- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നുന്ന തുടക്കമിട്ട് റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും; ബാറ്റിങ് വെടിക്കെട്ടുമായി രഘുവന്‍ഷിയും റിങ്കുസിങും; ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ കൂറ്റന്‍ സ്‌കോര്‍ നേടി കൊല്‍ക്കത്ത; വിജയലക്ഷ്യം 205 റണ്‍സ്
ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ കൂറ്റന്‍ സ്‌കോര്‍ നേടി കൊല്‍ക്കത്ത
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. 44 റണ്‍സ് നേടിയ അംഗ്കൃഷ് രഘുവന്‍ഷിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇന്നിംഗ്‌സിന്റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ചാണ് ഗുര്‍ബാസ് തുടങ്ങിയത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ദുഷ്മന്ത ചമീരയെ സുനില്‍ നരെയ്ന്‍ കടന്നാക്രമിച്ചു. നരെയ്ന്‍ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഗുര്‍ബാസ് അവസാന പന്തില്‍ ബൗണ്ടറിയടിച്ചു.
രണ്ടാം ഓവറില്‍ മാത്രം 25 റണ്‍സ് പിറന്നതോടെ ടീം സ്‌കോര്‍ 33ലേയ്ക്ക്. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ ഗുര്‍ബാസ് (26) മടങ്ങി. 3.4 ഓവറില്‍ ടീം സ്‌കോര്‍ 50 പിന്നിട്ടു. മികച്ച ഫോമില്‍ ബാറ്റ് വീശിയ സുനില്‍ നരെയ്ന്‍ 7-ാം ഓവറിലും നായകന്‍ അജിങ്ക്യ രഹാനെ 8-ാം ഓവറിലും മടങ്ങി. നരെയ്‌നെ (27) വിപ്രാജ് നിഗവും രഹാനെയെ (26) അക്‌സര്‍ പട്ടേലും വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 10-ാം ഓവറില്‍ വെങ്കടേഷ് അയ്യരെയും (7) മടക്കിയയച്ച് അക്‌സര്‍ ഡല്‍ഹി ആരാധകരെ ആവേശത്തിലാക്കി.
മധ്യനിരയില്‍ അംഗ്കൃഷ് രഘുവന്‍ഷി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ റണ്‍റേറ്റ് താഴാതെ കൃത്യമായ ഇടവേളകളില്‍ ബൗണ്ടറി കണ്ടെത്തിയും സിംഗിളുകളും ഡബിളുകളും ഓടിയെടുത്തും രഘുവന്‍ഷി ഉറച്ചുനിന്നു. പതിയെ തുടങ്ങിയ റിങ്കു സിംഗ് കുല്‍ദീപ് എറിഞ്ഞ 15-ാം ഓവറില്‍ ഗിയര്‍ മാറ്റി. രണ്ടാം പന്തില്‍ ബൗണ്ടറിയും 5-ാം പന്തില്‍ സിക്‌സറും അവസാന പന്തില്‍ വീണ്ടും ബൗണ്ടറിയും നേടി റിങ്കു ആക്രമണം അഴിച്ചുവിട്ടു. 15 ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ടീം സ്‌കോര്‍ 150 കടന്നു.
17-ാം ഓവറില്‍ രഘുവന്‍ഷിയെ ദുഷ്മന്ത ചമീര മടക്കിയയച്ചു. 32 പന്തില്‍ 44 റണ്‍സ് നേടിയാണ് രഘുവന്‍ഷി മടങ്ങിയത്. 18-ാം ഓവറിന്റെ മൂന്നാം പന്തില്‍ റിങ്കു സിംഗി (36) നെയും കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ കൊല്‍ക്കത്തയുടെ സ്‌കോറിംഗിന്റെ വേഗം കുറഞ്ഞു. അവസാന ഓവറില്‍ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ രണ്ട് വിക്കറ്റുകളും ഒരു റണ്ണൗട്ടും സഹിതം മൂന്ന് വിക്കറ്റുകള്‍ വീണു. ആന്ദ്രെ റസല്‍ നേടിയ 9 പന്തില്‍ 17 റണ്‍സാണ് കൊല്‍ക്കത്തയെ 200 കടത്തിയത്.