ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ജന്മമെടുക്കുമ്പോള്‍ ജനിച്ചിട്ടു പോലുമില്ല, ഐപിഎല്‍ പതിനെട്ടാം സീസണില്‍ എത്തിനില്‍ക്കുമ്പോല്‍ ലോക ക്രിക്കറ്റനെയൊന്നാകെ വിസ്മയിപ്പിച്ച് ഒരു പതിനാലുകാരന്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഐപിഎല്ലില്‍ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. ഒപ്പം ഐപിഎല്ലില്‍ സെഞ്ചുറി കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. വൈഭവ് സൂര്യവംശി എന്ന രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡ്‌സ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ചാണ് വൈഭവ് തന്നെ വൈഭം തെളിയിച്ചത്. മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ അടക്കം തഴക്കം വന്ന ബൗളര്‍മാരെയെല്ലാം തകര്‍ത്തടിച്ചാണ് താരം തന്റെ കന്നി ഐപിഎല്‍ സെഞ്ചുറി നേടിയത്. ഒടുവില്‍ പ്രസിദ്ധിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 38 പന്തില്‍ 101 റണ്‍സാണ് വൈഭവ് പേരിലാക്കിയത്. 11 സിക്‌സും ഏഴ് ഫോറും വൈഭവിന്റെ ബാറ്റില്‍ നിന്ന് ഒഴുകി.

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ഐപിഎല്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയുമാണ് വൈഭവ് സൂര്യവന്‍ശി. ഇപ്പോള്‍ സെഞ്ചുറി നേട്ടത്തിലൂടെ നിരവധി നേട്ടങ്ങളാണ് വൈഭവ് പേരിലെഴുതിയത്. ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന രണ്ടാമത്തെ സെഞ്ചുറിയാണ് താരത്തിന്റേത്. കൂടാതെ ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കൂടെ സ്വാഭവികമായി വൈഭവിന്റെ പേരിലായി.

38 പന്തില്‍ 11 സിക്‌സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 35 പന്തിലാണ് വൈഭവ് സെഞ്ചറി തികച്ചത്. ഐപിഎലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചറിയാണ് 14 വയസും 32 ദിവസും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. 2013 ല്‍ 30 പന്തില്‍ സെഞ്ചറി നേടിയ ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ചറിയുടെ റെക്കോഡ്.

കൗമാരപ്രതിഭ വൈഭവ് സൂര്യവംശിയുടെ മിന്നും സെഞ്ചറിയുടെയും യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ചറിയുടെയും കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്‍ 15.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുത്തു.

ഗുജറാത്ത് ഉയര്‍ത്തിയ 210 വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അഞ്ച് ഓവറില്‍ 81 റണ്‍സെടുത്ത കൂട്ടുകെട്ട് 10 ഓവറില്‍ 144 റണ്‍സാണെടുത്തത്. കരീം ജനാത്ത് എറിഞ്ഞ പത്താം ഓവറില്‍ മൂന്നു സിക്‌സും മൂന്നു ഫോറുമുള്‍പ്പെടെ 30 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 38 പന്തുകള്‍ മാത്രം നേരിട്ട് 11 സിക്‌സും ഏഴു ഫോറുമുള്‍പ്പെടെ 101 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. വൈഭവ് സൂര്യവംശി യശസ്വി ജയ്‌സ്വാള്‍ കൂട്ടുകെട്ട് 71 പന്തില്‍ 166 റണ്‍സെടുത്തു.

രാജസ്ഥാന്റെ വണ്ടര്‍ കിഡ്‌സ്

14ാം വയസ്സില്‍ നിങ്ങളെന്തുചെയ്യുകയായിരുന്നു? മുന്‍ ബംഗാള്‍ ക്രിക്കറ്റ് താരം ശ്രീവത്സ് ഗോസ്വാമി, നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ഐപിഎല്‍ കരിയറിന് വൈഭവ് സൂര്യവംശി തുടക്കം കുറിച്ചപ്പോള്‍ എക്സില്‍ കുറിച്ച ചോദ്യമായിരുന്നു. 14-ാം വയസ്സില്‍ നമ്മളില്‍ പലരും എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം പരതുമ്പോള്‍ ജയ്പുരില്‍ വൈഭവ് സൂര്യവംശി എന്ന പതിനാലുകാരന്‍ സമാനതകളില്ലാത്ത ഐപിഎല്ലില്‍ ചരിത്രം കുറിക്കുകയായിരുന്നു. അതിവേഗ സെഞ്ചുറിയോടെ നാളിതുവരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കാത്ത നേട്ടങ്ങള്‍ പലതും വൈഭവ് സ്വന്തം പേരിലാക്കി.

വെടിക്കെട്ടോടെ ഐപിഎല്‍ അരങ്ങേറ്റം ഉജ്വലമാക്കിയ വൈഭവ് വിസ്മയിപ്പിക്കുകയാണ്. ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ വാഴുന്ന ഐപിഎല്ലില്‍ ഒരു 14 കാരന് എന്ത് ചെയ്യാനാകുമെന്ന ചോദിച്ചവര്‍ക്കെല്ലാം ഈ ഒരൊറ്റ ഇന്നിങ്സുകൊണ്ട് വൈഭവ് മറുപടി നല്‍കി. ഗുജറാത്തിനെതിരേ 35 പന്തില്‍ സെഞ്ചുറിനേടിയ ഇന്നിങ്‌സിന് സമാനതകളില്ല. ഈ വണ്ടര്‍ കിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നീലക്കുപ്പായം അണിയുന്ന കാലം വിദൂരമല്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്.

