കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്താതെ ആതിഥേയരായ പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ പടയൊരുക്കം. താരങ്ങള്‍ക്കും സെലക്ടര്‍മാര്‍ക്കുമെതിരെയടക്കം മുന്‍ താരങ്ങളടക്കം കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നുകഴിഞ്ഞു. 29 വര്‍ഷത്തിനുശേഷം ആദ്യമായി ആതിഥേയരാവുന്ന ഐസിസി ടൂര്‍ണമെന്റില്‍ സെമി പോലും എത്താതെ ആദ്യ രണ്ട് കളികളിലും ദയനീയ തോല്‍വി വഴങ്ങി പുറത്തായതാണ് മുന്‍പാക് താരങ്ങളെ ചൊടിപ്പിച്ചത്.

1996ല്‍ ഇന്ത്യയ്ക്കൊപ്പം ആതിഥേയത്വം വഹിച്ച ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ വേദിയാകുന്നത്. എന്നാല്‍ ആ ടൂര്‍ണമെന്റിന് ഒരാഴ്ച തികയും മുമ്പുതന്നെ പുറത്താകാനായിരുന്നു പാകിസ്ഥാന്റെ വിധി. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും തോറ്റതിനു പിന്നാലെ തന്നെ പാകിസ്ഥാന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ന്യൂസീലന്‍ഡ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു. ഗ്രൂപ്പ് എയിലെ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യയും ന്യൂസീലന്‍ഡും സെമിയിലേക്ക് മുന്നേറി.

'തലയില്ലാത്ത' പാക് ക്രിക്കറ്റ്

പാകിസ്ഥാന്‍ പുറത്തായതും ഇന്ത്യയോടും ന്യൂസീലന്‍ഡിനോടും തോറ്റതും അവരുടെ പ്രതിഭയുടെ പ്രശ്നം മാത്രമല്ല. മറിച്ച് അടിക്കടി മാറിമറിഞ്ഞ് ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന പാക് ക്രിക്കറ്റ് എന്ന സിസ്റ്റത്തിന്റെ പ്രശ്നം കൂടിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ടീമിന് ഉണ്ടായിരുന്നത് 26 വ്യത്യസ്ത സെലക്ടര്‍മാരും എട്ട് പരിശീലകരും നാല് ക്യാപ്റ്റന്‍മാരുമാണ്. ഈ സ്ഥിരതയില്ലായ്മ തന്നെയാണ് പാകിസ്ഥാന്‍ ടീമിന്റെ മുഖമുദ്രയും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ അവര്‍ വലിയ പ്രതീക്ഷയിലായിരുന്നു. 2023 ലോകകപ്പിന് ശേഷം ഒരു വര്‍ഷം മുഴുവന്‍ ഏകദിനം കളിക്കാതെ, ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും പരമ്പര വിജയങ്ങള്‍ നേടിയ ഒരു ടീമായിരുന്നു പാകിസ്ഥാന്റേത്. എന്നാല്‍ പിന്നാലെ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും ആ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നുവെന്ന് അവര്‍ക്ക് ബോധ്യമായി. മുന്‍കാലങ്ങളില്‍ നിന്ന് ഒരു പാഠവും അവര്‍ പഠിച്ചില്ലെന്ന് വ്യക്തം.

കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി (2017) വിജയിക്കുകയും 2021, 2022 ടി20 ലോകകപ്പുകളില്‍ ഒരു തവണ ഫൈനലും ഒരു തവണ സെമി ഫൈനലും കളിച്ച ടീമാണ് പാകിസ്ഥാന്‍. പക്ഷേ അതിനു ശേഷം ഏകദിനത്തിലും ടെസ്റ്റിലും അവരുടെ പ്രകടനം മോശമാകുന്നതാണ് കാണുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം അഞ്ച്, ഏഴ്, അവസാന സ്ഥാനമായ ഒമ്പത് എന്നിങ്ങനെയായിരുന്നു പാകിസ്ഥാന്റെ ഫിനിഷ്. 2019, 2023 ലോകകപ്പുകളില്‍ സെമിയിലെത്താന്‍പോലുമാകാതെയാണ് അവര്‍ പുറത്തായത്. ഇപ്പോഴിതാ എട്ടു ടീമുകളടങ്ങിയ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെ ടീം പുറത്തായിരിക്കുന്നു.

