- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെജന്‍ഡ് ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു തവണ പാക്കിസ്ഥാനെതിരെ മത്സരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചു; രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കി; സ്വകാര്യ ക്രിക്കറ്റ് ലീഗുകളില്‍ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പിസിബി
സ്വകാര്യ ക്രിക്കറ്റ് ലീഗുകളില്‍ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പിസിബി
ഇസ്ലാമാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ച താരങ്ങള്‍ ഏറ്റുമുട്ടിയ ലെജന്‍ഡ് ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ ടീം മത്സരിക്കാന്‍ വിസമ്മതിച്ചത് നാണക്കേടായിരുന്നു. ആദ്യം ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് സെമിഫൈനലിലും ഇന്ത്യ ചാംപ്യന്‍സ് പാക്കിസ്ഥാന്‍ ചാംപ്യന്‍സിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ പിന്‍മാറ്റം. ആരാധകരടക്കം കടുത്ത വിമര്‍ശമാണ് വിഷയത്തില്‍ പാക്കിസ്ഥാനെതിരെ ഉന്നയിച്ചത്. ഇതോടെ ഇത്തരം സ്വകാര്യ ക്രിക്കറ്റ് ലീഗുകളില്‍ പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കുന്നത് തടയാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). എല്ലാ ടീമുകളും രാജ്യത്തിന്റെ പേരിനൊപ്പം ചാംപ്യന്‍സ് എന്നു ചേര്‍ത്താണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
വ്യാഴാഴ്ച നടന്ന ഡയറക്ടേഴ്‌സ് ബോര്‍ഡ് യോഗത്തിലാണ്, 'പാക്കിസ്ഥാന്‍' എന്ന പേര് സ്വകാര്യ ലീഗുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതെന്ന് 'ടെലകോം ഏഷ്യ സ്‌പോര്‍ട്' റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സംഘം ഒരു ടൂര്‍ണമെന്റില്‍ത്തന്നെ രണ്ടു തവണ പാക്കിസ്ഥാനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചത്, രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കിയതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ഇടപെടലും ഇത്തരമൊരു തീരുമാനത്തെ സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇന്നു നടക്കുന്ന ഫൈനലില്‍ കളിക്കുന്ന ടീമിന് പാക്കിസ്ഥാന്‍ എന്ന പേര് ഉപയോഗിക്കാമെങ്കിലും, ഭാവിയില്‍ ഇത്തരം സ്വകാര്യ ലീഗുകളില്‍ കളിക്കുന്ന ടീമുകള്‍ക്ക് പാക്കിസ്ഥാന്റെ പേര് ഉപയോഗിക്കണമെങ്കില്‍ പിസിബിയില്‍നിന്ന് പ്രത്യേകം അനുമതി വാങ്ങേണ്ടി വരും. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവരും നിയമ നടപടി നേരിടേണ്ടി വരുമെന്നും പിസിബി വ്യക്തമാക്കി. സിംബാബ്വെ, കെനിയ, യുഎസ്എ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന വിവിധ ലീഗുകളില്‍ പാക്കിസ്ഥാന്റെ പേരില്‍ ടീമുകള്‍ മത്സരിച്ചിരുന്നു.
ടൂര്‍ണമെന്റില്‍ മുന്‍ താരം യുവരാജ് സിങ്ങാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. മുന്‍ താരം ശുഐബ് മാലിക്കാണ് പാക്കിസ്ഥാന്‍ ടീമിന്റെ നായകന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് നിലപാട് വ്യക്തമാക്കിയ ഇന്ത്യന്‍ ടീമിന്, സെമി ലൈനപ്പ് പൂര്‍ത്തിയായപ്പോഴും എതിരാളികളായി വന്നത് പാക്കിസ്ഥാനായിരുന്നു. യുവരാജ് സിങ്ങും സംഘവും എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷകള്‍ക്കിടെയാണ്, രണ്ടു മത്സരം മാത്രം അകലെയുള്ള കിരീടത്തിനായി ശ്രമിക്കാതെ ഒരിക്കല്‍ക്കൂടി പാക്ക് ടീമിനെതിരായ മത്സരം ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതോടെ പാക്കിസ്ഥാന്‍ നേരിട്ട് ഫൈനലിനു യോഗ്യത നേടിയിരുന്നു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചെത്തുന്ന ദക്ഷിണാഫ്രിക്കയുമായി ഇന്ന് വൈകിട്ടാണ് ഫൈനല്‍.
യുവ്‌രാജ് സിങ് ക്യാപ്റ്റനായ ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ തുടങ്ങിയ മുന്‍കാല സൂപ്പര്‍ താരങ്ങളും കളിക്കാന്‍ ഇറങ്ങിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാലു മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനക്കാരായും, ഒരേയൊരു മത്സരം മാത്രം ജയിച്ച് ഇന്ത്യന്‍ ടീം നാലാം സ്ഥാനക്കാരായും സെമിയിലെത്തിയതോടെയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായത്. ടൂര്‍ണമെന്റില്‍ ഏറിയ പങ്കും അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 13.2 ഓവറില്‍ തോല്‍പ്പിച്ചാണ് സെമിയില്‍ ഇടംപിടിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറിയോടെ ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ കടുത്ത വാക്‌പോരും ഉടലെടുത്തിരുന്നു. പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിന്‍മാറ്റത്തിന് നേതൃത്വം നല്‍കിയ ശിഖര്‍ ധവാനെ 'ചീമുട്ട' എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ പിന്‍മാറിയാലും സെമിയിലോ ഫൈനലിലോ പാക്കിസ്ഥാനോട് കളിക്കേണ്ടി വന്നാല്‍ എന്തു ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്തു സംഭവിച്ചാലും താന്‍ കളിക്കാനിറങ്ങില്ല എന്ന് ധവാന്‍ മറുപടി നല്‍കിയിരുന്നു.