ജയ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുതബാലന്‍ വൈഭവ് സൂര്യവംശി ബിഹാറിലെ സമസ്തിപൂരില്‍ ജനിക്കുമ്പോള്‍ ഇവിടെ നിന്ന് അധികം അകലെയല്ലാത്ത റാഞ്ചിയില്‍ നിന്നുള്ള മഹേന്ദ്ര സിങ് ധോണി തന്റെ കന്നി ഐപിഎല്‍ കിരീടം നേടി രണ്ട് വര്‍ഷം പിന്നിട്ടിരുന്നു. ധോണി വളര്‍ന്നപ്പോള്‍ റാഞ്ചിയും സമസ്തിപൂരും ഒരേ സംസ്ഥാനമായ ബീഹാറിന്റ ഭാഗമായി. ധോണിയുടെ കഥകള്‍ കണ്ടും കേട്ടുമാണ് വൈഭവ് വളര്‍ന്നത്. ഐപിഎല്‍ സീസണില്‍ മിന്നുന്ന പ്രകടനവുമായി ആരാധകരുടെ മനം കവര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ നേടിയ സെഞ്ചറി പ്രകടനത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ ഫോണില്‍ അഞ്ഞൂറിലധികം മിസ്ഡ് കോളുകളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പതിനാലുകാരന്‍ വൈഭവ് സൂര്യവംശി. ഇതോടെ നാല് ദിവസത്തേക്ക് താന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചതായും വൈഭവ് വെളിപ്പെടുത്തി. ഐപിഎല്‍ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാന മത്സരത്തിനു ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി സംസാരിക്കുമ്പോഴാണ് വൈഭവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐപിഎലിലൂടെ പെട്ടെന്നു കൈവന്ന ശ്രദ്ധയും പ്രശസ്തിയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ദ്രാവിഡിന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ്, വൈഭവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ സെഞ്ചറി പ്രകടനത്തിനു ശേഷം എത്ര പേര്‍ ഫോണ്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തുവെന്ന ദ്രാവിഡിന്റെ ചോദ്യത്തിന് വൈഭവിന്റെ മറുപടി ഇങ്ങനെ:

''സെഞ്ചറി പ്രകടനത്തിനു ശേഷം എനിക്ക് ഒട്ടേറെ കോളുകള്‍ വന്നു. ഞാന്‍ തിരിച്ചുവരുമ്പോള്‍ എന്റെ ഫോണില്‍ അഞ്ഞൂറിലധികം മിസ്ഡ് കോളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ പക്ഷേ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവച്ചു. ആ ഇന്നിങ്‌സിനു ശേഷം ഒട്ടേറെപ്പേര്‍ എന്റെ അടുത്തെത്തി. പക്ഷേ, ഇത്രയേറെ ആളുകള്‍ ഇങ്ങനെ വരുന്നത് എനിക്ക് വലിയ ബുദ്ധിമുട്ടാണ്. 34 ദിവസം കഴിഞ്ഞാണ് ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തത്. എന്റെ ചുറ്റിലും കുറേയേറെ ആളുകളുള്ളത് എനിക്ക് ബുദ്ധിമുട്ടാണ്. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ളതാണ് എനിക്കിഷ്ടം' വൈഭവ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ സീസണ്‍ പൂര്‍ത്തിയായതോടെ വൈഭവ് ഉടന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം ക്യാപില്‍ ചേരും. അതേസമയം, അടുത്ത ഐപിഎല്‍ സീസണിനായി രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്തുമ്പോഴേയ്ക്കും എതിര്‍ ടീമിലെ ബോളര്‍മാര്‍ വൈഭവിനെ വീഴ്ത്താനുള്ള പുതിയ തന്ത്രങ്ങള്‍ കണ്ടെത്തിയാകും വരികയെന്ന് ദ്രാവിഡ് കൗമാര താരത്തെ ഓര്‍മിപ്പിച്ചു. ഈ സീസണില്‍ രാജസ്ഥാനായി ഏഴു മത്സരങ്ങളില്‍ കളത്തിലിറങ്ങിയ വൈഭവ് 252 റണ്‍സാണ് നേടിയത്. ഇതില്‍ ഗുജറാത്തിനെതിരായ സെഞ്ചറിയും ചെന്നൈയ്ക്കെതിരായ അവസാന മത്സരത്തില്‍ നേടിയ അര്‍ധസെഞ്ചറിയും ഉള്‍പ്പെടുന്നു.

മത്സരശേഷം ഹസ്തദാനത്തിനായി ഇരുടീമുകളിലെയും താരങ്ങള്‍ അണിനിരന്നപ്പോള്‍ വൈഭവ് സൂര്യവംശി എംഎസ് ധോണിയുടെ കാല്‍ തൊട്ട് വണങ്ങിയിരുന്നു. തന്റെ ഊഴമായപ്പോള്‍ കൈപിടിക്കുന്നതിന് പകരം ഒരു കൈകൊണ്ട് സിഎസ്‌കെ ക്യാപ്റ്റന്റെ കാലില്‍ തൊടുകയായിരുന്നു. ധോണിയാവട്ടെ പുഞ്ചിരിയോടെ വൈഭവിന്റെ മറ്റേ കൈയില്‍ പിടിച്ചു.

ഐപിഎല്‍ 2025ല്‍ ഇന്നലെ ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തിയ പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സിനായി 14 വയസ്സുള്ള വൈഭവ് വീണ്ടും റെക്കോഡ് നേട്ടങ്ങള്‍ കൈവരിച്ചു.