- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു തവണ ചാമ്പ്യന്മാരായി; കഴിഞ്ഞ തവണ ജയിച്ചത് നാല് മത്സരം മാത്രം; കരുത്തരെ നിലനിര്‍ത്തി ഉടച്ചുവാര്‍ക്കല്‍; കിരീടം തിരിച്ചുപിടിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ഹാര്‍ദ്ദിക് നയിക്കും; ബുമ്രയുടെ 'തിരിച്ചുവരവില്‍' ആശങ്ക
കിരീടം തിരിച്ചുപിടിക്കാന്‍ മുംബൈ ഇന്ത്യന്‍സ്
മൂംബൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകന്‍ രോഹിത് ശര്‍മയും ട്വന്റി 20 നായകന്‍ സൂര്യകുമാര്‍ യാദവും ഉണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുള്ള സന്തുലിതമായ ടീമാണ് മുംബൈയുടേത്.
ഒറ്റയക്കത്തില്‍ അവസാനിക്കുന്ന വര്‍ഷങ്ങളിലാണ് മുംബൈ ഇന്ത്യന്‍സ് അവരുടെ അഞ്ച് ഐപിഎല്‍ ക്രിക്കറ്റ് കിരീടങ്ങളില്‍ നാലും നേടിയത്. കേവലമൊരു കൗതുകം എന്നതിനുമപ്പുറം ഒന്നുമില്ലെന്ന് പറയാമെങ്കിലും ക്രിക്കറ്റ് എന്നത് ഇത്തരം ചിലതുകൂടി കലര്‍ന്നതാണ്. അഞ്ച് കിരീടത്തിന്റെ വീമ്പുപറയാമെങ്കിലും 2020-നുശേഷം ഒരു കിരീടം വന്നിട്ടില്ല. അതിനുമപ്പുറം കഴിഞ്ഞസീസണ്‍ മുംബൈ ഇന്ത്യന്‍സ് മറക്കാനാഗ്രഹിക്കുന്നുണ്ടാകും.
കഴിഞ്ഞതവണ 14 മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്ത്. രോഹിത് ശര്‍മയില്‍നിന്ന് ഹാര്‍ദിക് പണ്ഡ്യയിലേക്കുള്ള നായകമാറ്റവും ഗുണംചെയ്തില്ല. ടീമിനുള്ളിലെ പ്രശ്നങ്ങളും തിരിച്ചടിച്ചു. പക്ഷേ, പ്ലേ ഓഫിലേക്ക് കടക്കാത്തതിന്റെപേരില്‍ നായകനെ മാറ്റിയിട്ടില്ല.
കാതലൊഴിവാക്കാതെ ഉടച്ചുവാര്‍ക്കപ്പെട്ടൊരു ടീമാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ എന്നിവരെ നിലനിര്‍ത്താനായതോടെ ടീമിന്റെ അടിത്തറയ്ക്ക് ഇളക്കമില്ലെന്നുറപ്പിക്കാനായി.
കഴിഞ്ഞസീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് താരം വില്‍ ജാക്‌സിനെ 5.25 കോടി രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് ബമ്പറടിച്ചതുപോലെയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ അപകടകാരിയാകുമെന്നുറപ്പുള്ള മിച്ചല്‍ സാന്റ്‌നറെ രണ്ടുകോടിരൂപയ്ക്ക് ടീമിലെത്തിക്കാനായെന്നതും നേട്ടമാണ്.
ജസ്പ്രീത് ബുംറയുടെ പരിക്ക് ബൗളിങ്‌നിരയുടെ മൂര്‍ച്ചകുറയ്ക്കും. എത്ര കളികള്‍ ബുംറയ്ക്ക് നഷ്ടമാകും എന്നതിനെക്കുറിച്ച് ഇതുവരെ ധാരണയില്ല. പരിക്ക് ഗുരുതരമാകാതിരിക്കാന്‍ ഈ സീസണ്‍ ഐപിഎല്‍തന്നെ ഒഴിവാക്കാന്‍ സാധ്യത ഏറെയാണ്. ട്രെന്‍ഡ് ബോള്‍ട്ടും ദീപക് ചഹറും മാത്രമാകും പേസ് നിരയുടെ ശക്തി.
ബുമ്ര തിരിച്ചെത്താന്‍ വൈകും
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തിനിടെയാണു ബുമ്രയ്ക്കു വീണ്ടും പരുക്കേറ്റത്. മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ താരം പന്തെറിഞ്ഞിരുന്നില്ല. 2023ല്‍ നടുവിന് ശസ്ത്രക്രിയ നടത്തിയ താരം, ബെംഗളൂരുവിലെ 'സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ്' പരിശീലിക്കുന്നത്. ഐപിഎല്ലില്‍ കളിക്കണമെങ്കില്‍ താരത്തിന് ബിസിസിഐയുടെ അനുമതി ലഭിക്കണം. ബുമ്ര ഇതുവരെ പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തിയിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. നിലവിലെ സൂചനകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ താരം മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നേക്കും. പക്ഷേ താരത്തിന് എത്ര മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഫാസ്റ്റ് ബോളര്‍മാരുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും, ബുമ്രയുടെ അഭാവം ഐപിഎല്ലിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിസന്ധിയിലാക്കും.
നിര്‍ണായക അവസരങ്ങളില്‍ വിക്കറ്റു വീഴ്ത്തി കളി തിരിക്കാന്‍ ശേഷിയുള്ള ബുമ്രയ്ക്കു പകരം വയ്ക്കാന്‍ പോന്നൊരു പേസര്‍ മുംബൈ ഇന്ത്യന്‍സില്‍ ഇല്ല. ബുമ്ര കളിച്ചില്ലെങ്കില്‍ ന്യൂസീലന്‍ഡിന്റെ വെറ്ററന്‍ താരം ട്രെന്റ് ബോള്‍ട്ട് മുംബൈ ബോളിങ് നിരയെ ചുമലിലേറ്റും. ദീപക് ചാഹര്‍, റീസ് ടോപ്‌ലി, കോര്‍ബിന്‍ ബോഷ്, അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, സത്യനാരായണ രാജു, അശ്വനി കുമാര്‍ എന്നിവരാണു മുംബൈ ടീമിലെ മറ്റു ഫാസ്റ്റ് ബോളര്‍മാര്‍.
ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രാജ് അങ്കദ് ബാവ എന്നിവരെയും പേസര്‍മാരായി ഉപയോഗിക്കാം. മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് സീസണില്‍ മുംബൈയുടെ ആദ്യ മത്സരം. 29ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും പോരാട്ടമുണ്ട്. മാര്‍ച്ച് 31ന് കൊല്‍ക്കത്തയോടാണ് മുംബൈ ആദ്യ ഹോം മത്സരം കളിക്കേണ്ടത്. മെഗാലേലത്തിനു മുന്‍പ് 18 കോടി രൂപ നല്‍കിയാണു താരത്തെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്.
നായകന്‍ ഹാര്‍ദിക് പാണ്ഡ്യ
കോച്ച് മഹേല ജയവര്‍ധന
ഹോം ഗ്രൗണ്ട് വാംഖഡെ
ഐപിഎല്‍ കിരീടങ്ങള്‍ 2013, 2015, 2017, 2019, 2020
കരുത്തുറ്റ ബാറ്റിംഗ് നിര
രോഹിത് ശര്‍മയ്ക്കൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക ഇംഗ്ലണ്ട് താരം വില്‍ ജാക്സ് ആണ്. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി മികച്ച പ്രകടനമാണ് വില്‍ ജാക്സ് കാഴ്ചവെച്ചത്. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരായിരിക്കും മറ്റു പ്രധാന ബാറ്റര്‍മാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ദക്ഷിണാഫ്രിക്കയുടെ റയാന്‍ റിക്കല്‍ട്ടണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും.
മിച്ചല്‍ സാന്റ്നറും മുജീബ് റഹ്‌മാനും ആയിരിക്കും സ്പിന്നര്‍മാര്‍. ട്രെന്റ് ബോല്‍ട്ട്, ദീപക് ചഹര്‍ എന്നിവര്‍ക്കൊപ്പം ജസ്പ്രിത് ബുംറ കൂടി ചേര്‍ന്നാല്‍ മുംബൈ ടീം സന്തുലിതം. ഹാര്‍ദിക് പാണ്ഡ്യ ആദ്യ മത്സരത്തില്‍ കളിക്കില്ല. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പാണ്ഡ്യക്ക് ഒരു കളി വിലക്ക് ലഭിച്ചിട്ടുണ്ട്.