ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 14 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 205 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 45 പന്തില്‍ 62 റണ്‍സ് എടുത്ത ഫാഫ് ഡു പ്ലസിസ് ആണ് ടോപ് സ്‌കോറര്‍. അക്ഷര്‍ പട്ടേല്‍ 23 പന്തില്‍ 43 റണ്‍സ് എടുത്ത് പുറത്തായി. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സുനില്‍ നരൈനാണ് ഡല്‍ഹിയെ തകര്‍ത്തത്. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്ക്‌റ്റെടുത്തു. 19 പന്തില്‍ 38 റണ്‍സ് എടുത്ത വിപ്രാജ് നിഗമിന്റെ പോരാട്ടം അവസാന ഓവറുകളില്‍ ഡല്‍ഹിക്ക് ജയപ്രതീക്ഷ നല്‍കി.

മികച്ച ഫോമിലുള്ള കെ എല്‍ രാഹുല്‍ എഴ് റണ്‍സ് എടുത്ത് നില്‍ക്കെ റണ്ണൗട്ടായി മടങ്ങി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് ഒരു റണ്‍സ് എടുത്ത് നില്‍ക്കെ സുനില്‍ നരൈന്റ് പന്തില്‍ ബൗള്‍ഡായി. സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ അശുതോഷ് ശര്‍മയ്ക്കും പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനായില്ല. അവസാന ഓവറുകളില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ വിപ്രാജ് നിഗമിന്റെ ഇന്നിംഗ്‌സാണ് ഡല്‍ഹിയുടെ തോല്‍വി ഭാരം കുറച്ചത്. 19 പന്തുകള്‍ നേരിട്ട വിപ്രാജ് 38 റണ്‍സ് നേടിയാണ് പുറത്തായത്. കൊല്‍ക്കത്തയുടെ വിജയത്തില്‍ സുനില്‍ നരെയ്‌ന്റെ ബൗളിംഗ് പ്രകടനം നിര്‍ണായകമായി. 4 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയ നരെയ്ന്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി.

പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് ഡല്‍ഹി നേടിയത്. 205 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം. ആദ്യ പന്തില്‍ അനുകൂല്‍ റോയിയെ ബൗണ്ടറി കടത്തിയ അഭിഷേക് പോറലിന് രണ്ടാം പന്ത് അതിജീവിക്കാനായില്ല. കൂറ്റനടിക്ക് ശ്രമിച്ച് അഭിഷേക് ആന്ദ്രെ റസലിന് അനായാസ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. രണ്ട് പന്തില്‍ നാല് റണ്‍സായിരുന്നു അഭിഷേകിന്റെ സമ്പാദ്യം. മൂന്നാമനായി മലയാളി താരം കരുണ്‍ നായരാണ് ക്രീസിലെത്തിയത്.

രണ്ടാം ഓവറില്‍ വൈഭവ് അറോറയെ സിക്‌സര്‍ പായിച്ച് ഫാഫ് ഡുപ്ലെസിസ് തന്റെ ആദ്യ ബൗണ്ടറി കണ്ടെത്തി. രണ്ടാം ഓവറില്‍ പത്ത് റണ്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനാണ് ഡല്‍ഹിക്കായത്. മൂന്നാം ഓവറിന്റെ തുടക്കത്തില്‍ തന്നെ കരുണ്‍ ബൗണ്ടറി നേടി. എന്നാല്‍, പിന്നീട് അനുകൂല്‍ തിരിച്ചുവരവ് നടത്തി. മൂന്നാം ഓവറില്‍ അവശേഷിച്ച അഞ്ച് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ഡല്‍ഹിയുടെ ബാറ്റര്‍മാര്‍ക്ക് നേടാന്‍ സാധിച്ചത്.

എന്നാല്‍ ഹര്‍ഷിത് റാണയെറിഞ്ഞ നാലാം ഓവറിലാണ് ഡല്‍ഹിക്ക് കാര്യമായി സ്‌കോര്‍ ചെയ്യാനായത്. മൂന്ന് ബൗണ്ടറികളാണ് ഡുപ്ലെസിസ് ഹര്‍ഷിതിനെതിരെ നേടിയത്. ആകെ 14 റണ്‍സ് ഓവറില്‍ പിറന്നു. അടിക്ക് തിരിച്ചടിയെന്നവണ്ണം അടുത്ത ഓവറില്‍ വൈഭവ് കരുണ്‍ നായരിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ടൂര്‍ണമെന്റിലെ മികച്ച തുടക്കത്തിന് ശേഷം കരുണ്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. 13 പന്തില്‍ രണ്ട് ഫോറടക്കം 15 റണ്‍സായിരുന്നു കരുണിന്റെ സമ്പാദ്യം.

വിക്കറ്റുകള്‍ ഒരു വശത്ത് വീഴുമ്പോഴും ഡുപ്ലെസിസ് പോരാട്ടം തുടര്‍ന്നു. വൈഭവിനെ ബൗണ്ടറി വര കടത്തി കരുണിന്റെ വിക്കറ്റ് നല്‍കിയ പ്രഹരത്തില്‍ നിന്നൊരു ആശ്വാസം ഡല്‍ഹി ക്യാമ്പിന് താരം നല്‍കി.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടി. 32 പന്തുകളില്‍ 44 റണ്‍സെടുത്ത അന്‍ക്രിഷ് രഘുവന്‍ശിയാണ് കെകെആര്‍ നിരയിലെ ടോപ് സ്‌കോറര്‍. 174ന് നാല് എന്ന മികച്ച നിലയില്‍ നിന്ന കെകെആറിന് പക്ഷേ അവസാന മൂന്ന് ഓവറുകളില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.

ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസ് 26(12), സുനില്‍ നരെയ്ന്‍ 27(16) എന്നിവര്‍ മിന്നല്‍ തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 26(14) റണ്‍സ് നേടി. മോശം ഫോം തുടരുന്ന വെങ്കടേഷ് അയ്യര്‍ 7(5) റണ്‍സ് നേടി പുറത്തായി. റിങ്കു സിംഗ് 25 പന്തുകളില്‍ നിന്ന് 36, ആന്ദ്രേ റസല്‍ 17(9), റോവ്മാന്‍ പവല്‍ 5(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. അനുകൂല്‍ റോയ് പൂജ്യത്തിന് പുറത്തായി.

ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക് നാലോവറില്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിപ്രാജ് നിഗം, ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം കിട്ടിയപ്പോള്‍ ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ച് ഇനിയുള്ള എല്ലാ മത്സരങ്ങളും വളരെ നിര്‍ണായകമാണ്. പഞ്ചാബിനെതിരായ അവരുടെ കഴിഞ്ഞ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.