ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റര്‍മാരുടെ നടുവൊടുച്ചത് ജസ്പ്രീത് ബുമ്രയുടെ പ്രകടനമായിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുമ്ര കപില്‍ദേവിന്റെ റെക്കോഡും മറികടന്നിരുന്നു. രണ്ടാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 387 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. 251-4 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 271-7ലേക്ക് കൂപ്പുകുത്തിയെങ്കിലും ജാമി സ്മിത്തിന്റെയും ബ്രെയ്ഡന്‍ കാര്‍സിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് 387 റണ്‍സിലെത്തിയത്.

രണ്ടാം ദിനത്തിലെ കളിക്കുശേഷം ലോര്‍ഡ്‌സില്‍ ആദ്യമായി അഞ്ച് വിക്കറ്റെടുത്ത ബുമ്രയായിരുന്നു വാര്‍ത്താ സമ്മളനത്തിന് എത്തിയത്. എത്ര മികച്ച പ്രകടനം നടത്തിയാലും ആളുകള്‍ വിമര്‍ശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ബുമ്ര മറുപടി പറയാന്‍ തുടങ്ങവെ ചാനല്‍ മൈക്കുകള്‍ക്ക് അടുത്തുവെച്ചിരുന്ന റിപ്പോര്‍ട്ടറുടെ ഫോണ്‍ റിംഗ് ചെയ്തു. ഇതു കണ്ട ബുമ്ര ഫോണ്‍ സൈലന്റാക്കിയശേഷം ആരുടെയോ ഭാര്യവിളിക്കുന്നുണ്ടെന്നും ഞാനത് എടുക്കുന്നില്ലെന്നും മാറ്റിവെക്കുകയാണെന്നും പറഞ്ഞ് ഫോണ്‍ മാറ്റിവെച്ചു.

ആളുകളുടെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 200 ടെസ്റ്റ് കളിച്ച സച്ചിനെപോലും ആളുകള്‍ വിധിക്കാറുണ്ടെന്നും ഇന്ത്യന്‍ ജേഴ്‌സി അണിയുന്നിടത്തോളം കാലം ഓരോ ദിവസവും അത് തുടരുമെന്നും ബുമ്ര പറഞ്ഞു. ടെസ്റ്റ് കരിയറില്‍ പതിനഞ്ചാം തവണയും ലോര്‍ഡ്‌സില്‍ ആദ്യമായും ആണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലും ബുമ്ര അഞ്ച് വിക്കറ്റ് എടുത്തിരുന്നു.

വിദേശത്ത് കളിച്ച 35 ടെസ്റ്റില്‍ പതിമൂന്നാം തവണയാണ് ബുമ്ര അഞ്ച് വിക്കറ്റെടുക്കുന്നത്. ഇതോടെ വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റെടുത്ത ഇന്ത്യന്‍ പേസറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കിയിരുന്നു. 12 തവണ അഞ്ച് വിക്കറ്റെടുക്ക ഇതിഹാസ താരം കപില്‍ ദേവിനെയാണ് ബുമ്ര പിന്നിലാക്കിയത്.

റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തിയിട്ടും ജസ്പ്രീത് ബുമ്ര ആഘോഷം നടത്താത്തത് ചര്‍ച്ചയായിരുന്നു. സന്തോഷമില്ലാത്തതിനാലല്ല ക്ഷീണിതനായതിനാലാണ് ആഘോഷം നടത്താതിരുന്നതെന്ന് ബുമ്ര പറഞ്ഞു. ദീര്‍ഘനേരമായി താന്‍ പന്തെറിയുകയായിരുന്നു. ചിലപ്പോള്‍ ഇത്തരം അവസരങ്ങളില്‍ തനിക്ക് ക്ഷീണമുണ്ടാകാറുണ്ടെന്ന് ബുമ്ര പറഞ്ഞു.

തനിക്കിപ്പോള്‍ 21-22 അല്ല പ്രായമെന്നും എപ്പോഴും വലിയ ആഘോഷപ്രകടനം താന്‍ നടത്താറില്ലെന്നും ടീമിന് വേണ്ടിയ നല്‍കിയ സംഭാവനയില്‍ വലിയ അഭിമാനമുണ്ടെന്നും ബുമ്ര പറഞ്ഞു. വിക്കറ്റിന് ശേഷം മികച്ച രീതിയില്‍ അടുത്ത പന്തെറിയുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ബുമ്ര പറഞ്ഞു.

ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 27 ഓവറില്‍ 74 റണ്‍സ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റെടുത്തത്.പരമ്പരയില്‍ രണ്ടാം തവണയാണ് താരം അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ലീഡ്‌സിലെ ഒന്നാം ടെസ്റ്റിലും താരം അഞ്ചു വിക്കറ്റ് നേടിയിരുന്നു.