- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവലില്‍ ചരിത്രജയം; ഇംഗ്ലണ്ടിനെ 367 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; മുഹമ്മദ് സിറാജിന് അഞ്ച് വിക്കറ്റ്; നാല് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ; നിര്‍ണായക അഞ്ചാം ടെസ്റ്റില്‍ നാടകീയ ജയം സ്വന്തമാക്കി ശുഭ്മാന്‍ ഗില്ലും സംഘവും; അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയില്‍
ഓവലില്‍ ചരിത്രജയം
കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കി ഇന്ത്യ. എട്ട് റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ശുഭ്മാന്‍ ഗില്ലും സംഘവും നേടിയത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പര 2- 2ന് സമനിലയിലായി. അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ച് വിക്കറ്റെടുത്ത മുഹമ്മസ് സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഒമ്പത് ഓവറില്‍ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. കൈക്ക് പരിക്കേറ്റ ക്രിസ് വോക്‌സ് ബാറ്റിംഗിനിറങ്ങിയെങ്കിലും ഇന്ത്യയുടെ ജയം തടയാനായില്ല. ഇന്ത്യക്ക് വേണ്ടി സിറാജ് 104 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ 126 റണ്‍സിന് നാലു വിക്കറ്റെടുത്തു. സ്‌കോര്‍ ഇന്ത്യ 224, 396, ഇംഗ്ലണ്ട് 247, 367.
ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവര്‍ട്ടണ്‍ തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ (2) വീഴ്ത്തി മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറില്‍ ഓവര്‍ട്ടണിനെ (9) വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇന്ത്യന്‍ സാധ്യതകള്‍ വര്‍ധിപ്പിച്ചു. 11 പന്തുകള്‍ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തില്‍ തെറിപ്പിച്ച് പ്രസിദ്ധ് മത്സരത്തെ ആവേശക്കൊടുമുടിയിലേറ്റി. പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലേക്ക്. വോക്സിനെ ഒരറ്റത്ത് നിര്‍ത്തി ഗസ് ആറ്റ്കിന്‍സണ്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ 86-ാം ഓവറില്‍ ആറ്റ്കിന്‍സന്റെ കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു.
ഇംഗ്ലണ്ടിന് വേണ്ടത് 35 റണ്‍സ്, ഇന്ത്യക്ക് നാല് വിക്കറ്റും
അവസാന ദിനത്തിലെ ആദ്യ പന്തില്‍ തന്നെ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറി കടത്തി ജാമി ഓവര്‍ടണ്‍ ഇന്ത്യയെ ഞെട്ടിച്ചു. രണ്ടാം പന്ത് ഇന്‍സൈഡ് എഡ്ജ് ചെയ്ത് ബൗണ്ടറി കടന്നതോടെ ഇംഗ്ലണ്ട് ലക്ഷ്യം 27 റണ്‍സായി ചുരുങ്ങി. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളും ജാമി സ്മിത്തിനെ ബീറ്റ് ചെയ്ത മുഹമ്മദ് സിറാജ് മൂന്നാം പന്തില്‍ സ്മിത്തിനെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 20 പന്തില്‍ രണ്ട് റണ്‍സായിരുന്നു സ്മിത്തിന്റെ സംഭാവന. തൊട്ടടുത്ത പന്തില്‍ ഗുസ് അറ്റ്കിന്‍സണ്‍ സ്ലിപ്പില്‍ നല്‍കിയ അവസരം കെ എല്‍ രാഹുലിന് എത്തിപ്പിടിക്കാനായില്ല. അടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണ നാലു റണ്‍സ് വഴങ്ങിയതോടെ ഇംഗ്ലണ്ട് ലക്ഷ്യം 20 റണ്‍സായി. എന്നാല്‍ തന്റെ അടുത്ത ഓവറില്‍ ജാമി ഓവര്‍ടണെ വിക്കറ്റിന് മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഇന്ത്യയുടെ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ കുമാര്‍ ധര്‍മസേന സമയമെടുത്ത് ഔട്ട് വിളിച്ചപ്പോള്‍ ഇംഗ്ലണ്ട് റിവ്യു ചെയ്തു. എന്നാല്‍ ലെഗ് സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായ പന്ത് അമ്പയറുടെ തീരുമാനം ശരിവെച്ചതോടെ ഇന്ത്യന്‍ ടീം ആഘോഷം തുടങ്ങി.
പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അടുത്ത ഓവറില്‍ ജോഷ് ടംഗിനെ അമ്പയര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഔട്ട് വിധിച്ചെങ്കിലും റിവ്യു എടുത്ത് ഇംഗ്ലണ്ട് ജീവന്‍ നിലനിര്‍ത്തി. സിറാജിന്റെ അടുത്ത ഓവറില്‍ ആദ്യ പന്തില്‍ അറ്റ്കിന്‍സണ്‍ സിംഗിളെടുത്തെങ്കിലും അടുത്ത അഞ്ച് പന്തുകളും ജോഷ് ടംഗ് അതിജീവിച്ചു. പ്രസിദ്ധ് കൃഷ്ണയുടെ അടുത്ത ഓവറിലെ മൂന്നാം നാലാം പന്തില്‍ അറ്റ്കിന്‍സണ്‍ സിംഗിളെടുത്തു. ഇതോടെ അവസാന രണ്ട് പന്തുകള്‍ അതിജീവിക്കേണ്ട ഉത്തരവാദിത്തം ടംഗിനായി. എന്നാല്‍ തന്റെ അവസാന പന്തില്‍ ടംഗിനെ ക്ലീന്‍ ബൗള്‍ഡാക്കിയ പ്രിസദ്ധ് ഇന്ത്യയെ വിജയത്തിനോട് അടുപ്പിച്ചു. ഇതോടെ പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സ് ക്രീസിലിറങ്ങി. സിറാജ് എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്ത് അറ്റ്കിന്‍സണ്‍ ഉയര്‍ത്തി അടിച്ചു. ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ പറന്നുപിടിക്കാന്‍ ശ്രമിച്ച ആകാശ് ദീപിന്റെ കൈകളില്‍ തട്ടി പന്ത് സിക്‌സായി. ഇതോടെ ലക്ഷ്യം 11 റണ്‍സായി.
