മുംബൈ: ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ നിരാശപ്പെടുത്തിയത് അര്‍ഹനായിട്ടും ശ്രേയസ് അയ്യര്‍ ടീമില്‍ ഇടംപിടിക്കാതെ പോയതായിരുന്നു. അതുപോലെ യശ്വസി ജയ്‌സ്വാളിനും ടീമില്‍ ഇടംനേടാനായില്ല. എന്നാല്‍ വലിയ സര്‍പ്രൈസ് ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതായിരുന്നു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ഏഷ്യാ കപ്പ് ടീമിലെത്താതിരുന്നത് ശ്രേയസ് അയ്യരുടെ കുഴപ്പം കൊണ്ടല്ലെന്ന് അഗാര്‍ക്കര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അവന്റെ തെറ്റല്ല, അവസരം വരാനായി കാത്തിരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയൂ, ഈ ടീമില്‍ ആരെ മാറ്റിയാണ് ശ്രേയസിനെ ഉള്‍പ്പെടുത്തുക എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അഗാര്‍ക്കര്‍ പറഞ്ഞത്. 15 അംഗ ടീമിനെ മാത്രമെ തെരഞ്ഞെടുക്കാനാവു, അതുകൊണ്ട് ശ്രേയസ് അവസരത്തിനായി കാത്തിരിക്കണമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

ബാറ്റിംഗ് നിരയിലെ മൂന്നാം സ്ഥാനത്തിനായി ശ്രേയസ് അയ്യരും തിലക് വര്‍മയും തമ്മിലായിരുന്നു കടുത്ത മത്സരമുണ്ടായിരുന്നത് എന്നാണ് സൂചന. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറി നേടിയ തിലക് വര്‍മ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ അര്‍ധസെഞ്ചുറിയുമായി ഒരു മത്സരത്തില്‍ ടീമിന്റെ വിജയശില്‍പിയായിരുന്നു. ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള തിലക് വര്‍മയെ ഒഴിവാക്കി ഐപിഎല്ലിലെ പ്രകടനത്തിന്റെ പേരില്‍ ശ്രേയസിനെ ഉള്‍പ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് സെലക്ടര്‍മാര്‍ ശ്രേയസിനെ തഴഞ്ഞത് എന്നാണ് കരുതുന്നത്.

ശ്രേയസിനൊപ്പം യശസ്വി ജയ്‌സ്വാളിനെ എന്തുകൊണ്ട് ഓപ്പണറായി പരിഗണിച്ചില്ലെന്ന ചോദ്യത്തിനും അഗാര്‍ക്കര്‍ മറുപടി നല്‍കി. ഓപ്പണറെന്ന നിലയില്‍ അഭിഷേക് ശര്‍മ നിലവില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവരിലൊരാള്‍ പുറത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അത് നിര്‍ഭാഗ്യകരമാണ്. ശ്രേയസിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

അതേ സമയം ഗില്ലിന്റെ തിരിച്ചുവരവും ചര്‍ച്ചയായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പിന് പിന്നാലെ ജൂലൈയില്‍ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് ഗില്‍ ഇതേ ഫോര്‍മാറ്റില്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നാലു സെഞ്ചുറി അടക്കം 754 റണ്‍സടിച്ച് റെക്കോര്‍ഡിട്ട ഗില്ലിനെ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏഷ്യാ കപ്പിനുള്ള ടി20 ടീമിലെടുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഗില്ലിനെ ഏഷ്യാ കപ്പ് ടീമിലെടുത്തുവെന്ന് മാത്രമല്ല വൈസ് ക്യാപ്റ്റുമാക്കി എന്നാണ് പ്രത്യേകത. മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന ബിസിസിഐ നയത്തിന്റെ ഭാഗമായാണ് ഗില്ലിനെ ടി20 ടീമിന്റെയും വൈസ് ക്യാപ്റ്റനായി ഉയര്‍ത്തിയിരിക്കുന്നത്. നിലിവില്‍ ടെസ്റ്റില്‍ ഗില്ലും ഏകദിനത്തില്‍ രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യന്‍ നായകന്‍മാര്‍. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്നത് ആശയവിനിമയം ബുദ്ധിമുട്ടിലാക്കുമെന്നാണ് കോച്ച് ഗൗതം ഗംഭീറിന്റെയും നിലപാട്.

2024 ജൂലൈയില്‍ അവസാനം കളിച്ച ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും ഗില്‍ വൈസ് ക്യാപ്റ്റനായാണ് കളിച്ചത്. പിന്നീട് ടി20 ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഗില്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ 650 റണ്‍സടിച്ച് മികകവ് കാട്ടി. ഈ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലായിരുന്നു അക്‌സര്‍ പട്ടേലിനെ സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനായി ഉയര്‍ത്തിയത്. എന്നാല്‍ ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ അക്‌സര്‍ 15 അംഗ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഗില്ലിന് കൈമാറേണ്ടിവന്നു. എന്തുകൊണ്ടാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതെന്ന ചോദ്യത്തിന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ വാര്‍ത്താ സമ്മേളനത്തില്‍ മറുപടിയും നല്‍കി.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ ഗില്ലായിരുന്നു വൈസ് ക്യാപ്റ്റനെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. അടുത്ത ടി20 ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുന്നതിന്റെ തുടക്കം അവിടെയായിരുന്നു തുടങ്ങിയത്. അതിനുശേഷം ഗില്‍ ടെസ്റ്റ് പരമ്പരകളുടെയും ചാമ്പ്യന്‍സ് ട്രോഫിയുടെയുമെല്ലാം തിരിക്കിലായതിനാല്‍ ഇന്ത്യക്കായി ടി20 മത്സരം കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഗില്‍ ഇപ്പോള്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും സൂര്യകുമാര്‍ പറഞ്ഞു.