അയോധ്യ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ എന്നിവരുടെ 'ആത്മീയ യാത്ര' തുടരുന്നു. ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയ കോലിയും അനുഷ്‌കയും, ഇന്ന് അയോധ്യയിലുമെത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇരുവരും അയോധ്യയിലെ ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലും ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലും ദമ്പതികള്‍ കുടുംബസമേതം എത്തി പ്രാര്‍ഥന നടത്തി. കോലിയും അനുഷ്‌കയും സുരക്ഷാ ജീവനക്കാര്‍ക്കും പൂജാരിക്കുമൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഐപിഎല്ലില്‍ ആര്‍സിബിയും എസ്ആര്‍എച്ചും തമ്മിലുള്ള മത്സരത്തിന് വേണ്ടി മെയ് 23ന് ലഖ്നൗവിലെത്തിയതിന് പിന്നാലെയാണ് ഇരുവരും ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. മാച്ചിനിടയില്‍ കോഹ്ലിക്ക് വേണ്ടി ആര്‍പ്പ് വിളിക്കുന്ന അനുഷ്‌കയുടെ വീഡിയോകളും പ്രചരിച്ചിരുന്നു.

നേരത്തെ, വിരമിക്കല്‍ പ്രഖ്യാപനം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു പിന്നാലെ അനുഷ്‌ക ശര്‍മയുമൊത്ത് കോലി മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കാണ് ആദ്യം പോയത്. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ കോലി ആത്മീയ ഗുരുവാക്കിയിരുന്നു. ടാക്‌സിയിലാണ് കോലിയും അനുഷ്‌കയും അന്ന് ആശ്രമത്തിലെത്തിയത്.

ആത്മീയഗുരുവായ പ്രേമാനന്ദ ജി മഹാരാജിനെ സന്ദര്‍ശിച്ച കോലിയും അനുഷ്‌കയും ഏഴുമിനിറ്റോളം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അതിനു മുന്‍പ് 2023 ജനുവരിയിലും 2025 ജനുവരിയിലും കോലി വൃന്ദാവനിലെ ആശ്രമത്തിലെത്തിയിരുന്നു.