പ്രതിഭകള്‍ ഒഴിഞ്ഞ കൂടാരം

ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വന്‍തോതില്‍ നിക്ഷേപം നടത്തിയ പാകിസ്ഥാന്‍ പക്ഷേ ടൂര്‍ണമെന്റിനായി യാതൊരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്നാണ് തോന്നുന്നത്. പ്രതാപകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ പ്രതിഭകളില്ലാത്ത ടീം കൂടിയാണ് പാകിസ്ഥാന്‍. എക്കാലവും തങ്ങളുടെ പേസ് ബൗളര്‍മാരെ ആശ്രയിക്കുന്നതായിരുന്നു പാക് ടീമിന്റെ രീതി. എങ്കിലും വ്യത്യസ്ത കാലഘട്ടങ്ങളില്‍ ലോകത്തിലെ മറ്റ് ടീമുകളിലെ താരങ്ങള്‍ക്ക് തുല്യരായ ഏതാനും ബാറ്റര്‍മാരെങ്കിലും പാകിസ്ഥാന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവരുടെ ഏറ്റവും മികച്ച ബാറ്ററെന്ന് വിലയിരുത്തപ്പെടുന്ന ബാബര്‍ അസം ഫോമിന്റെ കാര്യത്തില്‍ ഇപ്പോള്‍ എത്രയോ പിന്നിലാണ്. ക്രീസിലെത്തുമ്പോള്‍ എതിര്‍ ടീമില്‍ ഭയം ജനിപ്പിക്കുന്ന ഒരു ബാറ്റര്‍ പോലും ഇപ്പോള്‍ പാക് ടീമിലില്ല എന്നതാണ് സത്യം.

പാക് ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് പേസ് ത്രയത്തിന്റെ ഭാഗമായിരുന്ന ആക്വിബ് ജാവേദ് നിലവിലെ പാകിസ്ഥാന്റെ പരിശീലകന്‍. 2024-ന്റെ മധ്യത്തില്‍ ശ്രീലങ്കയുടെ ബൗളിങ് പരിശീലകനായിരുന്നു. പിന്നീട് പാകിസ്ഥാന്റെ സെലക്ടറാകുകയും അഞ്ച് ആഴ്ചയ്ക്കുള്ളില്‍ നവംബറില്‍ മുഖ്യ പരിശീലകനാകുകയും ചെയ്തു. രസകരമായ കാര്യം പരിശീലകനായി ഇരുന്നുകൊണ്ടുതന്നെ സെലക്ഷന്‍ കമ്മിറ്റിയിലെ സ്ഥാനം ആക്വിബ് നിലനിര്‍ത്തി എന്നതാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി ടീമില്‍ തുടര്‍ച്ച വേണമെന്ന് സമ്മര്‍ദം ചെലുത്തിയിട്ടും ആക്വിബും അമ്പയര്‍ അലീം ദാര്‍, സ്റ്റാറ്റസ് അനലിസ്റ്റ് ഹസന്‍ ചീമ ഒപ്പം മൂന്ന് ബ്യൂറോക്രാറ്റുകളും അടങ്ങിയ സെലക്ഷന്‍ പാനല്‍ അവസാന നിമിഷം ടീമില്‍ മാറ്റങ്ങള്‍ വരുത്തി.

സയിം അയൂബിന്റെ അഭാവം ബാറ്റിങ് യൂണിറ്റിന് വലിയ തിരിച്ചടിയായിരുന്നു. 2023 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അബ്ദുള്ള ഷഫീഖിനെ അവര്‍ ഒഴിവാക്കി. ദക്ഷിണാഫ്രിക്കയിലെ മോശം പ്രകടനത്തിന്റേ പേരിലായിരുന്നു ഈ ഒഴിവാക്കല്‍. പകരം ബാബര്‍ അസമിനെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരേ വിമര്‍ശനാത്മകമായ അഭിപ്രായപ്രകടനം നടത്തിയതിന് പാക് ക്രിക്കറ്റ് ബോര്‍ഡുമായി പിണങ്ങിയ ഫഖര്‍ സമാനാണ് ടീമില്‍ ഇടംനേടിയത്. 2024-ല്‍ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ലാത്ത ഫഹീം അഷ്റഫിനെയും അവര്‍ തിരിച്ചുവിളിച്ചു. ഫഖര്‍ സമാനാകാട്ടെ ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത് ബാറ്റിങ് നിരയുടെ നടുവൊടിച്ചു.

