അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് ഗുജറാത്ത് പൊരുതുന്നു നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 154 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലാണ് ഗുജറാത്ത്. ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ ഗുജറാത്തിന് ഇനി 28 റണ്‍സ് കൂടി മതി. കേരളത്തിന് വേണ്ടതാകട്ടെ അതിവേഗം മൂന്ന് വിക്കറ്റും. അവസാന ദിവസമായ വെള്ളിയാഴ്ച മത്സരം പൂര്‍ത്തിയായില്ലെങ്കില്‍, ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടുന്നവരായിരിക്കും ഫൈനലിലേക്കു മുന്നേറുക.

നാലാം ദിവസം ജയ്മീത് പട്ടേലും സിദ്ധാര്‍ഥ് ദേശായിയും ചേര്‍ന്ന് 220 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് മത്സരത്തില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. 161 പന്തുകള്‍ നേരിട്ട ജയ്മീത് പട്ടേല്‍ 74 റണ്‍സും സിദ്ധാര്‍ഥ് 134 പന്തില്‍ 24 റണ്‍സുമെടുത്തു പുറത്താകാതെ നില്‍ക്കുന്നു. 49 പന്തില്‍ 14 റണ്‍സെടുത്ത വിശാല്‍ ജയ്‌സ്വാളാണ് ഗുജറാത്ത് നിരയില്‍ ഒടുവില്‍ പുറത്തായത്. ആദിത്യ സര്‍വാതെ എറിഞ്ഞ 118ാം ഓവറിലെ പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച വിശാലിനെ ബേസില്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പ്രിയങ്ക് പാഞ്ചല്‍ (237 പന്തില്‍ 148), മനന്‍ ഹിംഗ്രാജിയ (127 പന്തില്‍ 33), ഉര്‍വില്‍ പട്ടേല്‍ (43 പന്തില്‍ 25), ഹേമാങ് പട്ടേല്‍ (41 പന്തില്‍ 27), ചിന്തന്‍ ഗജ (രണ്ട്) എന്നിവരാണ് നാലാം ദിവസം പുറത്തായ മറ്റു ബാറ്റര്‍മാര്‍.

76ാം ഓവറില്‍ മനന്‍ ഹിംഗ്രാജിയയാണ് ആദ്യം മടങ്ങിയത്. ജലജ് സക്‌സേനയുടെ പന്തില്‍ താരം എല്‍ബിഡബ്ല്യു ആകുകയായിരുന്നു. ജലജ് സക്‌സേനയുടെ കുത്തിത്തിരിയുന്ന പന്തുകള്‍ മനസ്സിലാകാതെനിന്ന പാഞ്ചല്‍ ബോള്‍ഡായത് ഗുജറാത്തിനു തിരിച്ചടിയായി. വന്‍ പ്രതീക്ഷയുമായെത്തിയ ഉര്‍വില്‍ പട്ടേല്‍ 89ാം ഓവറിലാണു മടങ്ങിയത്. ജലജിന്റെ പന്ത് കയറി അടിക്കാന്‍ ശ്രമിച്ച ഉര്‍വിലിനെ സ്പിന്നര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ഹേമാങ് പട്ടേലിനെ എം.ഡി. നിഥീഷിന്റെ പന്തില്‍ ഷോണ്‍ റോജര്‍ ക്യാച്ചെടുത്താണു പുറത്താക്കിയത്. ഗുജറാത്ത് ക്യാപ്റ്റന്‍ 14 പന്തില്‍ രണ്ടു റണ്‍സെടുത്ത് ജലജ് സക്‌സേനയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി.

61 ഓവറുകള്‍ പന്തെറിഞ്ഞ ജലജ് സക്‌സേന 137 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എം.ഡി. നിഥീഷ്, എന്‍.പി. ബേസില്‍, ആദിത്യ സര്‍വാതെ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി. ആദ്യ ഇന്നിങ്‌സില്‍ കേരളം 457 റണ്‍സെടുത്തു പുറത്തായിരുന്നു.

പ്രതീക്ഷ ജലജ് സക്സേനയില്‍

154 ഓവര്‍ ഗുജറാത്ത് ബാറ്റ് ചെയ്തപ്പോള്‍ അതില്‍ 61 ഓവറും എറിഞ്ഞത് സ്പിന്നര്‍ ജലജ് സക്സേനയാണ്. നാലുവിക്കറ്റുമായി ഓള്‍റൗണ്ടര്‍ ജലജ് സക്സേനയാണ് തുടക്കത്തില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍നല്‍കിയത്. ജലജിനൊപ്പം മറുവശത്ത് വിക്കറ്റെടുത്ത് മറ്റൊരു ബൗളര്‍ പിന്തുണ നല്‍കാനില്ലാതായതാണ് കേരളത്തിന് തിരിച്ചടിയായത്. അഞ്ചാം ദിനമായ നാളെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയാല്‍ കേരളത്തെ മറികടന്ന് ഗുജറാത്ത് ഫൈനലില്‍ കടക്കും. 28 റണ്‍സിനിടെ ശേഷിക്കുന്ന മൂന്നു വിക്കറ്റ് വീഴ്ത്താനായാല്‍ കേരളത്തിന് സ്വപ്നഫൈനല്‍ കളിക്കാം.

മൂന്നാംദിനമവസാനിക്കുമ്പോള്‍ 222 റണ്‍സിന് ഒന്ന് എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നീടുള്ള ആറുവിക്കറ്റുകളും വീണത് നാലാം ദിവസമാണ്. സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ പ്രിയങ്ക് പാഞ്ചാലിന്റെ വിക്കറ്റ് നേടാനായത് കേരളത്തിന് ആശ്വാസമായി. ജലജ് സക്സേനയ്ക്കാണ് വിക്കറ്റ്. 237 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 148 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഗുജറാത്തിന്റെ ടോപ് സ്‌കോററും പ്രിയങ്കാണ്. നന്‍ ഹിംഗ്രാജിയെയും (127 പന്തില്‍ 33) വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) ക്യാപ്റ്റന്‍ ചിന്തന്‍ ഗജയെയും (2) സക്‌സേനതന്നെ മടക്കി. ഹേമങ് പട്ടേലിനെ (27) എം.ഡി. നിധീഷും വിശാല്‍ ജയ്സ്വാളിനെ (14) ആദിത്യ സര്‍വതെയും പുറത്താക്കി.

നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 457 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടു ദിവസവും മൂന്നാംദിവസത്തിലെ ഒരു മണിക്കൂറുമടക്കം 187 ഓവറുകളോളം നീണ്ടതായിരുന്നു കേരളത്തിന്റെ ഇന്നിങ്സ്. കേരളത്തിന്റെ പത്തുതാരങ്ങളെ എറിഞ്ഞുവീഴ്ത്താന്‍ ഗുജറാത്തിന് 1,122 പന്തുകളെറിയേണ്ടിവന്നു. അപ്പോഴും ടോപ് സ്‌കോറര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ഗുജറാത്തിന് പുറത്താക്കാനായില്ല. 341 പന്തുകളില്‍ നിന്ന് ഒരു സിക്സും 20 ബൗണ്ടറികളുമടക്കം 177 റണ്‍സുമായി അസ്ഹര്‍ അപരാജിതനായി തുടര്‍ന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യരണ്ടുദിവസം മുഴുവന്‍ ബാറ്റുചെയ്തു. അസ്ഹറും സല്‍മാന്‍ നിസാറും ഉള്‍പ്പെടെയുള്ളവര്‍ സ്വതസിദ്ധമായ ശൈലി വിട്ട് വളരെ ക്ഷമയോടെയാണ് ബാറ്റുവീശിയത്. ജയം എന്നതിലുപരി, ഒന്നാം ഇന്നിങ്‌സിലെ ലീഡ് എന്നതിലായിരുന്നു കേരളത്തിന്റെ കണ്ണ്. ബാറ്റെടുത്തവരെല്ലാം ആ ഉദ്ദേശ്യംവെച്ച് കളിച്ചതോടെ മാന്യമായ ടീം ടോട്ടലായി.