ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. ടൂര്‍ണമെന്റിന് വേദിയാകാന്‍ യുഎഇ വിസമ്മതിച്ചായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി പിസിബി അറിയിച്ചത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് വിവരം.

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിഎസ്എല്ലുപോലുള്ള ഒരു ടൂര്‍ണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്ക യുഎഇ ബോര്‍ഡിനുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വെച്ചുപുലര്‍ത്തുന്നത്. ഐപിഎല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇയില്‍ വെച്ച് നടന്നിട്ടുണ്ട്.

2021-ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിനും 2014, 2020, 2021 വര്‍ഷങ്ങളിലെ ഐപിഎല്ലിനും ആതിഥേയത്വം വഹിച്ച ഇസിബിക്ക് ബസിസിഐയുമായി ശക്തമായ ബന്ധമാണുള്ളത്. 2025-ല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഇന്ത്യ മത്സരങ്ങള്‍ക്കും ഇസിബിയാണ് ആതിഥേയത്വം വഹിച്ചിരുന്നത്.

ഈ ഘട്ടത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാകാന്‍ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റാനുള്ള തീരുമാനം പിസിബി കൈക്കൊള്ളുകയായിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെ പിഎസ്എല്ലില്‍ പങ്കെടുക്കുന്ന വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരുന്നു. നേരത്തേ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പിസിബി വേദി മാറ്റാന്‍ തീരുമാനിച്ചിരുന്നത്. യുഎഇ അനുമതി നിഷേധിച്ചതോടെ പിഎസ് എല്‍ല്‍ നീട്ടിവെക്കുകയായിരുന്നു.

സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ അസ്വസ്ഥരാകുകയും നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രാജ്യം വിടണമെന്ന ആവശ്യവുമായി വിദേശ താരങ്ങള്‍ രംഗത്തെത്തിയതോടെ പിസിബി സമ്മര്‍ദത്തിലായി. ജെയിംസ് വിന്‍സ്, ടോം കറന്‍, സാം ബില്ലിങ്സ്, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ടോം കോഹ്ലര്‍-കാഡ്മോര്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും ഡേവിഡ് വാര്‍ണര്‍, ജേസണ്‍ ഹോള്‍ഡര്‍, റാസ്സി വാന്‍ഡെര്‍ ദസ്സന്‍ എന്നിവരും ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാരയും അലക്സാണ്‍ഡ്ര ഹാര്‍ട്ട്ലിയും ഇത്തവണ പിഎസ്എല്ലിന്റെ ഭാഗമായി പാക്കിസ്ഥാനിലുണ്ട്.

നേരത്തേ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്എലിലെ പെഷവാര്‍ സല്‍മി കറാച്ചി കിങ്സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നതായി പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പറഞ്ഞിരുന്നു.