മുംബൈ: മുന്‍ സൗരാഷ്ട്ര ബാറ്ററും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് കോച്ചും ഇന്ത്യ എ ടീം പരിശീലകനുമായ സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി ബിസിസിഐ നിയമിച്ചു. നിലവിലെ പരിശീലകന്‍ അഭിഷേക് നായര്‍ക്ക് പുറമെയാണ് സിതാന്‍ഷു കൊട്ടകും പരിശീക സ്ഥാനത്തെത്തുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരായ പരിമിത ഓവര്‍ ക്രിക്കറ്റ്, ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് മുന്നോടിയായാണ് പുതിയ നിയമനം. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അമ്പേ പരാജയമായി മാറിയതാണ് നിലവിലെ ബാറ്റിങ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം മറ്റൊരു കോച്ചിനെ കൂടി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ ഒരേ സമയം രണ്ട് ബാറ്റിംഗ് കോച്ചുകളുടെ ഉപദേശം രോഹിതിനും സംഘത്തിനും പരീക്ഷണ വേദിയാകും. അഭിഷേക് നായര്‍ക്ക് സമ്മര്‍ദ്ദമായി മാറുകയാണ് പുതിയ കോച്ചിന്റെ നിയമനം.

52കാരനായ കൊട്ടക് ദീര്‍ഘ നാളായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കുകയാണ്. നേരത്തയും ഇന്ത്യന്‍ സീനിയര്‍ ടീം, എ ടീമുകളുടെ വിദേശ പര്യടനങ്ങളിലും കൊട്ടക് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ സിതാന്‍ഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ നടന്ന ബിസിസിഐയുടെ അവലോകന യോഗത്തിലായിരുന്നു ഗംഭീറിന്റെ ആവശ്യം. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍.സി.എ.)യില്‍ പരിശീലകനായിരുന്നു സിതാന്‍ഷു.

ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റിലെ അതികായനായ സിതാന്‍ഷു കൊടക് 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 8061 റണ്‍സ് നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 3083 റണ്‍സാണ് ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ലയണ്‍സിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു. ഗൗതംഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പരിശീലക സംഘത്തില്‍ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ഡൊഷേറ്റ് എന്നിവര്‍ സഹപരിശീലകരായാണ് തുടരുന്നത്. ടി.ദിലീപ് ഫീല്‍ഡിങ് കോച്ചും മോണെ മോര്‍ക്കല്‍ സംഘത്തില്‍ ബൗളിങ് കോച്ചുമാണ്.

അഭിഷേകിന്റെ ഉപദേശങ്ങള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കാര്യമായ പ്രകടനത്തിനു സഹായിക്കുന്നില്ല. കൊട്ടക് സ്പെഷലിസ്റ്റ് ബാറ്റിങ് കോച്ചാണ്. ദീര്‍ഘ നാളത്തെ പരിചയവും താരങ്ങളെ അടുത്തറിയാമെന്ന മുന്‍തൂക്കവും അദ്ദേഹത്തിനുണ്ട്. ഒരു ബിസിസിഐ വക്താവ് പുതിയ നിയമനം സംബന്ധിച്ചു വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന കാലത്ത് മികച്ച ബാറ്ററായിരുന്നു സീതാന്‍ഷു കൊട്ടക്. 8000 ഫസ്റ്റ് ക്ലാസ് റണ്‍സ്. 15 സെഞ്ച്വറികളും അദ്ദേഹത്തിനുണ്ട്.

മുമ്പ് രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായിരുന്നപ്പോള്‍ വിക്രം റാത്തോഡ് ആയിരുന്നു ബാറ്റിംഗ് പരിശീലകന്‍. ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം വിക്രം റാത്തോഡ് പിന്നീട് ദ്രാവിഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായിരുന്നു. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് പരിശീലക സ്ഥാനത്തേക്ക് മികവ് തെളിയിച്ചൊരാളെ കണ്ടെത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. രാഹുല്‍ ദ്രാവിഡും രവി ശാസ്ത്രിയും മുഖ്യ പരിശീലകരായിരുന്നുപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലകരായി മികവ് കാട്ടിയ വിക്രം റാത്തോഡിനെയും ഭരത് അരുണിനെയും ആര്‍ ശ്രീധറെയും പോലുള്ളവരെയാണ സഹ പരിശീലകരാക്കിയതെങ്കില്‍ ഗംഭീര്‍ കൊല്‍ക്കത്ത ടീമിലെ സഹപരിശീലകരെയാണ് തനിക്കൊപ്പം കൂടെ കൂട്ടിയത്.

ഇന്ത്യന്‍ ടീം ബാറ്റിംഗ് പരിശീലകനെ തേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ പരിശീലക സ്ഥാനത്തേക്ക് താല്‍പര്യം അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തെത്തി. 2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പീറ്റേഴ്‌സണ്‍ നിലവില്‍ കമന്റേറ്ററാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ വളര്‍ന്ന് ബാറ്റിംഗ് പരിശീലകനായ സിതാന്‍ഷുവില്‍ പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു ബിസിസിഐ. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ഏകദിന പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും നായകന്‍ രോഹിത് ശര്‍മയ്ക്ക് എന്ന പോലെ ഗൗതം ഗംഭീറിനും സംഘത്തിനും ഒരുപോലെ പ്രാധാന്യമുള്ളതാണ്. പരീക്ഷണം പാളിയാല്‍ ഗംഭീറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങേണ്ടി വരും.