കറാച്ചി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. 17-അംഗ സ്‌ക്വാഡിനെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. സൂപ്പര്‍താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. സല്‍മാന്‍ അഗയാണ് നായകന്‍.

അഫ്ഗാനിസ്ഥാന്‍, യുഎഇ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏഷ്യാകപ്പിനുമുള്ള ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. പേസര്‍ ഷഹീന്‍ അഫ്രീദി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി തുടങ്ങിയവര്‍ ടീമിലിടം നേടിയിട്ടുണ്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. അതിന് ശേഷമാണ് പാകിസ്താന്‍ ഏഷ്യാകപ്പില്‍ കളിക്കുക.

ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക.

ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതില്‍ മികച്ച രണ്ട് ടീമുകള്‍ ഫൈനലില്‍ കളിക്കും.