- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു; അപ്രതീക്ഷിത നായകന്; കരുണ്‍ നായരും ഇഷാന്‍ കിഷനും ടീമില്‍; തലമുറ മാറ്റത്തിന് ഒരുങ്ങി ടീം ഇന്ത്യ; യുവനിരയുടെ പ്രകടനം നിര്‍ണായകം
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റഅ പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുന്നത്. കരുണ്‍ നായരെ ടീമില്‍ ഉള്‍പ്പെടുത്തി. ധ്രുവ് ജുറേലാണ് ഉപനായകന്‍. ഇഷാന്‍ കിഷനും ഒരു വര്‍ഷത്തിന് ശേഷം ദേശീയ ടീം സ്‌ക്വാഡിലേക്ക് മടങ്ങിയെത്തി.
രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പര്യടനത്തിലെ പ്രകടനം യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള അവസരമാകും. കരുണ്‍ നായര്‍, ഇഷാന്‍ കിഷന്‍, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍, ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവരെല്ലാം പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടംനേടിയിട്ടുണ്ട്. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുക. ധ്രുവ് ജുറെലാണ് വൈസ് ക്യാപ്റ്റന്‍.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതാര്‍, തനുഷ് കോട്ടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്, ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ.
ഇംഗ്ലണ്ട് ലയണ്‍സിനെതിരേ രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുക. മെയ് 30-നും ജൂണ്‍ ആറിനും കാന്റര്‍ബറിയിലും നോര്‍ത്താംപ്ടണിലുമായാണ് മത്സരങ്ങള്‍. ഇതിനു പിന്നാലെ ഇന്ത്യന്‍ സീനിയര്‍ ടീം ഇംഗ്ലണ്ടിലെത്തിയ ശേഷം ജൂണ്‍ 13-ന് ഒരു ഇന്‍ട്രാ സ്‌ക്വാഡ് മത്സരവുമുണ്ട്. ജൂണ്‍ ആറിന് തുടങ്ങുന്ന രണ്ടാം മത്സരത്തിനു മുമ്പ് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും എ ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജൂണ്‍ 20-നാണ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമാകുന്നത്. അഞ്ചു ടെസ്റ്റുകളടങ്ങുന്നതാണ് പരമ്പര. രോഹിത്തിന്റെയും കോലിയുടെയും അഭാവത്തില്‍ തലമുറമാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇംഗ്ലീഷ് മണ്ണില്‍ എ ടീമിനായി പുറത്തെടുക്കുന്ന മികച്ച പ്രകടനം യുവതാരങ്ങള്‍ക്ക് സീനിയര്‍ ടീമിലെത്താന്‍ ഉപകരിക്കും. കോലി ഒഴിച്ചിട്ട നാലാം നമ്പറിലെത്തുമെന്ന് കരുതുന്ന കരുണ്‍ നായരിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ സര്‍പറാസ് ഖാനും ഇത് ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ്. സീനിയര്‍ ടീം അംഗങ്ങളായ ജയ്സ്വാളിനും ഗില്ലിനും ഇംഗ്ലീഷ് സാഹചര്യങ്ങള്‍ പരിചയപ്പെടാനുള്ള അവസരമാണിത്.