അവസാന പന്തില്‍ ബീറ്റണായെങ്കിലും അറ്റ്കിന്‍സണ്‍ ബൈ റണ്ണിനായി ഓടി. വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് പിടിച്ച ജുറെലിന്റെ ത്രോ വിക്കറ്റില്‍ കൊള്ളാതെ പോയതോടെ അറ്റ്കിന്‍സണ്‍ സ്‌ട്രൈക്ക് നിലനിര്‍ത്തി. അടുത്ത ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സിക്‌സിന് ശ്രമിച്ചെങ്കിലും അറ്റ്കിന്‍സണ് കണക്ട് ചെയ്യാനായില്ല. അവസാന പന്തില്‍ സിംഗിള്‍ ഓടിയെടുത്ത അറ്റ്കിന്‍സണ്‍ ഇംഗ്ലണ്ട് ലക്ഷ്യം ഏഴ് റണ്ണാക്കി. എന്നാല്‍ അടുക്ക ഓവറിലെ ആദ്യ പന്തില്‍ അറ്റ്കിന്‍സണെ യോര്‍ക്കറില്‍ ബൗള്‍ഡാത്തി സിറാജ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി. മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.
നേരത്തേ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടും നാലാം ദിനം ഇംഗ്ലണ്ടിന് മത്സരത്തില്‍ മേല്‍ക്കൈ സമ്മാനിച്ചിരുന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍ സാക് ക്രോളിയെ (14) ആണ് ആദ്യം നഷ്ടമാകുന്നത്. മൂന്നാം ദിനത്തിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് താരത്തെ പുറത്താക്കുകയായിരുന്നു. അതിനോടകം ബെന്‍ ഡക്കറ്റിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ ക്രോളി 50 റണ്‍സ് ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. 83 പന്തില്‍ നിന്ന് ആറു ബൗണ്ടറിയടക്കം 54 റണ്‍സെടുത്ത ഡക്കറ്റിനെ പ്രസിദ്ധ് കൃഷ്ണ സ്ലിപ്പില്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ക്യാപ്റ്റന്‍ ഒലി പോപ്പും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ട് സ്‌കോര്‍ 100 കടത്തി. പിന്നാലെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച റൂട്ട് - ബ്രൂക്ക് സഖ്യം മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. നാലാം വിക്കറ്റില്‍ ഇരുവരും 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തില്‍ മുന്‍തൂക്കം നേടിയിരുന്നു. ബ്രൂക്കായിരുന്നു കൂടുതല്‍ അപകടകാരി. 91 പന്തില്‍ സെഞ്ചുറി നേടിയ ബ്രൂക്ക് 98 പന്തില്‍ നിന്ന് രണ്ട് സിക്‌സും 14 ഫോറുമടക്കം 111 റണ്‍സെടുത്താണ് പുറത്തായത്.
അതിനിടെ 35-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബ്രൂക്കിനെ ബൗണ്ടറി ലൈനിനരികില്‍ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. വ്യക്തിഗത സ്‌കോര്‍ 19-ല്‍ നില്‍ക്കുമ്പോഴായിരുന്നു സിറാജിന്റെ പിഴവ്. പിന്നീട് 92 റണ്‍സ് കൂടി നേടിയ ശേഷമാണ് ബ്രൂക്ക് മടങ്ങിയത്. ആകാശ് ദീപിന്റെ പന്തില്‍ സിറാജ് തന്നെയാണ് പിന്നീട് ബ്രൂക്കിനെ പിടികൂടിയത്. പിന്നാലെ ജോ റൂട്ട് സെഞ്ചുറി തികച്ചു. താരത്തിന്റെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 152 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 105 റണ്‍സെടുത്ത റൂട്ടിനെ മടക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. ഇതിനിടെ ജേക്കബ് ബെത്തെല്‍ (5) പ്രസിദ്ധിന്റെ പന്തില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായിരുന്നു.
കടുത്ത പോരാട്ടം കണ്ട പരമ്പരയിലെ എല്ലാ മത്സരങ്ങളും അഞ്ചാം ദിനത്തിലേക്ക് നീണ്ടു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് ഇന്ത്യ ഒപ്പമെത്തി. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വിജയത്തിന് അടുത്തെത്തി ഇന്ത്യ 22 റണ്‍സിന് തോറ്റുപ്പോള്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ വീരോചിത സമനില നേടിയിരുന്നു. ഓവലിലെ ജയത്തോടെ ഇന്ത്യ അഞ്ച് മത്സര പരമ്പര 2-2 സമനിലാക്കി.