മുംബൈ: 2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം പിടച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് അസുഖബാധിതനെന്ന് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ വിശ്രമത്തിലാണ് താരമെന്നും ദുലീപ് ട്രോഫി മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായി ഗില്ലിനെ തെരഞ്ഞെടുത്തിരുന്നു. ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിലും ഗില്‍ ഉള്‍പ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റനായ ഗില്ലിന് ഏഷ്യാകപ്പില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

ചണ്ഡീഗഡിലെ വസതിയില്‍ താരമിപ്പോള്‍ വിശ്രമിത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫിസിയോ ഗില്ലിനെ പരിശോധിച്ചുവെന്നും ബിസിസിഐ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോണ്ടിനെന്റല്‍ ടൂര്‍ണമെന്റിന് മുമ്പ് ഗില്ല്‍ ആരോഗ്യം വീണ്ടെടുക്കുമെന്നും എന്നാല്‍ താരത്തിന് ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നുമാണ് സൂചന. അങ്ങനെയെങ്കില്‍ ഗില്ലിന്റെ അഭാവത്തില്‍ നോര്‍ത്ത് സോണിനെ നയിക്കുക വൈസ് ക്യാപ്റ്റനായ അങ്കിത് കുമാറായിരിക്കും. ഗില്ലിന് പകരക്കാരനായി ശുഭം രോഹില്ലയായിരിക്കും ടീമിലിടം പിടിക്കുക.

നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായിരുന്നുവെങ്കിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. രക്തപരിശോധനാ ഫലമടക്കം താരം ബിസിസിഐക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ചണ്ഡീഗഡിലെ വീട്ടില്‍ വിശ്രമത്തിലാണ് താരം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമിനെ നയിച്ച ഗില്‍ മൂന്ന് സെഞ്ചറിയും ഒരു ഇരട്ട സെഞ്ചറിയും നേടി ജയത്തോളം പോന്ന സമനില സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് പിന്നാലെ ഗ്രീസില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അസുഖം പിടിപെട്ടത്.

2023 ഒക്ടോബറില്‍ ഡെങ്കിപ്പനി പിടിപെട്ടതിനെ തുടര്‍ന്ന് ഗില്ലിന് ഏകദിന ലോകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ നഷ്ടമായിരുന്നു. ഗില്ലിന് വൈറല്‍ ഫീവറാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കരുതലെന്ന നിലയില്‍ ഈ മാസം ആദ്യം മുംബൈയിലെ ലാബില്‍ നിന്നും രക്തപരിശോധന നടത്തിയതാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

അസുഖമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഗില്‍ ഏഷ്യാകപ്പില്‍ കളിച്ചേക്കില്ലെന്ന ആശങ്കയും ആരാധകര്‍ പങ്കുവയ്ക്കുന്നു. അസുഖം മാറി മടങ്ങിയെത്തിയാല്‍ തന്നെ ടൂര്‍ണമെന്റിലുടനീളം ഗില്‍ കളിക്കാന്‍ സാധ്യതയില്ല. ട്വന്റി20 ടീമിലേക്ക് ഒരിടവേളയ്ക്ക് ശേഷമാണ് ഗില്‍ തിരിച്ചെത്തിയത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന്റെ ഓപ്പണര്‍ സ്ഥാനത്തിനും ഭീഷണി ഉയര്‍ന്നു. സഞ്ജുവിനെ അഞ്ചാമനായി കളിപ്പിച്ചേക്കുമെന്നും ഗില്‍ ഓപ്പണറാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.