- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജ്യം ആഗ്രഹിച്ച കിരീടം നേടിക്കൊടുത്ത നായകനായി അറിയപ്പെടുന്നതില്‍ സന്തോഷം; ഞാന്‍ നെഞ്ച് വിരിച്ച് നടക്കും; ഈ വിജയം ലോര്‍ഡ്സില്‍ മാത്രമല്ല, നാട്ടിലും ആഘോഷിക്കും'; വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ
ലണ്ടന്‍: കരിയറില്‍ ഒരുപാട് വെറുപ്പും, കളിയാക്കലുകളും ബോഡി ഷെയ്മിങ്ങുമെല്ലാം നേരിടേണ്ടി വന്നിട്ടും ദക്ഷിണാഫ്രിക്കയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടത്തിലേക്ക് നയിച്ചതോടെ ടെംബ ബാവുമ ദേശീയ ഹീറോയായി മാറിക്കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ നായകന്‍ എന്ന നിലയില്‍ ഒരുപാട് അഭിമാനമുണ്ടെന്നും ചരിത്രത്തില്‍ ഒരു കറുത്ത ക്രിക്കറ്റ് താരമെന്നതിലുപരി രാജ്യത്തിന് കിരീടം നേടികൊടുത്ത നായകനെന്ന രീതിയില്‍ അറിയപ്പെടുമെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ബാവുമ പറഞ്ഞു.
'ഒരു കറുത്ത് ക്രിക്കറ്റ് കളിക്കാരന്‍ എന്നതിലുപരി, രാജ്യം എപ്പോഴും ആഗ്രഹിച്ച കാര്യം നേടിക്കൊടുത്ത നായകനായി അറിയപ്പെടുന്നതില്‍ സന്തോഷം. ഇത് എനിക്ക് നെഞ്ച് വിരിച്ച് നടക്കാനുള്ള കാര്യമാണ്. ഈ കിരീടനേട്ടാം രാജ്യത്തിന് പ്രചോദനമാകുമെന്ന് കരുതുന്നു,' ബാവുമ പറഞ്ഞു.
''ഞങ്ങളുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ദുര്‍ബല ടീമുകളെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത് എന്നുവരെ പറഞ്ഞു. ഈ വിജയം അവര്‍ക്കുള്ളതാണ്. ഈ വിജയം ഞങ്ങല്‍ മതിമറന്ന് നാട്ടിലും ആഘോഷിക്കും.'' ബാവൂമ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തിലും കിരീടനേട്ടത്തിലും ബാവുമയുടെ പങ്ക് വളരെ വലുതായിരുന്നു. അതില്‍ നിര്‍ണ്ണായകമായ സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും നേടിയാണ് ബാവുമ പ്രോട്ടീസിനെ കിരീടത്തിലേക്ക് നയിച്ചത്. ചോക്കേഴ്‌സ് എന്ന വിശേഷണം ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നെറ്റിയില്‍ നിന്നു മായ്ച്ചു കളയാന്‍ സാധിച്ചിട്ടുള്ള അവരുടെ രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണ് ബാവുമ.
ഓസീസിനെതിരെ ഫൈനലില്‍ പോരടിക്കുന്പോഴും നിറത്തിന്റെയും ഉയരത്തിന്റെയുമെല്ലാം എന്തിന് ടീമിലെത്തിയതിന്റെ പേരില്‍പോലും പരിഹസിക്കപ്പെട്ട, വിമര്‍ശിക്കപ്പെട്ട താരമാണ് ബാവുമ. പക്ഷേ, ഇതൊന്നും ദക്ഷിണാഫ്രിക്കന്‍ നായകനെ തളര്‍ത്തിയില്ല.
ഐതിഹാസിക ജയത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ബാവുമ ചരിത്ര നേട്ടം കൂടി സ്വന്തമാക്കി. ടെസ്റ്റില്‍ തോല്‍വി അറിയാതെ ഒരു ടീമിനെ പത്തു മത്സരങ്ങളില്‍ നയിക്കുകയും ഇതില്‍ ഒന്‍പതിലും ജയിക്കുകയും ചെയ്ത ആദ്യ ക്യാപ്റ്റനാണ് തെംബ ബാവുമ.
1920-21 കാലയളവില്‍ തോല്‍വി അറിയാതെ പത്ത് കളിയില്‍ നയിക്കുകയും എട്ട് ടെസ്റ്റില്‍ ജയിക്കുകയും ചെയ്ത ഓസീസ് ക്യാപ്റ്റന്‍ വാര്‍വിക് ആംസ്ട്രോംഗിന്റെ റെക്കോര്‍ഡാണ് ബാവുമ തകര്‍ത്തത്. ടീമിന്റെ വിജയം ലോര്‍ഡ്സില്‍ മാത്രമല്ല ജന്‍മനാട്ടിലും ആഘോഷിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ വ്യക്തമാക്കി.
കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും പ്രോട്ടീസിന് വേണ്ടി ബാവുമ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 84 പന്തില്‍ 36 ഉം രണ്ടാം ഇന്നിങ്‌സില്‍ 134ല്‍ 66 റണ്‍സും നേടി. പേശീവലിവ് മൂലം കടുത്ത വേദന അനുഭവിച്ചിട്ടും ക്രീസില്‍ നിന്നുകൊണ്ട് ബാവുമ പൊരുതിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി തുടര്‍ച്ചയായ ഒന്‍പത് ഇന്നിങ്സുകളില്‍ 66, 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് താരം ഒടുവില്‍ കിരീടനേട്ടത്തില്‍ എത്തിയത്.
അതേസമയം നീണ്ട 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച എയ്ഡന്‍ മാര്‍ക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റന്‍ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം. മാര്‍ക്രം 136 റണ്‍സ് നേടിയപ്പോള്‍ ബാവുമ 66 റണ്‍സ് സ്വന്തമാക്കി.