കൊല്‍ക്കത്ത: ഐപിഎല്ലിലെ അവസാന ഓവര്‍ ത്രില്ലറില്‍ കൊല്‍ക്കത്തയെ കീഴടക്കി ചെന്നൈ. രണ്ട് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തുലാസിലായി. 60-5 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടിട്ടും ഡെവാള്‍ഡ് ബ്രവിസിന്റെയും ശിവം ദുബെയുടെയും ബാറ്റിംഗ് വെടിക്കെട്ടാണ് ചെന്നൈയെ ജയത്തിലെത്തിച്ചത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ യുവതാരം ആയുഷ് മാത്രെയെ(0) നഷ്ടമായി. പിന്നാലെ ഡേവിഡ് കോണ്‍വേയും ഡക്കായി മടങ്ങി. എന്നാല്‍ മൂന്നാമനായിറങ്ങിയ ഉര്‍വില്‍ പട്ടേല്‍ അടിച്ചുതകര്‍ത്തതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 11 പന്തില്‍ നിന്ന് ഒരു ഫോറും നാലുസിക്സറുകളുമടക്കം 31 റണ്‍സെടുത്ത ഉര്‍വില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ചു. താരം പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി.

രവിചന്ദ്രന്‍ അശ്വിന്‍(8) രവീന്ദ്ര ജഡേജ(19) എന്നിവരും കൂടാരം കയറിയതോടെ ചെന്നൈ 60-5 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള്‍ വീഴുമ്പോഴും മികച്ച റണ്‍റേറ്റിലാണ് ചെന്നൈ ബാറ്റേന്തിയത്. ആറോവറില്‍ 62 ലെത്തിയ ടീം പത്തോവറില്‍ 93 റണ്‍സുമെടുത്തു. പിന്നാലെ ഡെവാള്‍ഡ് ബ്രവിസ് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെടിക്കെട്ടുമായി കളം നിറഞ്ഞതോടെ കൊല്‍ക്കത്ത തോല്‍വി മണത്തു.

ഒരു വശത്ത് ശിവം ദുബെയെ നിര്‍ത്തിക്കൊണ്ട് ബ്രവിസ് കൊല്‍ക്കത്ത ബൗളര്‍മാരെ അതിര്‍ത്തികടത്തി. വൈഭവ് അറോറ എറിഞ്ഞ 11-ാം ഓവറില്‍ മൂന്ന് സിക്സറുകളും മൂന്ന് ഫോറുകളുമാണ് ബ്രവിസ് അടിച്ചെടുത്തത്. ഓവറില്‍ 30 റണ്‍സ് നേടിയ താരം 22 പന്തില്‍ അര്‍ധസെഞ്ചുറിയും തികച്ചു. എന്നാല്‍ ബ്രവിസിനെ(52) പുറത്താക്കി കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നു. ശിവം ദുബെ(45) ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ചെന്നൈ വിജയത്തിനടുത്തെത്തി. നൂര്‍ അഹമ്മദ് പുറത്തായെങ്കിലും ധോനി അവസാന ഓവറില്‍ സിക്സറടിച്ച് കളി ചെന്നൈക്ക് അുകൂലമാക്കി. 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയിച്ചു.

നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത 179 റണ്‍സാണെടുത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്ടമായി. 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. രണ്ടാം വിക്കറ്റില്‍ സുനില്‍ നരെയ്നും അജിങ്ക്യ രഹാനെയും കൊല്‍ക്കത്തയുടെ സ്‌കോര്‍ ഉയര്‍ത്തി. പവര്‍ പ്ലേയില്‍ ഇരുവരും അടിച്ചുതകര്‍ത്തതോടെ ടീം ആറോവറില്‍ 67 ലെത്തി.

എന്നാല്‍ നരെയ്നും പിന്നീടിറങ്ങിയ ആങ്ക്രിഷ് രഘുവംശിയും(1) വേഗം പുറത്തായതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. നരെയ്ന്‍ 17 പന്തില്‍ നിന്ന് 26 റണ്‍സാണെടുത്തത്. എന്നാല്‍ മനീഷ് പാണ്ഡെയുമൊപ്പം നായകന്‍ രഹാനെ ടീമിനെ നൂറുകടത്തി. 33 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത രഹാനെ കൂടാരം കയറിയതോടെ കെകെആര്‍ 103-4 എന്ന നിലയിലായി. ശേഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ ആന്ദ്രെ റസലിന്റെ വെടിക്കെട്ടായിരുന്നു. ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ച റസല്‍ 21 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സറുകളുമുള്‍പ്പെടെ 38 റണ്‍സെടുത്തു.

ഒടുക്കം 179 റണ്‍സില്‍ കൊല്‍ക്കത്തയുടെ ഇന്നിങ്സ് അവസാനിച്ചു. മനീഷ് പാണ്ഡെ 28 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത നൂര്‍ അഹമ്മദാണ് ചെന്നൈക്കായി തിളങ്ങിയത്.