നിഴല്‍ മാത്രമായ പേസ് ത്രയം

വസീം അക്രവുമായും വഖാര്‍ യൂനിസുമായും ആക്വിബ് ജാവേദ് താരതമ്യം ചെയ്ത ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്കും ചാമ്പ്യന്‍സ് ട്രോഫിയില്‍ കാര്യമായൊന്നും ചെയ്യാനായില്ല. തുടര്‍ച്ചയായി 145 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുമെങ്കിലും കളിക്കളത്തില്‍ കൃത്യമായ പദ്ധതിയും തന്ത്രങ്ങളും ഒരുക്കുന്നതില്‍ മൂവരും അലസരായിരുന്നു. ഇന്ത്യയ്ക്കെതിരേ ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും എറിഞ്ഞ രണ്ട് പന്തുകള്‍ക്കപ്പുറം മറ്റൊന്നും ചെയ്യാന്‍ പാക് ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ഒരു കാലത്ത് ഏതൊരു ടീമിനേയും വെല്ലുവിളിക്കാന്‍ പോന്ന പാക് ടീം ഇന്ന് കളിക്കളത്തില്‍ പൊരുതാന്‍ പോലുമാകാതെ മടങ്ങുന്ന കാഴ്ച ആരാധകര്‍ക്ക് വേദനയാണ്.

ടീം ഉടച്ചുവാര്‍ക്കണം

പാക് ടീമിന്റെ മോശം പ്രകടനത്തിനെതിരെ മുന്‍ നായകന്‍ വസീം അക്രം ആണ് ഏറ്റവും ഒടുവിലായി രംഗത്തെത്തിയത്. കളിച്ചിടത്തോളം മതിയെന്നും ഇനി കടുത്ത നടപടിയുടെ സമയമാണെന്നും അക്രം പറഞ്ഞു. നിര്‍ഭയരായി കളിക്കുന്ന താരങ്ങളെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്ഥാന് ആവശ്യം. അതിനുവേണ്ടി നിലവിലെ ടീമില്‍ നിന്ന് അഞ്ചോ ആറോ പേരെ മാറ്റേണ്ടിവന്നാലും അത് ചെയ്യണം. അടുത്ത ആറ് മാസം കൊണ്ട് അത് പൂര്‍ത്തിയാക്കണം. അതുവരെ പുതുതായി ടീമിലെടുക്കുന്ന താരങ്ങളെ പിന്തുണക്കണം. 2026ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ കെട്ടിപ്പടുക്കുകയാണ് ഇനി വേണ്ടതെന്നും സ്‌പോര്‍ട്‌സ് സെന്‍ട്രലിന് നല്‍കിയ അഭിമുഖത്തില്‍ അക്രം പറഞ്ഞു.

ടീമിലെ ചില താരങ്ങള്‍ കളിച്ചിടത്തോളം മതി. അവര്‍ വലിയ താരങ്ങളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ബൗളര്‍മാരെല്ലാവരും ചേര്‍ന്ന് വീഴ്ത്തിയത് 60 വിക്കറ്റാണ്. അതും 60.60 ശരാശരിയില്‍. ഞെട്ടിക്കുന്ന കണക്കുകളാണിത്. ഒമാനും അമേരിക്കയും അടക്കമുള്ള ടീമുകളുടെ കണക്കെടുത്താല്‍ പോലും 14 ടീമുകളില്‍ രണ്ടാമത്തെ മോശം ബൗളിംഗ് ശരാശരിയാണ് പാക് ബൗളര്‍മാരുടേത്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പിസിബി ചെയര്‍മാന്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെയുമെല്ലാം യോഗം വിളിക്കണം. അവരോട് ചോദിക്കണം, എന്ത് സെലക്ഷനാണ് നിങ്ങള്‍ നടത്തിയതെന്ന്. കുഷ്ദില്‍ ഷായെയും ആഗ സല്‍മാനെയും പോലെയുള്ള ബൗളര്‍മാരെക്കൊണ്ട് വിരാട് കോലിയുടെ വിക്കറ്റ് എടുക്കാമെന്നാണോ നിങ്ങള്‍ കരുതിയത് എന്ന് അവരോട് ചോദിക്കണം. സത്യം വിളിച്ചു പറയേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും അക്രം പറഞ്ഞു.

പാകിസ്ഥാന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും ഉത്തരവാദിത്തമുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടു മുമ്പ് പോലും ടീമില്‍ എന്തെങ്കിലും മാറ്റം വരുത്തണോ എന്ന് ചോദിച്ചതാണ്. എന്നാല്‍ അവര്‍ പഴയ ടീം തന്നെ മതിയെന്ന് പറഞ്ഞു. ടീമിന് വേണ്ട മാച്ച് വിന്നര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത റിസ്വാനും തോല്‍വിയുടെ ഉത്തരവാദിത്തം ഉണ്ട്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 15-18 ഓവര്‍ ആയപ്പോഴെ പാക് ആരാധകര്‍ ഗ്യാലറി വിട്ടു തുടങ്ങി. ഇത്തരമൊരു കാഴ്ച് പാക് ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല. വലിയ നാണക്കേടാണിതെന്നും അക്രം പറഞ്ഞു.