹാസം. പന്തൊന്നും കാണാന്‍ വയ്യേയെന്ന് ജയ്‌സ്വാള്‍ കോണ്‍സ്റ്റാസിനോടു ചോദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഓസ്‌ട്രേലിയന്‍ താരത്തിന്റെ പേരും പരിഹാസ രൂപത്തില്‍ 'കോന്റാസ്' എന്നാണ് ജയ്‌സ്വാള്‍ പറഞ്ഞത്. ഇന്ത്യന്‍ യുവതാരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ''എന്താണു പ്രശ്‌നം. നിനക്ക് പന്തു കാണുന്നില്ലേ? ഷോട്ടൊന്നും എടുക്കാന്‍ സാധിക്കുന്നില്ലേ?''. സിഡ്‌നിയില്‍ ആദ്യ ഇന്നിങ്‌സില്‍ 38 പന്തുകള്‍ നേരിട്ട കോണ്‍സ്റ്റാസ് 23 റണ്‍സെടുത്തു പുറത്തായിരുന്നു.

മുഹമ്മദ് സിറാജിന്റെ പന്തില്‍ യശസ്വി ജയ്‌സ്വാള്‍ തന്നെ ക്യാച്ചെടുത്താണു കോണ്‍സ്റ്റാസിനെ പുറത്താക്കിയത്. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ അരങ്ങേറിയ താരം ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചറി നേടിയിരുന്നു. മെല്‍ബണില്‍ വിരാട് കോലിയുമായും സിഡ്‌നിയില്‍ ജസ്പ്രീത് ബുമ്രയുമായും തര്‍ക്കിച്ചും കോണ്‍സ്റ്റാസ് വിവാദത്തിലായി.

സിഡ്നി ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുമായി കോണ്‍സ്റ്റാസ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ബുമ്രയെറിഞ്ഞ മൂന്നാം ഓവറിനിടെ ബാറ്റിങ്ങിന് തയ്യാറാകാന്‍ ഉസ്മാന്‍ ഖവാജ കൂടുതല്‍ സമയമെടുത്തു. ഇക്കാര്യം ബുംറ അമ്പയറെ ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കോണ്‍സ്റ്റാസ് പ്രതികരിച്ചത്. ഇതോടെ ഇതില്‍ നിനക്കെന്ത് കാര്യമെന്ന് ബുമ്ര തിരിച്ചുചോദിച്ചതോടെ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ ഇടയുന്ന ഘട്ടംവരെയെത്തി. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് ഇരുവരെയും രണ്ടു വഴിക്കാക്കിയത്.

ബാറ്റിങ്ങിനിടെ വിരാട് കോലിയുമായി കൂട്ടിയിടിച്ചത് ചോദ്യം ചെയ്ത കോണ്‍സ്റ്റാസ്, ജസ്പ്രീത് ബുമ്രയെ സ്‌കൂപ് ഷോട്ട് കളിച്ചും ആരാധകരെ ഞെട്ടിച്ചു. ഫീല്‍ഡിങ്ങിനിടെ കോണ്‍സ്റ്റാസിന്റെ സംസാരം ജയ്‌സ്വാളിന്റെ ബാറ്റിങ്ങില്‍ ബുദ്ധിമുട്ടുണ്ടാക്കിയതായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് നേരത്തേ വെളിപ്പെടുത്തിയിരുന്നു.