ദുബായ്: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മറവിക്കഥകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിതമാണ്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണായിരിക്കാം അല്ലെങ്കില്‍ താക്കോല്‍ ആയിരിക്കാം മറന്നുവെക്കുന്നത്. മറ്റു ചിലപ്പോള്‍, അത് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടായിരിക്കും. ചാംപ്യന്‍സ് ട്രോഫി കഴിഞ്ഞ് ദുബായില്‍ നിന്ന് ഇന്ത്യന്‍ ടീം മടങ്ങുന്നതിന് മുമ്പ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടാവുകയും ചെയ്തിരുന്നു. രോഹിത് ബസില്‍ കയറുന്നതും, പെട്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞ് തന്റെ ഫോണ്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നതും ഒരു വീഡിയോയില്‍ കാണാമായിരുന്നു.

എന്നാല്‍ രോഹിത്തിന്റെ മറ്റൊരു വീഡിയോ കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫൈനലിന് ശേഷമുള്ള പത്രസമ്മേളനം കഴിഞ്ഞയുടന്‍ അദ്ദേഹം ട്രോഫി എടുക്കാതെ പോകുന്നത് കാണാം. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് ഉടനെ വിരമിക്കില്ലെന്നതടക്കമുള്ള ഭാവി തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചശേഷം മടങ്ങുമ്പോഴായിരുന്നു രോഹിത് ട്രോഫി കൊണ്ടുപോകാന്‍ മറന്നത്. രോഹിത്തിനൊപ്പമുണ്ടായിരുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫാണ് ചാംപ്യന്‍സ് ട്രോഫി എടുത്തു രോഹിത്തിനു പിന്നാലെ പോയത്.

സംസാരത്തിനിടെ രോഹിത് ട്രോഫിയുടെ കാര്യം മറന്നുപോയതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വാദം. ചെറിയ വീഡിയോ ദൃശ്യങ്ങളില്‍ ട്രോഫി കൈവശം വച്ചുകൊണ്ട് ഒരു ടീം ഇന്ത്യ ഉദ്യോഗസ്ഥന്‍ രോഹിതിനെ വിളിക്കുന്നത് കാണാം.

എന്നാല്‍ ഐസിസി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പൂര്‍ണ പത്രസമ്മേളന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യത്യസ്തമായ മറ്റൊരു ചിത്രം ലഭിക്കും. മാധ്യമ പ്രവര്‍ത്തര്‍ക്ക് മുന്നില്‍ ട്രോഫി പ്രദര്‍ശിപ്പിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ടീം ഇന്ത്യക്കൊപ്പമുള്ള ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പോഴാണ് രോഹിത് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും. അദ്ദേഹം ട്രോഫി മറന്നതാണെന്ന് വീഡിയോ കണ്ടാല്‍ തോന്നില്ല.

ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കു ശേഷം തിങ്കളാഴ്ച രാത്രി രോഹിത് മുംബൈ വിമാനത്താവളത്തിലെത്തി. കുടുംബത്തോടൊപ്പമായിരുന്നു രോഹിത് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഫൈനല്‍ പോരാട്ടത്തില്‍ 83 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ 76 റണ്‍സെടുത്തു പുറത്തായിരുന്നു. ഇന്ത്യ നാലു വിക്കറ്റ് വിജയം നേടിയപ്പോള്‍ രോഹിത് കളിയിലെ താരമായി.

ഏകദിന ഫോര്‍മാറ്റില്‍നിന്നു വിരമിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. ''ദയവുചെയ്ത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഞാന്‍ ഏകദിനത്തില്‍നിന്നു വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ കാര്യങ്ങളും ഇതുപോലെ തുടരും.'' രോഹിത് ശര്‍മ വ്യക്തമാക്കി.

ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. 2027ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ഉറപ്പില്ലെന്നും പരമവാധികാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നും രോഹിത് പറഞ്ഞു. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും രോഹിത് വ്യക്തമാക്കി.