- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിരോധിച്ചാല്‍ വിക്കറ്റും പോകും റണ്‍സും കിട്ടില്ലെന്നും തെളിയിച്ച പന്ത് ഇന്നിംഗ്‌സ്; ഇന്ത്യന്‍ ബാറ്റര്‍മാര്‍ മറന്ന വിജയമന്ത്രം ഓസീസ് നെഞ്ചിലേറ്റി; പന്തെറിയാന്‍ ബുംറ ഇല്ലാത്തത് ഇന്ത്യന്‍ ബൗളിംഗിനെ തളര്‍ത്തി; അഞ്ചാം വിക്കറ്റില്‍ ഹെഡും വെബ്സറ്റും വിജയമൊരുക്കി; ബോര്‍ഡര്‍ ഗവസ്കാര്‍ ട്രോഫി ഓസ്ട്രേലിയയ്ക്ക്; ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്‍
സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിലും ഓസ്ര്‌ടേലിയയ്ക്ക് വിജയം. ഇതോടെ 4 ടെസ്റ്റുകള്‍ അടങ്ങിയ ഇന്ത്യയ്‌ക്കെതിരായ പരമ്പര 3-1ന് ഓസീസ് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ ആതിഥേയരെ ഇന്ത്യ തോല്‍പ്പിച്ചു. പിന്നീട് ഓസീസ് തിരിച്ചടിച്ചു. അവര്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ചു. ഇതോടെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ബാറ്റ്‌സ്മാന്മാുടെ നിരുത്തരവാദ സമീപനമാണ് സിഡ്‌നിയിലും ഇന്ത്യന്‍ തോല്‍വിക്ക് കാരണം. രണ്ടാം ഇന്നിംഗ്‌സില്‍ പരിക്കേറ്റ നായകന്‍ ജസ്പ്രീത് ബുംറ പന്തെറിഞ്ഞില്ല. ബുംറെ ഇല്ലാത്ത ഇന്ത്യന്‍ ബൗളിംഗിന്റെ പോരായ്മകളെല്ലാം ഓസ്‌ട്രേലിയ മുതലെടുത്തു. അങ്ങനെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്‍ നല്‍കി സിഡ്‌നിയില്‍ ആറു വിക്കറ്റ് വിജയം ഓസ്‌ട്രേലിയ നേടിയത്. ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്ത പേസ് ബൗളര്‍ ബോളണ്ടാണ് മാന്‍ഓഫ് ദി മാച്ച്. ജസ്പ്രീത് ബുംറെയാണ് മാന്‍ ഓഫ് ദി സീരീസ്
162 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന്റെ നാലു വിക്കറ്റുകള്‍ വീഴ്ത്താന്‍ മുഹമ്മദ് സിറാജ് പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് സാധിച്ചു. 58 റണ്‍സിനിടെ ഓസീസിന്റെ മൂന്നും 104 റണ്‍സിനിടെ നാലും വിക്കറ്റ് വീഴ്ത്തി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ബുംറെയെന്ന വജ്രായുധത്തിന്റെ കുറവ് ഇന്ത്യയ്ക്ക് പ്രതിസന്ധിയായി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം, 27 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബുമ്രയ്ക്ക് പന്തെറിയാനാകാത്തതിന്റെ നിരാശകള്‍ക്ക് ആക്കം കൂട്ടിയാണ്, സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: ഇന്ത്യ 185 & 157, ഓസ്‌ട്രേലിയ 181 & 162/4. ഇതോടെ ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഈ വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ നേരിടുമെന്നും ഉറപ്പായി. സിഡ്‌നി ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രം ഫൈനല്‍ കളിക്കാന്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന നേരിയ സാധ്യത, മത്സരം തോറ്റതോടെ അവസാനിച്ചു.
45 പന്തില്‍ 41 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ട്രാവിസ് ഹെഡ് ബ്യൂ വെബ്സ്റ്റര്‍ സഖ്യം അര്‍ധസെഞ്ചറി കൂട്ടുകെട്ട് തീര്‍ത്താണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ഹെഡ് 38 പന്തില്‍ നാലു ഫോറുകള്‍ സഹിതം 34 റണ്‍സോടെയും വെബ്സ്റ്റര്‍ 34 പന്തില്‍ ആറു ഫോറുകള്‍ സഹിതം 39 റണ്‍സോടെയും പുറത്താകാതെ നിന്നു. വെബ്‌സറ്ററിന്റെ ആദ്യ ടെസ്റ്റാണ് ഇത്. ആദ്യ ഇന്നിംഗ്‌സിലും വെബ്‌സ്റ്റര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത് 58 റണ്‍സ്. ഷോട്ടുകളുയര്‍ത്ത് അവര്‍ ഇന്ത്യന്‍ ബൗളിംഗിനെ നിഷ്പ്രഭരാക്കി. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ 12 ഓവറില്‍ 65 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 12 ഓവറില്‍ 69 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇവര്‍ക്കു പുറമേ ബോളിങ്ങിനെത്തിയ നിതീഷ് റെഡ്ഡി, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ക്ക് വിക്കറ്റ് ലഭിച്ചില്ല.
രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ലു പിന്നിടാന്‍ അവസരമുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് ഒരു റണ്‍ അകലെ പുറത്തായത് ഓസീസിന് നിരാശയായി. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ബോളിങ്ങിന് തുടക്കമിട്ട മുഹമ്മദ് സിറാജ് ആദ്യ ഓവറില്‍ വഴങ്ങിയത് 13 റണ്‍സ്. രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയും 13 റണ്‍സ് വഴങ്ങിയതോടെ ആദ്യ രണ്ട് ഓവറില്‍ ഓസീസ് സ്‌കോര്‍ 26 റണ്‍സ്. അതിവേഗം സ്‌കോര്‍ ചെയ്ത് റണ്‍സ് നേടുക മാത്രമാണ് സിഡ്‌നിയില്‍ വഴിയെന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന്റെ ബാറ്റിംഗ് ബുദ്ധി ഓസ്‌ട്രേലിയ കടമെടുത്തുവെന്ന് സാരം. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോറിംഗിന് ശ്രമിക്കാതെ വികറ്റിനെ പ്രതിരോധിച്ചു. ഫലം റണ്‍സും വന്നില്ല വിക്കറ്റ് പോവുകയും ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനായി അവതരിപ്പിക്കുന്ന പതിവ് തെറ്റിക്കാതെ തകര്‍ത്തടിച്ച ഋഷഭ് പന്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 33 പന്തില്‍, 184.85 സ്‌ട്രൈക്ക് റേറ്റില്‍ 4 സിക്‌സും 6 ഫോറുമടക്കം 61 റണ്‍സുമായി തകര്‍ത്തടിച്ച പന്താണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ ഉറപ്പാക്കിയത്. ഈ ബാറ്റിംഗ് തന്ത്രം രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ പുറത്തെടുത്തു. ഋഷഭ് പന്ത് കൗണ്ടര്‍ അറ്റാക്കിലൂടെ ഓസീസ് ബോളര്‍മാരെ വിറപ്പിച്ചു. ഒരറ്റത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും മറുവശത്ത് പന്തിന്റെ ആക്രമണ ബാറ്റിങ് തുടര്‍ന്നുകൊണ്ടിരുന്നു പന്ത്. ഓസ്‌ട്രേലിയ ഈ ആക്രണ ബാറ്റിംഗ് കടമെടുത്തു. അതിന്റെ ഫലപ്രാപ്തിയാണ് സിഡ്‌നിയിലെ അനായാസ വിജയം. ബുമ്രയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബോളിങ് എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ തെളിവു കൂടിയായി സിഡ്‌നിയിലെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ്.
ആറു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സുമായി അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, ഇന്ന് ആദ്യ സെഷനില്‍ 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. അവസാന ദിനം ഇന്ത്യ പ്രതീക്ഷ വച്ചിരുന്ന രവീന്ദ്ര ജഡേജ വാഷിങ്ടന്‍ സുന്ദര്‍ സഖ്യത്തിനും അവസരത്തിനൊത്ത് ഉയരാനായില്ല. ജഡേജ 45 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 13 റണ്‍സെടുത്തും വാഷിങ്ടന്‍ സുന്ദര്‍ 43 പന്തില്‍ ഒരു ഫോര്‍ സഹിതം 12 റണ്‍സെടുത്തും പുറത്തായി. രണ്ടു പേരും റണ്‍സുയര്‍ത്താന്‍ ശ്രമിക്കാതെ ക്രീസില്‍ നിന്നു കളിച്ചു. പിന്നെ വിക്കറ്റും കളഞ്ഞു. മുഹമ്മദ് സിറാജ് (11 പന്തില്‍ നാല്), പരുക്കിന്റെ വേദനയ്ക്കിടയിലും ബാറ്റിങ്ങിനെത്തിയ ജസ്പ്രീത് ബുമ്ര (മൂന്നു പന്തില്‍ 0) എന്നിവരാണ് ഇന്ന് പുറത്തായത്. പ്രസിദ്ധ് കൃഷ്ണ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഓസീസിനായി സ്‌കോട് ബോളണ്ട് ആറു വിക്കറ്റ് വീഴ്ത്തി. 16.5 ഓവറില്‍ അഞ്ച് മെയ്ഡന്‍ സഹിതം 45 റണ്‍സ് വഴങ്ങിയാണ് ബോളണ്ട് ആറു വിക്കറ്റെടുത്തത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് 15 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് ബോളണ്ടിന് ഉറച്ച പിന്തുണ നല്‍കി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബ്യൂ വെബ്സ്റ്റര്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.