മുംബൈ: ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടത്തിന് ആവേശം പകരാന്‍ പ്രമോഷന്‍ വിഡിയോ ഇറക്കിയ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിനു നേരെ കടുത്ത വിമര്‍ശനം. ഏഷ്യാ കപ്പിന്റെ ഔദ്യോഗിക സംപ്രേക്ഷണ പങ്കാളിയായ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് സെപ്റ്റംബര്‍ 14നു നടക്കുന്ന ഇന്ത്യ പാക്ക് പോരാട്ടത്തിന് മുന്നോടിയായി ആവേശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ വിഡിയോയ്ക്കാണ് വിമര്‍ശനം. മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പ്രമോഷന്‍ വീഡിയോ പുറത്തുവന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി, മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ് തുടങ്ങിയവരാണ് പ്രമോയില്‍ ഉള്ളത്. ഏപ്രില്‍ 23നു നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് മുറവിളിയുണ്ട്. ഇതിനിടെയാണ് സോണി നെറ്റ്വര്‍ക്ക് പ്രമോഷന്‍ വിഡിയോ ഇറക്കിയത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കനത്തത്.

ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ബിസിസിഐക്കും സേവാഗിനും നേരെയും വിമര്‍ശനമുണ്ട്. സോണി ലിവ്, ബഹിഷ്‌കരിക്കുക, ഏഷ്യ കപ്പ് ബഹിഷ്‌കരിക്കുക തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും മാത്രമുള്ള കായിക ചാംപ്യന്‍ഷിപ്പുകള്‍ ഇനിയുണ്ടാവില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

അതേസമയം, അടുത്ത മാസം യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം ഇതില്‍ ഉള്‍പ്പെടില്ലെന്നും കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. രണ്ടിലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുമായി മത്സരിക്കുന്നതിനു തടസ്സങ്ങളില്ല. രാജ്യാന്തര ഒളിംപിക് നിയമങ്ങള്‍ അനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.