- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍നിര വീണിട്ടും വീറോടെ പൊരുതി ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും; പിന്തുണച്ച് ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡും; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഗുജറാത്ത്; തുടര്‍ച്ചയായ നാലാം തോല്‍വിയുമായി ഹൈദരാബാദ് ഏറ്റവും പിന്നില്‍
ഹൈദരാബാദിനെ ഹോംഗ്രൗണ്ടില്‍ കീഴടക്കി ഗുജറാത്ത്; ജയം ഏഴ് വിക്കറ്റിന്
ഹൈദരാബാദ്: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ശുഭ്മാന്‍ ഗില്‍ (43 പന്തില്‍ 63), വാഷിംഗ്ടണ്‍ സുന്ദര്‍ (29 പന്തില്‍ 49) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിനെ നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
ഹൈദരാബാദ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം മോശമായിരുന്നു. 16 റണ്‍സിനിടെ തന്നെ ടീമിന് രണ്ടുവിക്കറ്റ് നഷ്ടമായി. സായ് സുദര്‍ശനെ(5) ഷമി പുറത്താക്കിയപ്പോള്‍ ജോസ് ബട്ട്ലറിനെ(0)കമ്മിന്‍സും പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ടീം സ്‌കോര്‍ നൂറുകടന്നു. സ്‌കോര്‍ 106-ല്‍ നില്‍ക്കേ വാഷിങ്ടണ്‍ സുന്ദറിനെ ഷമി പുറത്താക്കി. 29 പന്തില്‍ നിന്ന് 49 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഗില്ലും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡും ടീമിന് അനായാസജയമൊരുക്കി. 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലക്ഷ്യത്തിലെത്തി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ട്രാവിസ് ഹെഡിനെ(8) ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. അഞ്ച് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ശര്‍മയ്ക്കും ഇഷാന്‍ കിഷനും ശ്രദ്ധയോടെ ബാറ്റേന്തിയെങ്കിലും ടീം 50-ലെത്തുമ്പോഴേക്കും ഇരുവരും പുറത്തായി. അഭിഷേക് ശര്‍മ 18 റണ്‍സും ഇഷാന്‍ കിഷന്‍ 17 റണ്‍സുമെടുത്തു.
എന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡിയും(31) ഹെന്റിച്ച് ക്ലാസനും(27) ചേര്‍ന്ന് എസ്ആര്‍എച്ച് സ്‌കോര്‍ നൂറിലെത്തിച്ചു. അവസാനഓവറുകളില്‍ അനികെത് വര്‍മയും(18) പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സിന് ഹൈദരാബാദ് ഇന്നിങ്സ് അവസാനിച്ചു. ഗുജറാത്തിനായി മുഹമ്മദ് സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണയും സായ്കിഷോറും രണ്ട് വീതം വിക്കറ്റെടുത്തു.