- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമിയില്‍ ' കലമുടച്ച്' വീണ്ടും ദക്ഷിണാഫ്രിക്ക; മിന്നും സെഞ്ചുറി നേടിയ ഡേവിഡ് മില്ലറിന്റെ വീരോചിത പോരാട്ടം വിഫലം; രണ്ടാം സെമിയില്‍ പ്രോട്ടീസിനെ കീഴടക്കിയത് 50 റണ്‍സിന്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ന്യൂസീലന്‍ഡ് കിരീടപ്പോരാട്ടം ഞായറാഴ്ച
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം
ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസണിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസന്റെയും സെഞ്ചുറികള്‍ക്കൊപ്പം പന്തുകൊണ്ട് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും കളംനിറഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്ക വീണ്ടും സെമിയില്‍ കാലിടറിവീണു. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസീലന്‍ഡും കിരീടത്തിനായി മത്സരിക്കും.
സെമിയില്‍ കിവീസ് ഉയര്‍ത്തിയ 363 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരിക്കല്‍ കൂടി ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ സ്വപ്നങ്ങള്‍ വീണുടഞ്ഞു. മുന്‍നിര ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര പൂര്‍ണമായും പരാജയപ്പെട്ടതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. വമ്പനടിക്കാരനായ ഹെന്റിച്ച് ക്ലാസനും പെരുമയ്ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയി. 2015-ലെ ലോകകപ്പ് സെമിയിലും ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു കിവീസിന്റെ ഫൈനല്‍ പ്രവേശനം.
അവസാന ഓവറുകളില്‍ നടത്തിയ കടന്നാക്രമണത്തിനൊടുവില്‍ സെഞ്ചുറി തികച്ച ഡേവിഡ് മില്ലറാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍. 67 പന്തുകള്‍ നേരിട്ട മില്ലര്‍ നാല് സിക്സും 10 ഫോറുമടക്കം 100 റണ്‍സോടെ പുറത്താകാതെ നിന്നു. പക്ഷേ ഈ ഇന്നിങ്സ് അവരുടെ തോല്‍വിഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ. റാസ്സി വാന്‍ഡെര്‍ ദസ്സന്‍ 66 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 69 റണ്‍സെടുത്തു. 71 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ടെംബ ബവുമ ഒരു സിക്സും നാല് ഫോറുമടക്കം 56 റണ്‍സ് നേടി. 10 ഓവറില്‍ 43 റണ്‍സിന് മൂന്ന് പ്രധാന വിക്കറ്റുകളെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ് പ്രോട്ടീസിനെ തകര്‍ത്തുകളഞ്ഞത്. മാറ്റ് ഹെന്റിയും ഗ്ലെന്‍ ഫിലിപ്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
363 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പ്രോട്ടീസിന് അഞ്ചാം ഓവറില്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണെ (17) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ബവുമ - വാന്‍ഡെന്‍ ദസ്സന്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തതോടെ അവര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ദസ്സന്‍ സ്‌കോറിങ് റേറ്റ് ഉയര്‍ത്തുകയും ബവുമ നിലയുറപ്പിച്ച് കളിക്കുകയുമായിരുന്നു. എന്നാല്‍ സ്പിന്നര്‍മാരെ കളത്തിലിറക്കി സാന്റ്നര്‍ കളിമാറ്റി. 23-ാം ഓവറില്‍ ബവുമ, സാന്റ്നര്‍ക്കു മുന്നില്‍ വീണു. 27-ാം ഓവറില്‍ വാന്‍ഡെര്‍ ദസ്സനെയും മടക്കിയ സാന്റ്നര്‍ പ്രോട്ടീസിനെ പ്രതിരോധത്തിലാക്കി.
29-ാം ഓവറില്‍ അപകടകാരിയായ ഹെന്റിച്ച് ക്ലാസനെയും മടക്കിയ സാന്റ്നര്‍ കളി കിവീസിന് അനുകൂലമാക്കി. ഏയ്ഡന്‍ മാര്‍ക്രം 29 പന്തില്‍ നിന്ന് 31 റണ്‍സുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 33-ാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ പന്തില്‍ പിഴച്ചു. പിന്നാലെ വിയാന്‍ മള്‍ഡറെ (8) മടക്കി ബ്രേസ്വെല്‍ പ്രോട്ടീസിന്റെ പ്രതീക്ഷകള്‍ പൂര്‍ണമായും ഇല്ലാതാക്കി. തോല്‍വി ഉറപ്പായശേഷം മില്ലര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗിന് ദക്ഷിണാഫ്രിക്കയുടെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മില്ലര്‍ 67പന്തില്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സെഞ്ചുറി തികച്ച് പുറത്താകാതെ നിന്നു. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ മൂന്നും ഗ്ലെന്‍ ഫിലിപ്‌സ് രണ്ടും വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തിരുന്നു. യുവതാരം രചിന്‍ രവീന്ദ്രയുടെയും സീനിയര്‍ താരം കെയ്ന്‍ വില്യംസന്റെയും സെഞ്ചുറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും ഇന്നിങ്‌സുകളുമാണ് കിവീസിന് കരുത്തായത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റേത് മികച്ച തുടക്കമായിരുന്നു. വില്‍ യങ് - രചിന്‍ രവീന്ദ്ര ഓപ്പണിങ് സഖ്യം 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യങ്ങിനെ മടക്കി ലുങ്കി എന്‍ഗിഡിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
എന്നാല്‍, രചിനൊപ്പം രണ്ടാം വിക്കറ്റില്‍ വില്യംസണ്‍ എത്തിയതോടെ കിവീസിന്റെ ബാറ്റിങ് വിരുന്നായിരുന്നു. രചിന്‍ യഥേഷ്ടം റണ്‍സടിച്ചപ്പോള്‍ തുടക്കത്തില്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ വില്യംസണ്‍ നിലയുറപ്പിച്ചതോടെ ഗിയര്‍ മാറ്റി. ഇരുവരും ചേര്‍ന്നെടുത്ത 164 റണ്‍സാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. അഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച രചിന്‍ 101 പന്തില്‍നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 108 റണ്‍സെടുത്തു. 34-ാം ഓവറില്‍ രചിനെ പുറത്താക്കി കാഗിസോ റബാദയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
15-ാം സെഞ്ചുറി കുറിച്ച വില്യംസണ്‍ 94 പന്തില്‍ നിന്ന് 102 റണ്‍സെടുത്തു. രണ്ടു സിക്‌സും 10 ഫോറുമടങ്ങുന്നതായിരുന്നു വില്യംസന്റെ ഇന്നിങ്‌സ്. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ ടോം ലാഥവും (4) മടങ്ങി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ കിവീസിന്റെ റണ്‍റേറ്റ് ഇടയ്ക്ക് താഴ്ന്നു. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ - ഗ്ലെന്‍ ഫിലിപ്‌സ് സഖ്യം കിവീസ് ഇന്നിങ്‌സിനെ വീണ്ടും ടോപ് ഗിയറിലാക്കി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് സ്‌കോര്‍ 300 കടത്തിയത്. പിന്നാലെ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്ണകലെ മിച്ചല്‍ മടങ്ങി. 37 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 49 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസ് സ്‌കോര്‍ 362-ല്‍ എത്തിച്ചത്. 27 പന്തുകള്‍ നേരിട്ട ഫിലിപ്‌സ് ഒരു സിക്‌സും ആറ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. മൈക്കല്‍ ബ്രേസ്വെല്‍ 16 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും റബാദ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.