- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ല; ഈ നിമിഷം ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതില്‍ മാത്രം; ക്രിക്കറ്റ് ആസ്വദിക്കുന്നു; ടീമിലെ ഐക്യമാണ് കിരീടനേട്ടത്തിന് പിന്നിലെന്നും രോഹിത് ശര്‍മ
2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് രോഹിത് ശര്‍മ
ദുബായ്: 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ നിമിഷം തന്റെ ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതിലാണെന്നും അത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും രോഹിത് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ നായകനെതിരെ ഉയര്‍ന്നത്. എന്നാല്‍ കിരീടനേട്ടത്തിന് പിന്നാലെ ഏകദിനത്തില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് രോഹിത് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന് വ്യക്തതവരുത്താതെ രോഹിത്തിന്റെ പ്രതികരണം.
'നിലവില്‍ ഓരോ കാര്യങ്ങളും വരുന്നതിനനുസരിച്ചാണ് ഞാന്‍ നിലപാടെടുക്കുന്നത്. കുറേ കഴിഞ്ഞ് നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ചിന്തിക്കുന്നത് ഗുണകരമല്ല. ഈ നിമിഷം എന്റെ ശ്രദ്ധ മുഴുവനും നന്നായി കളിക്കുന്നതിലും അനുകൂല മാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കുന്നതിലുമാണ്. 2027 ലോകകപ്പില്‍ ഞാന്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ല.' - രോഹിത് ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.
താന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും ടീമംഗങ്ങള്‍ എന്റെ സാന്നിധ്യത്തില്‍ സന്തുഷ്ടരാണെന്നാണ് കരുതുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 'ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ടിട്ടും ഞങ്ങള്‍ അപരാജിതരായി കിരീടം നേടി. ഒരു തോല്‍വി പോലുമില്ലാതെ കിരീടം നേടുക എന്നത് വലിയ നേട്ടമാണ്. അത് പൂര്‍ണ തൃപ്തി നല്‍കുന്നതാണ്. പ്രത്യേകത നിറഞ്ഞതും.' - രോഹിത് പറഞ്ഞു.
ടീമിലെ ഐക്യമാണ് കിരീടനേട്ടത്തിന് പിന്നിലെന്നും താരങ്ങളുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം കൂട്ടായ വിജയത്തിനായി എല്ലാവരും പരിശ്രമിച്ചെന്നും രോഹിത് പറഞ്ഞു. '2023 ലോകകപ്പിന് മുമ്പ് ഞങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. വ്യക്തിഗത നേട്ടങ്ങളിലായിരുന്നില്ല ശ്രദ്ധ. ടീം വിജയിച്ചില്ലെങ്കില്‍ സെഞ്ചുറി നേടുന്നതിലോ അഞ്ച് വിക്കറ്റെടുക്കുന്നതിലോ കാര്യമില്ല. അത് ഞാന്‍ 2019-ല്‍ മനസിലാക്കി. ഞാന്‍ അഞ്ച് സെഞ്ചുറികള്‍ നേടി. എന്നിട്ടും കിരീടം നേടാനായില്ല. അതിലെന്ത് അര്‍ഥമാണുള്ളത്?' - രോഹിത് കൂട്ടിച്ചേര്‍ത്തു.
മത്സരശേഷം രോഹിത് വിജയത്തെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ നായകന്റെ വാക്കുകള്‍... ''ഒരുപാട് സന്തോഷം. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ നന്നായി കളിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത് മികച്ച അനുഭവമാണ്. ഫൈനലില്‍ സ്വീകരിച്ച ശൈലിയില്‍ ഞാന്‍ തൃപ്തനാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് ടീമിന്റെ പിന്തുണ ആവശ്യമാണ്. ടീം എന്നോടൊപ്പം ഉണ്ടായിരുന്നു, 2023 ലോകകപ്പില്‍ രാഹുല്‍ ഭായ്, ഇപ്പോള്‍ ഗൗതി ഭായിക്കൊപ്പം. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ വ്യത്യസ്തമായ രീതിയില്‍ കളിച്ചിട്ടുണ്ട്. ഇവിടെ ചില അവസരങ്ങളില്‍ കളിച്ചതിനാല്‍, പിച്ചിന്റെ സ്വഭാവം മനസ്സിലാകും. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിന് വലിയ ആഴമുണ്ട്. ജഡേജ 8-ാം സ്ഥാനത്ത് വരുന്നത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നു.'' രോഹിത് മത്സരശേഷം പറഞ്ഞു.
കിരീടംകൊണ്ട് ഇന്ത്യന്‍ ഏകദിനടീമിന്റെ നായകപദവി നിലനിര്‍ത്താന്‍ കഴിയുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ക്യാപ്റ്റനെന്ന പദ്ധതിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനുള്ളതെന്നാണ് വിവരം. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ഇക്കാര്യം ചര്‍ച്ചചെയ്യുകയും രോഹിത് ശര്‍മയെ വിവരം ധരിപ്പിക്കുകയും ചെയ്തുവെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍, കിരീടനേട്ടത്തോടെ തത്കാലത്തേക്കെങ്കിലും രോഹിത് ശര്‍മയെ നായകനായി നിലനിര്‍ത്താന്‍ സമ്മര്‍ദമുണ്ടാകും.