മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ഇന്ത്യയുടെ മലയാളി വനിതാ താരം സജന സജീവന്‍. അവിശ്വസനീയം എന്ന് പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ബി.സി.സി.ഐ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സച്ചിനൊപ്പമുള്ള ചിത്രം പകര്‍ത്തിയത്.

'ക്രിക്കറ്റ് കണ്ടു തുടങ്ങിയത് താങ്കള്‍ കാരണമാണ്, ക്രിക്കറ്റ് കളിച്ചു തുടങ്ങിയതും താങ്കളെ കണ്ടാണ്, ഇതാ ഇപ്പോള്‍ ഒരേ വേദിയില്‍ താങ്കളോടൊപ്പം ഒരു ഫോട്ടോ എടുക്കാനുള്ള അവസരവും ലഭിച്ചു. നിങ്ങളുടെ വലിയ പ്രചോദനത്തിന് നന്ദി. പറയാന്‍ വാക്കുകളില്ല, ദൈവത്തിനു നന്ദി' -എന്ന കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മിന്നുമണിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ വയനാട്ടുകാരിയാണ് സജന. മാനന്തവാടി ഗവ. വി.എച്ച്.എസ് സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് സജന ക്രിക്കറ്റിലെത്തുന്നത്. കേരള അണ്ടര്‍ 23 ടീം ക്യാപ്റ്റനായിരുന്നു.

മാനന്തവാടി ചൂട്ടക്കടവ് സജനാ നിവാസില്‍ ജി. സജീവന്റെയും മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ശാരദാ സജീവന്റെയും മകളാണ് സജന. ബി.സി.സി.ഐയുടെ സമഗ്ര സംഭാവന പുരസ്‌കാരത്തിനുള്ള സി.കെ. നായിഡു പുരസ്‌കാരം സചിനായിരുന്നു. രാജ്യത്തിനായി 664 മത്സരങ്ങള്‍ കളിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സിന്റെ റെക്കോഡ് സ്വന്തം പേരിലാക്കിയാണ് കളി നിര്‍ത്തിയത്. 200 ടെസ്റ്റിലും 463 ഏകദിനങ്ങളിലും ഒരു ട്വന്റി20യിലുമാണ് കളിച്ചത്. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426ഉമാണ് സമ്പാദ്യം. 16ാം വയസ്സില്‍ പാകിസ്താനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 2013ല്‍ വാംഖഡെ മൈതാനത്ത് കളിനിര്‍ത്തി.

2023-24ല്‍ രാജ്യത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം പേസര്‍ ജസ്പ്രീത് ബുംറ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഐ.സി.സി താരമായും ടെസ്റ്റ് താരമായും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബി.സി.സി.ഐ ആദരവും എത്തുന്നത്. വനിത താരമായി സ്മൃതി മന്ദാനയും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം നാല് ഏകദിന സെഞ്ച്വറികളടക്കം 743 റണ്‍സ് നേടിയ താരം ഐ.സി.സി ഏകദിന താരമായിരുന്നു.