- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിംഗ് വെടിക്കെട്ടുമായി ഫാഫ് ഡൂപ്ലെസി; പിന്തുണച്ച് മക്ഗുര്ഗും പോറലും; സണ്‍റൈസേഴ്സിനെ കീഴടക്കി ഡല്‍ഹി കാപ്പിറ്റല്‍സ്; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
സണ്‍റൈസേഴ്സിനെ കീഴടക്കി ഡല്‍ഹി കാപ്പിറ്റല്‍സ്
വിശാഖപട്ടണം: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഹൈദരാബാദ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 16 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 27 പന്തില്‍ 50 റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
ഒമ്പത് ഓവറില്‍ 81 റണ്‍സ് അടിച്ച ഓപ്പണര്‍മാര്‍ ഡല്‍ഹിയുടെ വിജയത്തിന് അടിത്തറപാകി. ഡുപ്ലസി(50), മഗ്രുക്(38) എന്നിവര്‍ മികച്ച തുടക്കം നല്‍കി. വന്നപാടെ അടിതുടങ്ങിയ ലോകേഷ് രാഹുല്‍ 15 റണ്‍സെടുത്ത് മടങ്ങിയെങ്കിലും അഭിഷേക് പൊറേലും(34 നോട്ടൗട്ട്) സ്റ്റബ്സും(21 നോട്ടൗട്ട്) ശേഷിക്കുന്ന ജോലി പൂര്‍ത്തിയാക്കി.
ജേക് ഫ്രേസര്‍ മക്ഗുര്‍ഗ് 38 റണ്‍സടിച്ചപ്പോള്‍ അഭിഷേക് പോറല്‍ 34 റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ച്ചയായ രണ്ടാം ജയവുമായി ഡല്‍ഹി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ ഹൈദരാബാദ് ആറാം സ്ഥാനത്തേക്ക് വീണു. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18.4 ഓവറില്‍ 163ന് ഓള്‍ ഔട്ട്, ഡല്‍ഹി ക്യാപിറ്റല്‍ 16 ഓവറില്‍ 166-3.
164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കായി ഓപ്പണര്‍മാരായ ഫാഫ് ഡൂപ്ലെസിയും ജേക് ഫ്രേസര്‍ മക്ഗുര്‍കും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഒമ്പത് ഓവറില്‍ 81 റണ്‍സടിച്ചു. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡൂപ്ലെസി പിന്നാലെ സീഷാന്‍ അന്‍സാരിയുടെ പന്തില്‍ പുറത്തായെങ്കിലും അടി തുടര്‍ന്ന മക്ഗുര്‍ക് ഡല്‍ഹിയെ മുന്നോട്ട് നയിച്ചു.
സീഷാന്‍ അന്‍സാരി മക്ഗുര്‍കിനെയും(32 പന്തില്‍ 38), കെ എല്‍ രാഹുലിനെയും(5 പന്തില്‍ 15) മടക്കിയെങ്കിലും അഭിഷേക് പോറലും(18 പന്തില്‍ 34), ട്രിസ്റ്റന്‍ സ്റ്റബ്‌സും(14 പന്തില്‍ 21) ചേര്‍ന്ന് ഡല്‍ഹിയെ അതിവേഗം ജയത്തിലേക്ക് നയിച്ചു. ഹൈദരാബാദിനായി സീഷാന്‍ അന്‍സാരി നാലോവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടിയിട്ടും തോല്‍വി
സ്വന്തം തട്ടകത്തില്‍ ടോസ് നേടിയിട്ടും സണ്‍റൈസേഴ്സിന് തൊട്ടതെല്ലാം പിഴച്ചു. മധ്യനിര ബാറ്റര്‍ അനികേത് വര്‍മ്മയുടെ ഒറ്റയാള്‍പ്രകടനമാണ് ആതിഥേയരെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. 41 പന്തില്‍ 74 റണ്‍സ് അടിച്ച അനികേതിന്റെ പോരാട്ടത്തിന്റെ മികവിലാണ് സണ്‍റൈസേഴ്സ് 163 റണ്‍സിലെത്തിയത്. മുന്‍നിര ബാറ്റര്‍മാരുടെ അലക്ഷ്യമായ ബാറ്റിങ്ങാണ് ഹൈദരബാദിനെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍നിന്ന് തടഞ്ഞത്.
37 റണ്‍സിനിടെ തന്നെ നാല് വിക്കറ്റ് വീണ ടീമിനെ അനികേതും ക്ലാസനും(32) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 77 റണ്‍സ് അടിച്ച് കളി തിരിച്ചുപിടിച്ചു. ശരാശരി 10 റണ്‍സ് റണ്‍റേറ്റിലാണ് ടീം ഇന്നിങ്സിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കിയത്. 20 ഓവറും കളിക്കാന്‍ ശ്രമിക്കുന്ന ഗെയിം പ്ലാനുണ്ടായില്ല. ഒടുവില്‍ 18.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 3.4 ഓവറില്‍ 35 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.
ഹൈദരബാദിന്റെ ആദ്യ ഓവറില്‍തന്നെ ഒരു റണ്‍ മാത്രമെടുത്ത് വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ്മ ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടായി. ആദ്യ കളിയിലെ സെഞ്ചൂറിയന്‍ ഇഷാന്‍ കിഷാനും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി നേരിട്ട രണ്ടാം പന്തില്‍തന്നെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. പിടിച്ചുനിന്ന ഓപ്പണര്‍ ട്രെവിസ് ഹെഡ്ഡും പുറത്തായതോടെ ഹൈദരാബാദ് പ്രതിസന്ധിയിലായി. അഞ്ചാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനം വന്നെങ്കിലും ക്ലാസന്റെയും അനികേതിന്റെയും വിക്കറ്റുകള്‍ വീണത് കളിയുടെ ഗതി മാറ്റി.