- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ധ സെഞ്ചുറികളുമായി വന്‍ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും; ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം; ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍; ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തും
ഇംഗ്ലണ്ടിനെ കീഴടക്കി ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക സെമിയില്‍. ഗ്രൂപ്പ് ബി-യില്‍ അഞ്ചുപോയിന്റോടെ ഒന്നാംസ്ഥാനക്കാരായാണ് പ്രോട്ടീസിന്റെ സെമി പ്രവേശനം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 30 ഓവറില്‍ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. സ്‌കോര്‍- ഇംഗ്ലണ്ട്: 179-10 (38.2 ഓവര്‍). ദക്ഷിണാഫ്രിക്ക: 180-2 (29.2 ഓവര്‍).
റാസീ വന്‍ഡേഴ്ഡസന്‍-ഹെന്റിച്ച് ക്ലാസന്‍ കൂട്ടുകെട്ടാണ് പ്രോട്ടീസ് വിജയശില്പികള്‍. ഇരുവരും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 127 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 87 പന്തില്‍ മൂന്ന് സിക്സും ആറ് ബൗണ്ടറിയും സഹിതം 72 റണ്‍സ് നേടി പുറത്താവാതെ നിന്ന് വാന്‍ഡേഴ്ഡസനാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്ലാസന്‍ 56 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെ 64 റണ്‍സ് നേടി. റയാന്‍ റിക്കല്‍ട്ടണ്‍ (27), ഡേവിഡ് മില്ലര്‍ (7*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ട്രിസ്റ്റന്‍ സ്റ്റബ്സ് പൂജ്യത്തിന് പുറത്തായി. ജോഫ്ര ആര്‍ച്ചറിന് രണ്ടും ആദില്‍ റാഷിദിന് ഒന്നും വിക്കറ്റുകള്‍.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 179 റണ്‍സിന് പുറത്തായി. ജോസ് ബട്ലറിന്റെ നായകത്വത്തിനു കീഴിലുള്ള അവസാന മത്സരത്തില്‍ 38.2 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് ബാറ്റുചെയ്യാനായത്. ജോ റൂട്ട് (37) ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. പവര്‍പ്ലേയില്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ ജാന്‍സന്‍ തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന്റെ ധൈര്യംകെടുത്തി. ജാന്‍സനും വിയാന്‍ മുള്‍ഡറിനും മൂന്നുവീതം വിക്കറ്റുകളുണ്ട്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍ (25), ബെന്‍ ഡക്കറ്റ് (24), ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ (21), ഹാരി ബ്രൂക്ക് (19), ജെമീ ഓവര്‍ട്ടണ്‍ (11) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നവര്‍.
ജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. 207 റണ്‍സിന് ഇംഗ്ലണ്ട് ജയിച്ചാല്‍ അഫ്ഗാനിസ്താന്‍ സെമിയില്‍ കടക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഗ്രൂപ്പില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസീസ് നാല് പോയിന്റോടെ രണ്ടാംസ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരേ മാത്രമാണ് ജയം. മഴകാരണം ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍ ടീമുകളുമായുള്ള മത്സരം പൂര്‍ത്തിയാക്കാനായില്ല. ഓരോ പോയിന്റ് വീതം ടീമുകള്‍ പങ്കിട്ടു.
അതേസമയം നായകനായുള്ള ജോസ് ബട്‌ലറുടെ അവസാന മത്സരമായിരുന്നു ശനിയാഴ്ചത്തേത്. ടൂര്‍ണമെന്റില്‍നിന്ന് ഇതിനകംതന്നെ പുറത്തുപോയ ഇംഗ്ലണ്ടിന്, ബട്ലര്‍ക്കുവേണ്ടിയും ഇന്ന് ജയിക്കാനായില്ല. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്താനോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായതിനു പിന്നാലെ, ചാമ്പ്യന്‍സ് ട്രോഫിയോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2022-ല്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടുമ്പോള്‍ ബട്‌ലറായിരുന്നു ക്യാപ്റ്റന്‍.
ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം
ഗ്രൂപ്പ് എയില്‍ നിന്നും ഇന്ത്യയും ന്യൂസിലന്‍ഡും ഗ്രൂപ്പ് ബിയില്‍ നിന്നും ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ചാമ്പ്യന്‍സ് ട്രോഫി സെമി ബര്‍ത്ത് ഉറപ്പിച്ചെങ്കിലും നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം അവസാനിച്ചതിന് ശേഷം മാത്രമേ സെമി ഫൈനല്‍ മത്സരക്രമം തീരുമാനിക്കൂ. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമി ഫൈനലിന് മുന്നോടിയായി, ഗ്രൂപ്പ് ബിയില്‍ നിന്ന് അവസാന നാലിലെത്തിയ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറക്കും.
ആദ്യ സെമി ഫൈനലില്‍ ഇന്ത്യയെ ഏത് ടീമാണ് നേരിടേണ്ടതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ഇരു ടീമുകളും ദുബായിലേക്ക് പറക്കും. ഇന്ത്യ - പാക് തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ മോശമായതിനാല്‍ ഇന്ത്യക്ക് പാകിസ്ഥാന്‍ പോവാന്‍ വിസമ്മതിക്കുകയായിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വിസ്സമതിച്ച സാഹചര്യത്തില്‍ രണ്ട് ടീ്മുകളും ദുബായിലേക്ക് പറക്കാതെ രക്ഷയില്ല.
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുന്നത്. മാര്‍ച്ച് നാലിന് ആദ്യ സെമി ഫൈനലും ദുബായിലാണ് നടക്കുക. ദുബായിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ടീമുകള്‍ക്ക് മതിയായ സമയം നല്‍കേണ്ടതുണ്ട്. അതുകൊണ്ടാണ് ഗ്രൂപ്പ് ബിയില്‍ നിന്നുള്ള രണ്ട് യോഗ്യതാ ടീമുകളുടെയും ദുബായിലേക്ക് അയക്കേണ്ടി വരുന്നത്. ഐസിസി ഇക്കാര്യം മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓസ്ട്രേലിയ ഇന്ന് ഉച്ചയ്ക്ക് തന്നെ ദുബായിലേക്ക് പറന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്ക നാളെയും ദുബായിലെത്തും.
പിന്നാലെ ഇന്ത്യയുമായി സെമി ഫൈനല്‍ കളിക്കേണ്ട ടീം ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലന സെഷനില്‍ പങ്കെടുക്കും. കൂടെ വന്ന മറ്റൊരു ടീം തിരിച്ച് ലാഹോറിലേക്ക് പറക്കുകയും ചെയ്യും. അവര്‍ ന്യൂസിലന്‍ഡുമായി ലാഹോറില്‍ സെമി ഫൈനല്‍ കളിക്കും. ലാഹോര്‍ സെമിഫൈനലില്‍ പങ്കെടുക്കുന്ന രണ്ട് ടീമുകള്‍ക്കും മാര്‍ച്ച് 4ന് ഗദ്ദാഫി സ്റ്റേഡിയത്തില്‍ പരിശീലിക്കും.
ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയാണെങ്കില്‍ ലാഹോറില്‍ ജയിക്കുന്ന ടീം വീണ്ടും ദുബായില്‍ തന്നെ തിരിച്ചെത്തണം. ഇന്ത്യ ദുബായില്‍ പരാജയപ്പെടുകയാണെങ്കില്‍ ജയിക്കുന്ന ടീം തിരിച്ച് പാകിസ്ഥാനിലേക്ക് പറക്കും. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. എന്തായാലും ഐസിസി ടൂര്‍ണമെന്റുകളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ നടക്കുന്നത്. ഇതിനിടെ വലിയ രീതിയിലുള്ള പരിഹാസവും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുമുണ്ട്.