മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 181 റണ്‍സ് വിജയലക്ഷ്യം. ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ രോഹിത് ശര്‍മയും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും നിരാശപ്പെടുത്തിയപ്പോള്‍, അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് (43 പന്തില്‍ 73*) മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ കത്തിക്കയറിയ നമന്‍ ധിറിന്റെ ഇന്നിങ്‌സും മുംബൈക്ക് കരുത്തായി. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 180 റണ്‍സ് നേടിയത്.

വാംഖഡെയിലെ വിചിത്ര പിച്ചില്‍ റണ്ണൊഴുക്കാന്‍ 18 ഓവറുകള്‍ വരെയും പേരുകേട്ട മുംബൈ ബാറ്റര്‍മാര്‍ക്കായില്ല. ഇതിന് ശേഷം 19, 20 ഓവറുകളില്‍ സൂര്യ-നമാന്‍ സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈക്ക് മികച്ച സ്‌കോറൊരുക്കിയത്. ഇരുടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്ന് ജയിച്ചേ തീരു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി റയാന്‍ റിക്കിള്‍ടണ്‍ (18 പന്തില്‍ 25) തുടക്കം മുതല്‍ വമ്പനടികള്‍ പുറത്തെടുത്തപ്പോള്‍, മൂന്നാം ഓവറില്‍ വീണ ഹിറ്റ്മാന്‍ രോഹിത് ശര്‍മ (5) വീണ്ടും നിരാശപ്പെടുത്തി. പവര്‍പ്ലേ അവസാനിക്കും മുമ്പ് വില്‍ ജാക്‌സും (13 പന്തില്‍ 21) തൊട്ടടുത്ത ഓവറില്‍ റിക്കിള്‍ടണും വീണു. ഇതോടെ സ്‌കോര്‍ 6.4 ഓവറില്‍ മൂന്നിന് 58 എന്ന നിലയിലായി. പിന്നാലെയെത്തിയ തിലക് വര്‍മയ്ക്ക് കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാനാവാതെ വന്നതോടെ മുംബൈ പരുങ്ങി.

നാലാം വിക്കറ്റില്‍ സൂര്യയും തിലകും ചേര്‍ന്ന് മുംബൈ ഇന്നിങ്‌സില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15-ാം ഓവറില്‍ തിലകിനെ (27) സമീര്‍ റിസ്വിയുടെ കൈകളിലെത്തിച്ച് മുകേഷ് കുമാറാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (3) നിലയുറപ്പിക്കാനാകാതെ മടങ്ങി. പിന്നാലെയെത്തിയ നമന്‍ ധിറിനെ സാക്ഷിയാക്കി സൂര്യകുമാര്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കി. 36 പന്തിലാണ് താരം ഫിഫ്റ്റി തികച്ചത്. അവസാന ഓവറുകളില്‍ ഇരുവരും വമ്പന്‍ ഷോട്ടുകള്‍ പുറത്തെടുത്തതോടെ സ്‌കോര്‍ 180ലെത്തി. സൂര്യ 73 റണ്‍സും നമന്‍ എട്ട് പന്തില്‍ 24 റണ്‍സുമായി പുറത്താകാതെനിന്നു. ക്യാപിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുനേടി.

360 ഡിഗ്രി ബാറ്റിംഗിന് പേരുകേട്ട സൂര്യകുമാര്‍ യാദവിന് പോലും വാംഖഡെ പിച്ചില്‍ താളം കണ്ടെത്താന്‍ പാടുപെടേണ്ടിവന്നു. ഒടുവില്‍ 36 പന്തുകളില്‍ സൂര്യ അര്‍ധസെഞ്ചുറി തികച്ചു. ഇന്നിംഗ്‌സിലെ അവസാന രണ്ടോവറുകളിലാണ് മുംബൈ ഇന്ത്യന്‍സ് കരകയറിയത്. സൂര്യകുമാര്‍ യാദവും നമാന്‍ ധിറും 19-ാം ഓവറില്‍ മുകേഷ് കുമാറിനെതിരെ 27 റണ്‍സും, 20-ാം ഓവറില്‍ ദുഷ്മന്ത ചമീരയ്‌ക്കെതിരെ 21 റണ്‍സുമടിച്ചു. മുംബൈ ഇന്ത്യന്‍സ് ഇന്നിംഗ്സ് പൂര്‍ത്തിയാകുമ്പോള്‍ സൂര്യകുമാര്‍ 43 പന്തുകളില്‍ 73* ഉം, നമാന്‍ 8 പന്തുകളില്‍ 24* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.