മുംബൈ: ഇന്ത്യന്‍ ടീമിന്റെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചതില്‍ നിരാശ പ്രകടിപ്പിച്ച് യുവരാജ് സിങിന്റെ അച്ഛന്‍ യോഗ്രാജ് സിങ്. കഴിഞ്ഞ മാസമാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ റെഡ് ബോള്‍ ക്രിക്കറ്റ് താന്‍ മതിയാക്കുകയാണെന്നു സോഷ്യല്‍ മീഡിയയിലൂടെ രോഹിത് അറിയിച്ചത്.

ഒരാഴ്ചയ്ക്കിടെ മറ്റൊരു ഇതിഹാസ ബാറ്ററായ വിരാട് കോലിയും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തും കോലിയും കളി നിര്‍ത്തേണ്ട സമയമായിട്ടില്ലെന്നും അഞ്ചു വര്‍ഷം കൂടിയെങ്കിലും ടെസ്റ്റില്‍ തുടര്‍ന്നും കളിക്കാന്‍ കഴിയുമായിരുന്നെന്നും യോഗ്രാജ് ചൂണ്ടിക്കാട്ടി. ഫിറ്റായി നില്‍ക്കാന്‍ രോഹിത്തിനു ഒരു ഉപദേശവും താന്‍ നല്‍കിയിരുന്നതായി അദ്ദേഹം പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിതും കോലിയും ഇല്ലാതെ ഇന്ത്യന്‍ ടീം പരീക്ഷണത്തിനൊരുങ്ങുന്നതിനിടെയാണ് യോഗ്‌രാജ് സിങ്ങിന്റെ പ്രതികരണം. രോഹിത് ശര്‍മയോട് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് 20 കിലോമീറ്റര്‍ ദൂരം ഓടണമെന്നു താന്‍ നിര്‍ദേശിച്ചിട്ടുള്ളതാണെന്ന് യോഗ്‌രാജ് സിങ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പ്രതികരിച്ചു.

''രോഹിത് ശര്‍മയും വിരാടും ടെസ്റ്റില്‍നിന്നു വിരമിക്കേണ്ട സമയമായിട്ടില്ല. ഫിറ്റായിരിക്കാന്‍ ഞാന്‍ രോഹിത് ശര്‍മയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് 20 കിലോമീറ്റര്‍ എങ്കിലും ഓടണമെന്നു പറഞ്ഞിരുന്നു. രണ്ടു താരങ്ങള്‍ക്കും ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചു വര്‍ഷമെങ്കിലും കളിക്കാമായിരുന്നു. യുവതാരങ്ങള്‍ക്കു ബാറ്റണ്‍ കൈമാറുന്നതിനു വേണ്ടിയെങ്കിലും അവര്‍ അവിടെയുണ്ടാകണമായിരുന്നു. ഇതിപ്പോള്‍ ഗില്ലിന് ബാറ്റണ്‍ എറിഞ്ഞുകൊടുത്തതുപോലെയാണ്.'' യോഗ്‌രാജ് സിങ് വ്യക്തമാക്കി.

രോഹിത് ശര്‍മ ടെസ്റ്റില്‍നിന്ന് വിരമിച്ചതിനു പിന്നാലെ ശുഭ്മന്‍ ഗില്ലിനെ പുതിയ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. യുവതാരങ്ങളുടെ നിരയുമായി ഗില്ലിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങും. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു രോഹിതിന്റെയും കോലിയുടേയും വിരമിക്കല്‍ പ്രഖ്യാപനം.