ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കന്നി ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ പടുകൂറ്റന്‍ സ്‌കോറിലേക്ക്. രണ്ടാം ദിനം 310-5 എന്ന സ്‌കോറില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 134 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 542 റണ്‍സെന്ന നിലയിലാണ്. 253 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 34 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍. 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ജോഷ് ടങ് ആണ് ജഡേജയെ മടക്കിയത്.

രണ്ടാം ദിനം ലഞ്ചിനുശേഷമുള്ള രണ്ടാം സെഷനിലാണ് ഗില്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. 311 പന്തില്‍ 21 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ഗില്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. വിരാട് കോലിക്ക് ശേഷം വിദേശത്ത് ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും ഗില്‍ ഇന്ന് സ്വന്തമാക്കി. ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ നായകനാണ് 25കാരനായ ഗില്‍.1964ല്‍ 23 വയസില്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി നേടിയ മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയാണ് ഏറ്റവും പ്രായം കുറഞ്ഞ നായകന്‍. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്. ഇതിന് മുമ്പ് സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനം ന്യൂബോളില്‍ വിക്കറ്റെടുക്കാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ഗില്ലും ജഡേജയും ക്രീസിലുറച്ചത്. ഇന്നലെ 99 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ-ഗില്‍ സഖ്യം ഇന്ന് 100 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 400 കടത്തി. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നതോടെ ഇന്ത്യ അനായാസം മുന്നേറി. 80 പന്തില്‍ രവീന്ദ്ര ജഡേജ ടെസ്റ്റിലെ 23-ാം അര്‍ധസെഞ്ചുറി തികച്ചു. ഷൊയ്ബ് ബഷീറിന്റെ ഓവറില്‍ രണ്ട് സിക്‌സുകള്‍ പറത്തിയ ജഡേജയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 400 കടത്തി. വിക്കറ്റെടുക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാരുടെ ആവുന്നത്രശ്രമിച്ചിട്ടും ജഡേജയും ഗില്ലും വിട്ടുകൊടുത്തില്ല.

ഒടുക്കം ജഡേജയുടെ വിക്കറ്റെടുത്ത് ജോഷ് ടങ്കാണ് കൂട്ടുകെട്ട് പൊളിച്ചത്. 137 പന്തില്‍ 89 റണ്‍സെടുത്ത ജഡേജ പത്ത് ഫോറും ഒരു സിക്‌സും പറത്തിയാണ് പുറത്തായത്. 203 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ആറാം വിക്കറ്റില്‍ ഗില്ലും ജഡേജയും സ്വന്തമാക്കിയത്. 89 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. പിന്നാലെ വാഷിങ്ടണ്‍ സുന്ദറിനെ ഒരുവശത്തുനിര്‍ത്തി ഗില്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. പിന്നാലെ ടീം സ്‌കോര്‍ 450-കടന്നു. തൊട്ടുപിന്നാലെ നായകന്റെ ഇരട്ടസെഞ്ചുറിയുമെത്തി.

ആദ്യദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും കരുണ്‍ നായരും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. സ്‌കോര്‍ 95-ല്‍ നില്‍ക്കേ കരുണ്‍ നായര്‍ പുറത്തായി. 31 റണ്‍സാണ് കരുണിന്റെ സമ്പാദ്യം.

പിന്നീട് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് ജയ്സ്വാള്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150-കടത്തി. 87 റണ്‍സെടുത്ത ജയ്സ്വാളിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ടീം 182-3 എന്ന നിലയിലായി. പിന്നീട് പന്തും ഗില്ലും ചേര്‍ന്നാണ് സ്‌കോറുയര്‍ത്തിയത്. സ്‌കോര്‍ ഇരുന്നൂറ് കടന്നതിന് പിന്നാലെ പന്ത് പുറത്തായി. 25 റണ്‍സാണ് പന്തെടുത്തത്. പിന്നാലെ നിതീഷ് കുമാര്‍ റെഡ്ഡിയും വേഗം കൂടാരം കയറി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ക്രിസ് വോക്ക്‌സ് ബൗള്‍ഡാക്കി. പിന്നീട് ഗില്ലും രവീന്ദ്ര ജഡേജയും ടീമിനെ കരകയറ്റുകയായിരുന്നു