രാജസ്ഥാനെതിരേ 210 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മടങ്ങുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി ബട്‌ലറും ഗില്ലും സ്വപ്നത്തില്‍ പോലും കണ്ടിട്ടുണ്ടാകില്ല. ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച 14-കാരന്റെ വിളയാട്ടം. ഗുജറാത്തിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശില്‍പ്പി. അതിവേഗ സെഞ്ചുറിയുമായി വൈഭവ് കത്തിക്കയറുന്ന കാഴ്ചയാണ് ജയ്പുരില്‍ കണ്ടത്. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച താരം 35 പന്തില്‍ സെഞ്ചുറിയും നേടി. ഒരുപിടി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി അങ്ങനെ റെക്കോഡുകള്‍ വൈഭവ് തിരുത്തിയെഴുതി.

ഇന്നിങ്സിന്റെ തുടക്കം മുതല്‍ തന്നെ വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ സിറാജിനെ അതിര്‍ത്തി കടത്തിയ തുടക്കം. പിന്നീട് ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. മൂന്നാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സായിരുന്നു രാജസ്ഥാന്റെ സ്‌കോര്‍. എന്നാല്‍ നാലാം ഓവറില്‍ 14-കാരന്റെ വെടിക്കെട്ട് പൂരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഷാന്ത് ശര്‍മ എറിഞ്ഞ നാലാം ഓവറില്‍ ഇഷാന്തിനെ പലകുറി അതിര്‍ത്തികടത്തിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. മൂന്ന് സിക്സറുകളും രണ്ട് ഫോറുകളും അടക്കം രാജസ്ഥാന്‍ ആ ഓവറില്‍ നേടിയത് 28 റണ്‍സ്. അടുത്ത ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെയും അടിച്ചുതകര്‍ത്തതോടെ 17 പന്തില്‍ നിന്ന് വൈഭവ് അര്‍ധസെഞ്ചുറി തികച്ചു. സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയും താരം സ്വന്തമാക്കി. അതോടെ രാജസ്ഥാന്‍ ആറോവറില്‍ 87 ലെത്തി.

അര്‍ധസെഞ്ചുറി തികച്ചതിന് ശേഷവും വൈഭവ് വെടിക്കെട്ട് തുടരുന്നതാണ് മൈതാനത്ത് കണ്ടത്. ഒരു വശത്ത് യശസ്വി ജയ്സ്വാളിനെ നിര്‍ത്തിക്കൊണ്ട് വൈഭവ് സൂര്യവംശി ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു. പ്രസിദ്ധും റാഷിദ് ഖാനും കരിം ജാനത്തുമൊക്കെ വൈഭവിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. പിന്നാലെ 35 പന്തില്‍ സെഞ്ചുറി. വൈഭവ് സൂര്യവംശി കത്തിക്കയറിയപ്പോള്‍ ഗുജറാത്തിന്റെ പ്രതീക്ഷകളെല്ലാം തരിപ്പണമായി. 101 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ ഒരുപിടി റെക്കോഡുകളും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

2011-ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 2019-ല്‍ 16 വര്‍ഷവും 157 ദിവസവും പ്രായമുള്ളപ്പോള്‍ ആര്‍സിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബര്‍മന്റെ പേരിലായിരുന്നു ഇതിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.

അണ്ടര്‍-19 ടെസ്റ്റ് മാച്ചില്‍ ഓസ്‌ട്രേലിയക്കെതിരേ നടത്തിയ പ്രകടനമാണ് വൈഭവിന്റെ കരിയറില്‍ വഴിത്തിരിവായത്. ഓസീസിനെതിരേ 58 പന്തില്‍ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാന്‍ മാനേജ്മെന്റ് നോട്ടമിട്ടിരുന്നുവെന്ന് അടുത്തിടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കിയിരുന്നു. 'ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ സൂര്യവംശിയുടെ ബാറ്റിങ് രാജസ്ഥാന്‍ ടീമിന്റെ തീരുമാനങ്ങളെടുക്കുന്ന മാനേജ്‌മെന്റിലെ പ്രധാനപ്പെട്ട ആളുകളെല്ലാം കണ്ടിരുന്നു. അന്ന് അവന്‍ കളിച്ച ഷോട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. ഇത്തരം ആളുകളെ ഒപ്പം നിര്‍ത്തി അവര്‍ ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്ന് കാണണമെന്ന് ഞങ്ങള്‍ക്ക് തോന്നി', എ.ബി. ഡിവില്ലിയേഴ്സ് അവതരിപ്പിക്കുന്ന 360 ഷോയോട് സംസാരിക്കവെ സഞ്ജു അന്ന് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനുവേണ്ടി 62 പന്തില്‍ നിന്ന് 104 റണ്‍സെടുത്താണ് താരം ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് പതിമൂന്ന് വര്‍ഷവും 188 ദിവസവുമായിരുന്നു വൈഭവിന് പ്രായം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അന്ന് വൈഭവ് നേടിയത്.

ബിഹാര്‍ സമസ്തിപുര്‍ സ്വദേശിയായ വൈഭവ് 2024 ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പട്നയില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. യുവരാജ് സിങ്ങിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും മുന്‍പേ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാന്‍ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസ്സിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീന്‍, (12 വര്‍ഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വര്‍ഷവും 76 ദിവസവും) മുഹമ്മദ് റംസാന്‍ (12 വര്‍ഷവും 247 ദിവസവും) ആണ് വൈഭവിനേക്കാള്‍ ചെറിയ പ്രായത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവര്‍. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു.