- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യന്‍സ് വിളിച്ചു; പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പറന്ന് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍; പിന്നാലെ കോര്‍ബിന്‍ ബോഷിന് പിസിബിയുടെ വക്കീല്‍ നോട്ടീസ്; നീക്കം, കൂടുതല്‍ താരങ്ങള്‍ പിഎസ്എല്‍ ഉപേക്ഷിക്കുമെന്ന ഭയത്താല്‍
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പറന്ന് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍
മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഒരു വിളി വന്നു..... പിന്നെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷ് കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നിന്നില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനെ ഉപേക്ഷിച്ച് കൂടും കുടുക്കയുമായി നേരെ പറന്നു.... ഇന്ത്യയിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുംബൈ ഇന്ത്യന്‍സ് കുപ്പായമണിഞ്ഞ് പോരാട്ടത്തിന് തയ്യാറെടുത്തു കഴിഞ്ഞു താരം.
അതേ സമയം പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാന്‍ കരാറിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇക്കഴിഞ്ഞ ജനുവരിയില്‍ പിഎസ്എല്‍ ടീമായ പെഷവാര്‍ സാല്‍മി ടീമിലെടുത്ത ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുപ്പതുകാരനായ കോര്‍ബിന്‍ ബോഷ്, കഴിഞ്ഞ ദിവസമാണ് മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ടത്. ഇതോടെയാണ് കോര്‍ബിനെതിരെ പാക്ക് ബോര്‍ഡ് നിയമനടപടിക്കു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി താരത്തിന് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍നിന്ന് പിന്‍മാറിയാണ് താരം ഐപിഎലില്‍ കളിക്കാന്‍ മുംബൈ ഇന്ത്യന്‍സുമായി കരാറിലെത്തിയത്. ഇത്തവണ പിഎസ്എലും ഐപിഎലും ഏതാണ്ട് ഒരേ സമയത്തായതോടെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഐപിഎലില്‍ കളിക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 11 മുതല്‍ മേയ് 18 വരെയാണ് ഇത്തവണ പിഎസ്എല്‍ നടക്കുന്നത്. ഐപിഎല്‍ ആകട്ടെ, മാര്‍ച്ച് 21ന് ആരംഭിച്ച് മേയ് 25 വരെ നീളും.
ജനുവരിയില്‍ നടന്ന പിഎസ്എല്‍ ഡ്രാഫ്റ്റില്‍ ഡയമണ്ട് വിഭാഗത്തിലാണ് കോര്‍ബിന്‍ ബോഷിനെ പെഷാവര്‍ സാല്‍മി ടീമിലെത്തിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന്, പരുക്കേറ്റ ലിസാഡ് വില്യംസിനു പകരം കോര്‍ബിന്‍ ബോഷിനെ ടീമിലെടുത്തതായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചു. ഇതോടെയാണ് പിസിബി നിയമനടപടിയുമായി രംഗത്തെത്തിയത്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ കോര്‍ബിന്‍ ലംഘിച്ചുവെന്നാണ് വക്കീല്‍ നോട്ടിസിലെ പ്രധാന ആരോപണം. മുന്‍കൂര്‍ അനുമതി കൂടാതെയാണ് കോര്‍ബിന്‍ പിഎസ്എലില്‍നിന്ന് പിന്‍മാറിയതെന്നും പാക്ക് ബോര്‍ഡ് ആരോപിക്കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ നോട്ടിസിനു മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോര്‍ബിന്‍ ബോഷിന്റെ പാത പിന്തുടര്‍ന്ന്, കൂടുതല്‍ താരങ്ങള്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎലിലേക്ക് മാറിയേക്കുമെന്ന ഭയവും പാക്ക് ബോര്‍ഡിന്റെ നീക്കത്തിനു പിന്നിലുണ്ട്. ഇത്തരത്തില്‍ കാലുമാറുന്ന താരങ്ങളെ ലീഗില്‍നിന്ന് വിലക്കുന്ന കാര്യവും പിസിബി ചര്‍ച്ച ചെയ്യുന്നതായാണ് വിവരം.
വിദേശതാരങ്ങളുടെ ലഭ്യതയും സൗകര്യവും പരിഗണിച്ചാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഇത്തവണ ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് മാറ്റിയത്. മുന്‍പ് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് പിഎസ്എല്‍ സംഘടിപ്പിച്ചിരുന്നത്. ഈ ഘട്ടത്തിലും ദക്ഷിണാഫ്രിക്കയിലെയും ബംഗ്ലദേശിലെയും ലീഗുകളുമായി താരങ്ങള്‍ക്കായി മത്സരിക്കേണ്ട അവസ്ഥയിലായിരുന്നു പാക്ക് ബോര്‍ഡ്.